പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം.

ഇഗ്നേഷ്യസ് ഗോൺസാൽവസ്

വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ ലൈബ്രറിക്കും കൈമാറി. ‘ബനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ഈ പുസ്തകം. അദ്ദേ ഹവും അദ്ദേഹത്തിന്റെ മുൻഗാമിയും മാർഗദർശിയുമായ പോപ്പ് ജോൺ പോൾ രണ്ടാമനും തമ്മിലുള്ള സ്ഥായിയായ യോജിപ്പിന്റെ ഒരു സാക്ഷ്യം കൂടിയാണ്.

ചരിത്രപ്രധാനമായ രണ്ടാം വത്തിക്കാൻ സുന്നഹദോസ് മുതൽ പാപ്പായുടെ മരണംവരെ ഈ സഖ്യം തുടർന്നു. എന്താണ് ഈ കൂട്ടുകെട്ടിന്റെ സ്വാധീനം? ഉത്തരമിതാണ്; മൂന്നാം സഹസ്രാബ്ദത്തിനായുള്ള ഒരു ബദൽ ധാർമിക ചിന്തയുടെ ശക്തമായ അടിത്തറ നിലവിൽ വന്നു.

ഇന്നത്തെ ലോകക്രമത്തിൽ ശരിയേത് തെറ്റേത് എന്നതിനെക്കുറിച്ച് സുവ്യക്തമായൊരു ധാരണയുള്ള, ആഴമുള്ള ധിഷണാശക്തിക്കുടമയായ ശാന്തനായൊരു മനുഷ്യൻ എന്നതാണ് പോപ്പ് ബനഡിക്ട് പതിനാറാമനെക്കുറിച്ച് നമുക്കുള്ള അറിവ്. ഈ പണ്ഡിതശ്രേഷ്ഠൻ എന്നെങ്കിലും വത്തിക്കാൻ ഭരണാധികാരിയും കത്തോലിക്കരുടെ തലവനും ആകുമെന്ന് മുൻഗാമിയുടെ വാഴ്ചക്കാലത്ത് ആരും ചിന്തിച്ചിരുന്നില്ല. മാധ്യമങ്ങൾക്ക് പ്രിയങ്കരനെങ്കിലും യാഥാസ്ഥികൻതന്നെയായിരുന്നു. ജോൺ പോൾ രണ്ടാമന്റെ പിന്നിൽ ഈ ജർമൻ ബുദ്ധികേന്ദ്രമാണ് ഉണ്ടായിരുന്നത് എന്നതൊരു തുറന്ന രഹസ്യമായിരുന്നുവല്ലോ. ഈ രണ്ട് മഹാന്മാരും തമ്മിൽ വളരെ ഹൃദയപൂർവമായ, എന്നാൽ തികച്ചും വിശ്വസ്തമായൊരു ബന്ധം ഉണ്ടായിരുന്നുവെന്നും മുൻ പോപ്പിന്റെ വമ്പിച്ച വിജയത്തിനുപിന്നിലുള്ള രഹസ്യം അതായിരുന്നുവെന്നും ഈ ജീവചരിത്രം വെളിപ്പെടുത്തുന്നു.

‘പ്രണത ബുക്സ് 2006ൽ പ്രസിദ്ധീകരിച്ച “ബനഡിക്ട് പതിനാറാമൻ” പുസ്തകത്തിന് സ്വാമി അഗ്നിവേശ് അവതാരികയിൽ കുറിച്ച വാചകങ്ങൾ.

