സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഇത് ഉദ്വേഗത്തിൻ്റെ നിമിഷങ്ങളാണ്. ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ പേരിൽ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കോടതിയിൽ നേരിട്ടു വന്ന് വിചാരണ നേരിടണമോ വേണ്ടയോ എന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാനും ദിവസത്തിനുളളിൽ വിധി പ്രസ്താവിക്കും. വാദം പൂർത്തിയായി, വിധി പ്രസ്താവനയ്ക്കായി സുപ്രീം കോടതി തയ്യാറെടുക്കുമ്പോൾ ഈ സഭയെ സ്നേഹിക്കുന്നവരും ഈ വിഷയത്തെ വിദൂരത്തു നിന്നു വീക്ഷിക്കുന്നവരുമെല്ലാം ഒരുപോലെ ആകാംഷാഭരിതരായി വിധിവാചകത്തിനായി കാതോർക്കുകയാണ്.
ഇരുപത്തിനാല് വ്യക്തി സഭകളുടെ (24 sui iuris churches) കൂട്ടായ്മയായ പരിശുദ്ധ കത്തോലിക്കാ സഭയിൽ ഏറ്റവും ഊർജ്ജസ്വലവും പ്രവർത്തനനിരതവും വിശ്വാസസാക്ഷ്യം ഉയർത്തിപ്പിടിക്കുന്നതുമായ സ്വയംഭരണാധികാരമുള്ള സഭയാണ് സീറോ മലബാർ സഭ. ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 35 രൂപതകളും പതിനായിരത്തോളം വൈദീകരും അമ്പത് ലക്ഷത്തോളം വിശ്വാസികളും സഭയിലുണ്ട്.
ഒന്നാം നൂറ്റാണ്ടു മുതൽ ഭാരതമണ്ണിൽ നിലനിൽക്കുന്ന ഈ സഭയെ നയിക്കുന്നതിനായി ഈശോ മശിഹായുടെ അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രന്മാർ തെരഞ്ഞെടുത്ത സഭാതലവനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അദ്ദേഹം ഒരു കുറ്റവാളിയായി കോടതിറൂമിൽ നിൽക്കുന്നതു കാണണമെന്നു താൽപര്യപ്പെട്ടു ചിലർ അദ്ദേഹത്തേ എപ്രകാരമാണ് കുറ്റാരോപിതനായി സഭയിലും സമൂഹത്തിലും ചിത്രീകരിച്ചത് എന്നാണ് ഒന്നാമതായി പരിശോധിക്കേണ്ടത്. അതോടൊപ്പം, മാർ ആലഞ്ചേരിയേ കോടതി വ്യവഹാരങ്ങളിലേക്കു വലിച്ചിഴച്ചത് ആരാണെന്നതും കുറ്റങ്ങൾ എന്തായിരുന്നു എന്നും പരിശോധിക്കേണ്ട വിഷയമാണ്.
കത്തോലിക്കാ സഭയുടെ കീഴിൽ ലോകത്തെല്ലായിടത്തും എന്ന പോലെ ഇന്ത്യയിലും കേരളത്തിലുമുള്ള എല്ലാ രൂപതകളിലും സർവ്വസാധാരണമായി നടക്കാറുള്ള ഒരു ക്രയവിക്രയം മാത്രമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമി വിൽപ്പന. ഇതിനേ വലിയൊരു കുറ്റകൃത്യമായി ആലഞ്ചേരി പിതാവിന്റെ മേൽ ആരോപിച്ചത് പിതാവ് മേലധ്യക്ഷൻ ആയുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ ഏതാനും ചില പുരോഹിതന്മാരാണ്. അതിരൂപതയുടെ അധ്യക്ഷനായ മാർ ആലഞ്ചേരിയെ സഹായിക്കുവാനായി സഭ അഭിഷേകം ചെയ്തു നിയമിച്ച രണ്ടു സഹായമെത്രാന്മാരുടെ എല്ലാവിധ ആശീർവാദവും പിന്തുണയും ഈ പുരോഹിതന്മാർക്ക് ഉണ്ടായിരുന്നു എന്നത് പിൽക്കാല സംഭവങ്ങൾ സാക്ഷ്യം നൽകുന്നു.
