തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ മകനെ കൈ ഉയർത്തി അനുഗ്രഹിച്ചു.

ടൈൽസ് െതാഴിലാളിയായ കുറ്റിക്കാട്ട് റാഫേലിന്റേയും മേഴ്സിയുടേയും മകനാണ് ഫാ. ഷിജോ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കുടുംബത്തിന്റെ സ്വപ്നസാക്ഷാത്കാരമായ പൗരോഹിത്യത്തിന്റെ പടിവാതിലിൽ എത്തിയപ്പോഴാണ് മാതാപിതാക്കളെ കോവിഡ് ബാധിച്ചത്. ചടങ്ങിനായി മാസങ്ങൾക്കു മുൻപേ ഒരുങ്ങിയിരിക്കുകയായിരുന്നു ഇവർ. എങ്കിലും ചടങ്ങ് പിന്നീടത്തേക്ക് മാറ്റിവെയ്ക്കണ്ട എന്ന ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിചേരുകയായിരിന്നു. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് കാർമികത്വം വഹിച്ചു. സി.എം.ഐ. കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ, റെക്ടർ ഫാ. ജോയ് അറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. മാതാപിതാക്കളെ കൂടാതെ വിദേശത്തുള്ള ഏക സഹോദരൻ ഷിന്റോയ്ക്കും കോവിഡ് നിരീക്ഷണത്തിലായതിനാൽ സഹോദര ഭാര്യ നിഭ്യയ്ക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരിന്നില്ല. അധികം വൈകാതെ ഉറ്റവരുടെ ഒപ്പം ബലിയര്‍പ്പിയ്ക്കാമെന്ന പ്രതീക്ഷയിലാണ് നവവൈദികന്‍.

നിങ്ങൾ വിട്ടുപോയത്