അദ്ദേഹത്തിന്റെ അവതാരിക തുടരുന്നു:അടുത്തകാലത്ത് നടന്ന സംഭവങ്ങളിൽ ‘മാധ്യമ ഹിറ്റ്’ ആയ രണ്ടെണ്ണം ചൂണ്ടിക്കാട്ടാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ എടുത്തുവെക്കുന്നത് കാലം ചെയ്ത പോപ്പ് ജോൺ പോൾ രണ്ടാമന്റെ ശവസംസ്കാരവും പുതിയ പാപ്പായുടെ തെരഞ്ഞെടുപ്പും ആയിരിക്കും. രണ്ടുസംഭവങ്ങളിലും ഒരുമനുഷ്യൻ സുപ്രധാന പങ്കുവഹിച്ചു. ആദ്യത്തേതിൽ ശവസംസ്കാരച്ചടങ്ങുകളുടെ മുഖ്യസൂത്രധാരനായുംഹൃദയസ്പൃക്കായൊരു വിട വാങ്ങൽ പ്രഭാഷണം നടത്തിയും ഏതാനും ദിവസം കഴിഞ്ഞ് രണ്ടാമത്തെതിൽ സ്ഥാനാരോഹണത്തിലെ കേന്ദ്രകഥാപാത്രമായി പാപ്പാസ്ഥാനം ഏറ്റെടുത്തുകൊണ്ടും. ആരാണ് വ്യക്തിയെന്ന് നമുക്കെല്ലാം അറിയാം; പോപ്പ് ബനഡിക്ട് പതിനാറാമനായി പരിണമിച്ച കർദ്ദിനാൾ ജോസഫ് റാറ്റ് സിംഗർ.

ഈ രണ്ട് സംഭവങ്ങളെയും വേണമെങ്കിൽ ഒരു മതത്തിലെ ആന്തരിക പ്രക്രിയകൾ മാത്രമായി കാണാൻ കഴിയും. പക്ഷേ, ശരിക്കും അവ അങ്ങനെയായിരുന്നില്ല. ലോകം മുഴുവൻ ആ ദിവസങ്ങളിൽ ടി.വിക്കു ചുറ്റുമിരുന്നതെന്തുകൊണ്ട്? സാധിക്കുന്നവരൊക്കെ നേരെ സംഭവസ്ഥലമായ റോമിലേക്കു പോയതെന്തുകൊണ്ട്? പാപ്പാ സ്ഥാനം സംബന്ധിച്ച കാര്യങ്ങളിൽ ഇക്കാലത്ത് എന്തേയിത്ര താൽപ്പര്യം? കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ജോൺ പോൾ രണ്ടാമനെയും പിൻഗാമി ബനഡിക്ട് പതിനാറാമനെയും ലോകജനത ഒന്നാകെ എന്തുകൊണ്ട് ശ്രദ്ധിക്കുന്നു? കാരണമിതാണ്.

ഇന്നത്തെ ലോകത്തിൽ വളരെയേറെ ക്ഷാമമുള്ള ചില സംഗതികളെ ഇവർ പ്രതിനിധാനം ചെയ്യുന്നു. മാത്രമല്ല, ഈ അസുലഭ സംഗതികളില്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ലെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

നേരിന്റെ അനുയാത്രികൻ എന്ന ആപ്തവാക്യമാണ് ബനഡിക്ട് പതിനാറാമൻ സ്വീകരിച്ചത്. ലോകത്തുണ്ടായ മാറ്റങ്ങൾ പ്രത്യേകിച്ച് വിവരസാങ്കേതിക രംഗത്ത്, അദ്ദേഹം അതിവേഗം ഉൾക്കൊണ്ട് തന്റെ അജപാലന ദൗത്യം നിർവഹിച്ചു. യൂട്യൂബും ട്വിറ്ററും ആദ്യമായി ഉപയോഗിക്കുന്ന പോപ്പ് എന്ന ചരിത്രവും അദ്ദേഹം കുറിച്ചു. വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.പത്രപ്രവർത്തകന്റെ സൂക്ഷ്മദർശനം, ചരിത്രകാരന്റെ അന്വേഷണപരത, വിശ്വാസിയുടെ പ്രതിബദ്ധത ഇവ ഈ പുസ്തകത്തിന്റെ അടിസ്ഥാനശിലകളാണ്. വിശദമായ അടിക്കുറിപ്പുകളോടെ 272 പേജുകൾ ഉള്ള “ബനഡിക്ട് പതിനാറാമൻ” പുസ്തകം ഇഗ്നേഷ്യസ് ഗോൺസാൽവസിന്റെ രചനകളിൽ ഏറ്റവും ശ്രദ്ധേയമായതാണ്.