എറണാകുളം- അങ്കമാലി അതിരൂപത ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി ഇരുപത്തിമൂന്ന് ഏക്കർ സ്ഥലം ബാങ്ക് ലോൺ എടുത്തു വാങ്ങിയതും, ഈ കടം തീർക്കുന്നതിനായി മൂന്നു ഏക്കർ സ്ഥലം അഞ്ചു പ്ലോട്ടുകളിലായി വിൽപ്പന നടത്തുവാൻ കാനോനിക സമിതികളിൽ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പാക്കിയതിന്റെയും സത്യസന്ധമായ രേഖകൾ അതിരൂപതയിൽ ഉണ്ട്. ഈ സ്ഥലം വിൽപ്പനയിൽ അതിരൂപതക്ക് ലഭിക്കുവാനുള്ള മുഴുവൻ പണവും സമയത്ത് ലഭിച്ചില്ല എന്നറിഞ്ഞ മാർ ആലഞ്ചേരി, ഇടനിലക്കാരനോട് ഈട് ആവശ്യപ്പെട്ടു. പണം പൂർണമായി നൽകിക്കഴിയുമ്പോൾ ഈടു നൽകിയ വസ്തു തിരികെ നൽകാം എന്നതായിരുന്നു വ്യവസ്ഥ. ഇതിൻ പ്രകാരം 42 ഏക്കറോളം സ്ഥലം അതിരൂപതയ്ക്കു വേണ്ടി ഇടനിലക്കാരൻ ആധാരം ചെയ്തു നൽകി, എന്നാൽ വ്യവസ്ഥ പ്രകാരം പണം ലഭിക്കാതെ വന്നപ്പോൾ ഈ 42 ഏക്കർ ഭൂമി അതിരൂപതയ്ക്ക് സ്വന്തമാവുകയും ചെയ്തു.
വസ്തുതകൾ ഇതായിരിക്കെ സഭാതലവനും തങ്ങളുടെ മേലാധ്യക്ഷനുമായ മെത്രാപ്പോലീത്തക്കെതിരായി മനഃസാക്ഷി മരിച്ച കുറെ പുരോഹിത വേഷധാരികളും ദൈവഭയം നഷ്ടപ്പെട്ട കുറെ അൽമായരും സംഘടിച്ച് ദുരാരോപണങ്ങൾ ഉന്നയിച്ച് രംഗത്തു വന്നു. മെത്രാപ്പോലീത്ത “ആരോടും ആലോചിക്കാതെ അതിരൂപതയുടെ വസ്തുക്കൾ വിറ്റുതുലച്ചു, പണം ദുരുപയോഗം ചെയ്തു” എന്ന ഇവരുടെ കുപ്രചാരണം സഭാവിരുദ്ധ ശക്തികൾ എല്ലാം ഒന്നടങ്കം ഏറ്റെടുത്തു. വിരമിച്ചവരും അല്ലാത്തവരുമായ ചില മെത്രാന്മാരും വിശ്രമജീവിതം നയിക്കുന്ന പുരോഹിതന്മാരും അടുത്തൂൺപറ്റിയ ചില ന്യായാധിപന്മാരും ഉൾപ്പെടെയുള്ളവർ ഇത്തരം കുപ്രചാരണങ്ങൾക്ക് ഊർജ്ജം പകർന്ന് കൂടെ നിന്നു.
മാധ്യമവിചാരണയും അന്തിച്ചർച്ചകളും പൊടിപൊടിച്ചു, ആലഞ്ചേരി പിതാവിനേയും സീറോ മലബാർ സഭയേയും സമൂഹത്തിൽ അവഹേളിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു. KPMG എന്ന ഓഡിറ്റിംഗ് കമ്പനിയുടെ പഠനവും അൽമായ സമരവും പുരോഹിതരുടെ നിരാഹാരവും ഒരു പരിഹാസി പട്ടക്കാരൻ നടത്തിയ കട്ടിൽ സമരവുമെല്ലാമായി അതിരൂപതയിൽ അന്തരീക്ഷം കലുഷിതമായി.
