കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ?
ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്?
ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്തോ?
അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ?
ഞങ്ങൾ വാക്കുകൊണ്ടെങ്കിലും നിങ്ങൾക്കെതിരെ പോരിന് വന്നോ?
ഞങ്ങൾ നിങ്ങളെ വെല്ലുവിളിച്ചോ?
ഞങ്ങൾ കേരള മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെയോ മുമ്പത്തെയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങൾക്കോ, അദ്ദേഹത്തിന്റെ ഓഫിസിലെയോ പാർട്ടിയിലെയോ ഏതെങ്കിലും അംഗങ്ങൾക്കോ സ്റ്റാഫിനോ എതിരായി എന്തെങ്കിലും ആരോപണം ഉന്നയിച്ചോ?
ഞങ്ങൾ മുഖ്യമന്ത്രിയേയൊ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ അപമാനിക്കുകയോ, അവർക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്തോ?
ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും ആരോപണവും ഉന്നയിക്കാനും, ഞങ്ങളുടെ ജീവിതത്തെയും ജീവിതാന്തസ്സിനേയും അവഹേളിക്കാനും നിങ്ങൾക്കു എന്ത് ന്യായീകരണമാണ് ഉള്ളത്? ഞങ്ങൾ പതിവുപോലെ, സമൂഹത്തിന്റെ മുഖ്യധാരയിലും പാർശ്വങ്ങളിലുമുള്ള മനുഷ്യർക്ക് ഞങ്ങളാലാവുന്നവിധം നന്മചെയ്തു ശാന്തമായി ജീവിക്കുന്നു! ഇതിൽ എന്താണ് അപമാനകരമായി ഉള്ളത്?
ഇതിൽ, എന്താണ് നിയമവിരുദ്ധമായോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയോ സമൂഹത്തിന്റെ സുസ്ഥിതിക്കു കോട്ടംതട്ടുന്നതായോ ഉള്ളത്?
ഇങ്ങനെയൊന്നും ഇല്ലെങ്കിൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് തെളിഞ്ഞ മനഃസ്സാക്ഷിയോടെ ചോദിക്കട്ടെ, എന്തുകൊണ്ടാണ് അങ്ങയുടെ സർക്കാരിന്റെ അറിവോടെയും പ്രോത്സാഹനത്തോടെയും ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്? അതിനെതിരെ ഞങ്ങൾ, പ്രതിഷേധവും ദുഖവും അറിയിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങയുടെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തത്?
ദയവുചെയ്ത്, അവഹേളനവും പ്രകോപനവുമായി ഞങ്ങളുടെ പിന്നാലെ കക്കുകളിയുമായി വരരുത് എന്ന് അങ്ങ് കേരളത്തിന്റെ സാംസ്കാരിക വകുപ്പിനും, ആലപ്പുഴയിലെ പാർട്ടി പ്രവർത്തകർക്കും നിർദേശം നൽകണം. ഞങ്ങളെയും ഞങ്ങളുടെ ജീവിതാന്തസ്സിനേയും പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രസ്തുത നാടകത്തിനെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും അത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
നാടകവുമായി ഏതെങ്കിലും രാഷ്ട്രീയ സംഘടനകൾ മുന്നോട്ടുപോവുകയാണെങ്കിൽ, ഞങ്ങൾ നിയമപരമായ നടപടി സ്വീകരിക്കാൻ നിർബന്ധിതരായിതീരും എന്ന് വിനീതമായി അറിയിക്കട്ടെ…
വോയ്സ് ഓഫ് നൺസ് പ്രതികരിക്കുന്നു