അവസാനത്തെ അധ്യായത്തിൽ ഗോൺസാൽവസ് ഇങ്ങനെ കുറിക്കുന്നു:’സ്ഥാനാരോഹണത്തിനിടെ പരിശുദ്ധപിതാവ് നടത്തിയ പ്രൗഢഗംഭീര മായ പ്രസംഗം ലോകത്തിന്റെ ഹൃദയം കവരുക തന്നെ ചെയ്തു. ആപേക്ഷികതയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ നിന്ന് സ്വരത്തിലും സമീപനത്തിലും ഉള്ളടക്കത്തിലും വളരെ ഭിന്നമാണല്ലോ ഇതെന്ന് ലോകം അദ്ഭുതം കൂറി. വിശേഷിച്ചും ബനഡിക്ട് പതിനാറാമന്റെ വിമർശകർ. തന്റെ ഇഷ്ടം നടപ്പാക്കുകയോ തന്റെ ആശയങ്ങൾ പിൻചെല്ലുകയോ ആവില്ല എന്ന്, തന്റെ ലക്ഷ്യമെന്ന് പരിശുദ്ധപിതാവ് പറഞ്ഞു. “മറിച്ച്, സഭയോടൊപ്പം കർത്താവിന്റെ സ്വര ത്തിന് കാതോർത്ത് അവിടത്തെ തിരുച്ചിത്തം നടപ്പാക്കുകയാവും എന്റെ ഭരണപരിപാടി.”ഓർക്കാപ്പുറത്തു പലതും ബനഡിക്ട് പതിനാറാമന്റെ വാഴ്ചയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയാകും അദ്ദേഹം ഈ അദ്ഭുതങ്ങൾ സംഭവമാക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഗോൺസാൽവസിന്റെ വാക്കുകൾ സത്യമായി.

2013 ഫെബ്രുവരി 28ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷസ്ഥാനം രാജിവെച്ചുകൊണ്ട് പോപ്പ് ബനഡിക്ട് പതിനാറാമൻ ലോകത്തെ ഞെട്ടിച്ചു. ആറ് ശതാബ്ദങ്ങൾക്കു ശേഷം രാജിവച്ച ഒരു പോപ്പ് കത്തോലിക്കാ സഭയിൽ 2013ൽ ജനിച്ചു. ബനഡിക്ട് പതിനാറാമൻ തുടർന്ന് നയിച്ച ജീവിതം അത്ഭുതം തന്നെയാണ്. അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോൾ ആ വലിയ ഇടയന്റെ ജീവിതം അടുത്തറിയാൻ ഇഗ്നേഷ്യസ് ഗോൺസാൽവസിന്റെ “ബനഡിക്ട് പതിനാറാമൻ” സഹായകരമാകും.

ഷാജി ജോർജ്

Pope Emeritus Benedict the Sixteenth leaves behind a hallowed legacy that has the potential to inspire, purify and sanctify. His abdication of spirituality will be studied, praised, and even emulated in the years to come. It requires superhuman courage and humility to do such an act of Faith.

If only the Power-hungry had taken a cue from Papa Benedict, much of the problems in the Church could have been solved long ago, even in India. It was divine providence, Shaji George and PRANATHA books that made me the first author of Benedict’s biography in any Indian language. Benedict the Sixteenth, my book in Malayalam is still rated as “the most authentic”.Remember, it was published in the first year of his pontificate! My only regret is that I didn’t bring out an English version, though it was easily possible. Swamy Agnivesh who wrote the Foreward as he didn’t know not a word of Malayalam, wanted elaborate notes in English chapter by chapter and I did it.

Bishop Dr. Alex Of the diocese of KANNUR, then Father Alex, working in the CBCI as secretary of the Commission for health care services, was the postman between us .If only I had preserved those notes !

Mea culpa!

Ignatius Gonsalves

നിങ്ങൾ വിട്ടുപോയത്