ആലഞ്ചേരി പിതവിനെതിരേയുള്ള ആരോപണങ്ങൾക്ക് സത്യത്തിൻ്റെ പരിവേഷം നൽകാൻ, ഭൂമി ഇടപാടിലൂടെ താൻ അവിഹിതമായ സമ്പാദിച്ച പണം വിവിധയിടങ്ങളിൽ നിക്ഷേപിച്ചു എന്നതിന് തെളിവു നൽകാൻ മൂന്നോളം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം ക്രിമിനലുകൾ ചേർന്ന് ”രേഖകളും ഡോക്യുമെൻ്റുകളും” ഉണ്ടാക്കി. ഇവയെല്ലാം വ്യാജമാണെന്ന് കേരള പോലീസ് പിന്നീട് അന്വേഷിച്ച് കണ്ടെത്തി. എറണാകുളത്തെ ഒരു വിഭാഗം വൈദികരിൽ വ്യാപരിക്കുന്ന പൈശാചികതയുടെ ബീഭത്സരൂപം കണ്ട് കേരളത്തിലെ മുഴുവൻ ക്രൈസ്തവരും ഞെട്ടി, വ്യാജരേഖക്കേസിലെ പ്രതികളെല്ലാം ഇപ്പോൾ ക്രിമിനൽ നടപടി ചട്ടങ്ങൾ പ്രകാരമുള്ള കോടതി വ്യവഹാരം നേരിടുകയാണ്.
തൻ്റെ ശുശ്രൂഷാ കാലത്തൊന്നും യാതൊരു വിധത്തിലുള്ള ആരോപണങ്ങളും കേട്ടിട്ടില്ലാത്ത ഇടയനും തിരുസഭയിൽ ഉന്നതമായ ഒരു ശുശ്രൂഷസ്ഥാനം നിർവഹിക്കുന്ന ശ്രേഷ്ഠസ്ഥാനീയനുമായ വ്യക്തിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുവാൻ ഒരു പറ്റം പുരോഹിതന്മാർക്ക് എങ്ങനെ സാധിച്ചുവെന്നത് അനേകർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇങ്ങനെയുള്ളവർ പൗരോഹിത്യത്തിലേക്ക് കടന്നുവരുന്നത് എങ്ങിനെയാണ് തടയേണ്ടതെന്നും സഭ അതീവ ഗൗരവമായി ചിന്തിക്കേണ്ട സമയംകൂടിയാണിത് എന്ന് ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.
എറണാകുളം അങ്കമാലി അതിരൂപതയിലെ ക്രിമിനൽ മനസുള്ള വിമത പുരോഹിതന്മാർ പറഞ്ഞുപരത്തുന്ന അറുപതു വർഷത്തെ പാരമ്പര്യകഥകളും വ്യർത്ഥമായ പ്രാദേശികവാദവും കേട്ട് അവരോടൊപ്പം കൂടിയ പുരോഹിതരിൽ പലർക്കും ഭൂമിയിടപാടിലെ ആരോപണങ്ങൾ എല്ലാം വെറും കള്ളത്തരങ്ങൾ മാത്രമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ട്. അതിനാൽ ഭൂമിയിടപാട് ഇന്ന് അവർക്കൊന്നും ഒരു ചർച്ചാ വിഷയമേ അല്ല. വിമത വൈദീകരേ കൂടെ നിറുത്തി സഭയിൽ വിഭാഗീയതയുടെ വ്യാപ്തി വർദ്ധിപ്പിക്കുവാനും എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രാദേശിക വാദങ്ങൾക്ക് ശക്തി പകരുവാനും ഇന്ന് വിശുദ്ധ കുർബാനയേയും വിശുദ്ധ അൾത്താരയേയുമാണ് ഇക്കൂട്ടർ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.
