കൊച്ചി: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു. കേരളത്തിലെ കാത്തലിക് എയ്ഡഡ് കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംസ്ഥാനതല സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി മാര്‍ഗനിര്‍ദേശങ്ങളുടെ മറവില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് കോളജുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന പതിനഞ്ചിലധികം പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.40 കോളജുകളില്‍നിന്ന് 60 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ജെയിംസ് ദേശീയവിദ്യാഭ്യാസ നയം2020 എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള പ്രശ്‌നവിശകലന ചര്‍ച്ചയില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ചാള്‍സ് ലിയോണ്‍ നേതൃത്വം നല്കി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, കേരള യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെവിന്‍, അഭിഭാഷകന്‍ ബാബു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കണ്‍സോര്‍ഷ്യം ഭാരവാഹികളായി റവ. ഡോ. ചാള്‍സ് ലിയോണ്‍ (ചെയര്‍പേഴ്‌സണ്‍), ഫാ. തോമസ് പാടിയത്ത് (വൈസ് ചെയര്‍പേഴ്‌സണ്‍), ഡോ. റീത്ത ലത ഡിക്കോസ്റ്റ (സെക്രട്ടറി), ഡോ. സി. ബീന ജോസ് (ട്രഷറര്‍), ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്(എക്‌സിക്യൂട്ടീവ് മെന്‌പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.

നിങ്ങൾ വിട്ടുപോയത്