ആലഞ്ചേരി പിതാവിനെതിരെയുള്ള സ്വകാര്യപരാതിയുടെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി നിൽക്കുമ്പോൾ, ക്രിമിനൽ നിയമങ്ങൾ അറിയാവുന്ന. ഒരു അഭിഭാഷകൻ പങ്കുവച്ച ഒരു കാര്യം കൂടെ ഇവിടെ വ്യക്തമാക്കട്ടെ; ക്രിമിനൽ നടപടി ക്രമം 210 (CrPC 210) അനുസരിച്ചു, ഒരു വ്യക്തിക്കെതിരായി ഒരു സ്വകാര്യ പരാതി മാജിസ്ട്രേറ്റ് കോടതിയിൽ വരുന്നപക്ഷം, ആ വ്യക്തിക്കെതിരെ അതേ വിഷയത്തിൽ പോലീസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിൽ, ആ വിവരം മജിസ്ട്രേറ്റിനെ അറിയിക്കുന്ന മുറക്ക് സ്വകാര്യ പരാതിയിലെ നടപടികൾ മജിസ്ട്രേറ്റ് നിർത്തിവച്ച്, പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വരുത്തി, അതനുസരിച്ചു വേണം തുടർനടപടികൾ സ്വീകരിക്കേണ്ടത് എന്നാണ്. കാക്കനാട് മജിസ്ട്രേറ്റ് കോടതി ആലഞ്ചേരി പിതാവിന് ഒന്നിന് പുറകെ ഒന്നായി ഏഴു സമ്മൻസുകൾ അയച്ച സമയത്ത്, പിതാവിനെതിരെ മറ്റു വ്യക്തികൾ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ടു പരാതികളിൽ പോലീസ് അന്വേഷണം നടന്നു വരികയായിരുന്നു. ഈ രണ്ട് അന്വേഷണങ്ങളിലും അതിരൂപതയുടെ ഭൂമിവില്പനയിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. ഈ അന്വേഷണങ്ങളെ സംബന്ധിച്ച് പിതാവിന്റെ അഭിഭാഷകർ കാക്കനാട് കോടതിയിൽ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നെങ്കിൽ, ഇപ്പോൾ സുപ്രീം കോടതിയിൽ വിധി കാത്തുനിൽക്കുന്ന കേസുകൾക്ക് കാക്കനാട് കോടതിയിൽ തന്നെ ശുഭപര്യവസാനം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മെത്രാപ്പോലീത്തയ്ക്ക് എതിരേയുള്ള വ്യാജ ആരോപണങ്ങളിൽ തുടങ്ങി അഞ്ചു വർഷങ്ങൾ കൊണ്ട് ഏകീകൃത കുർബാന വിഷയത്തിൽ സമരവും സംഘർഷവുമായി എറണാകുളത്തെ വിമതസംഘം പരിഹാസികളായി നിൽക്കുമ്പോൾ, നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട്: ദൈവം തന്റെ പ്രിയപ്പെട്ട മക്കളുടെ വിശ്വാസകൂട്ടായ്മയായ സീറോ മലബാർ സഭയെ വിശുദ്ധീകരിക്കുവാൻ അനുവദിച്ച കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സഭയിൽ നടന്നത്.
സീറോ മലബാർ സഭയുടെ വിശുദ്ധീകരണത്തിനായി ആലഞ്ചേരി പിതാവിനെ ദൈവം തിരഞ്ഞെടുത്ത് ഈ സഹനങ്ങൾ ഏൽപിക്കുകയായിരുന്നു. ഈശോയെ പോലെ, തന്നോട് ദ്രോഹങ്ങൾ ചെയ്തവരോട് മറുത്തൊന്നും പറയാതെ ആലഞ്ചേരി പിതാവും എല്ലാം നിശബ്ദമായി സഹിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലൂടെ ദൈവമഹത്വത്തിനായി അനുഭവിക്കുന്ന വേദനകളും സഹനങ്ങളും സീറോ മലബാർ സഭയുടെ ശുദ്ധീകരണത്തിന് കാരണമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
എറണാകുളത്തെ മനഃസാക്ഷി മരിച്ച പുരോഹിത വേഷധാരികൾ ചിലരേ മുൻനിർത്തി സഭാതലവനെതിരെ കൊടുത്ത കേസുകൾ സഭയെ പൊതുവായ ചില പ്രതിസന്ധികളിലേക്കും നയിച്ചേക്കാം എന്നതും ഭാരത കത്തോലിക്കാ സഭയിലെ സകലരും അറിയണം.
ഇന്ത്യയിലെ നിലവിലുള്ള സംഘടനാ നിയമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ”അസോസിയേഷൻ ഓഫ് ദി ഫെയ്ത്ഫുൾ” (association of the faithful ) എന്ന നൈയ്യാമിക ഘടനയിലാണ് കത്തോലിക്കാ സഭ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ട്രസ്റ്റ്, സൊസൈറ്റി, കമ്പനി എന്നീ നിയമഘടനകളിൽ ഏതെങ്കിലും ഒന്നിനു കീഴിൽ രജിസ്റ്റർ ചെയ്തതാണ് മറ്റ് സഭകൾ പ്രവർത്തിക്കുന്നത്. ”അസോസിയേഷൻ ഓഫ് ദി ഫെയ്ത്ഫുൾ” എന്ന നിസ്തുല്യ പദവിയിൽ നൂറ്റാണ്ടുകളായി കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്ന സഭയ്ക്ക് തുടർന്നും ഈ പദവിയിൽ നിലനിൽക്കാൻ കഴിയുമേ എന്നതിലും സുപ്രീംകോടതി വിധിയിൽ തീർപ്പുണ്ടാകും.
സഭ ഒരു ട്രസ്റ്റ് ആണെന്നും, അതിനാൽ ട്രസ്റ്റിന്റെ നിയമങ്ങൾ അനുസരിച്ചു വേണം സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യേണ്ടത് എന്നും, സഭയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച സ്വത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്നുമൊക്ക കേരള ഹൈക്കോടതി വിധിയിൽ എഴുതിചേർത്തിരുന്നു. ഇതിനെതിരേ ബത്തേരി, താമരശ്ശേരി രൂപതകളാണ് ഹർജിയുമായി സുപ്രീം കോടതിയിൽ പോയത്.
ദൈവവുമായി ബന്ധമില്ലാത്ത എറണാകുളത്തെ വിമത പുരോഹിതന്മാർ സഭയ്ക്ക് ചെയ്യുന്ന ഇതുപോലുള്ള “സേവനങ്ങൾ” ഒരിക്കലും ആവർത്തിക്കപ്പെടില്ലെന്നും വിശ്വാസികൾ ഇനിയുള്ള കാലത്ത് ഉറപ്പാക്കണം.
നമ്മുടെ സഭയിൽ വിശ്വാസികളുടെ കൂടുതലായുള്ള പങ്കാളിത്തം ഉണ്ടാകുവാൻ ഈ വ്യവഹാരങ്ങൾ സഹായിക്കട്ടെ. വിശ്വാസികളുടെ പങ്കാളിത്തം സഭാ ഭരണത്തിൻ്റെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറായ മെൽബൺ രൂപത, അഭിനന്ദനാർഹമായ വിധത്തിൽ സഭാ ഭരണവ്യവസ്ഥിതിക്ക് പുതിയൊരു വഴിയാണ് തുറന്നിരിക്കുന്നത്.
പാരിഷ് കൗൺസിലുകളും, പാസ്റ്ററൽ കൗൺസിലുകളും കൂടുതൽ സജീവമാകണം. അൽമായ പ്രതിനിധികൾ ഉൾപ്പെടുന്ന സിനഡൽ കൗൺസിലും സീറോ മലബാർ സഭയിൽ ഉണ്ടാവണം. സഭയെ സ്നേഹിക്കുന്നവർ കഴിഞ്ഞ അഞ്ചുവർഷം അനുഭവിച്ച വേദനകളുടെ ഫലമായി ദൈവഹിത പ്രകാരമുള്ള നന്മകൾ സഭയിൽ ഉണ്ടായി എന്ന് ഈ വ്യവഹാരങ്ങൾ കാരണമാകട്ടെ.
മാത്യൂ ചെമ്പുകണ്ടത്തിൽ