പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌. ശാന്തമായതും ലളിതവുമായ ജീവിതം, പക്ഷെ നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള ആഴമേറിയ പ്രതിജ്ഞാബദ്ധത വേറിട്ടു നിറുത്തുന്ന ഒരു വിശുദ്ധ ജീവിതമാണ് അഭിവന്ദ്യനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം പിതാവിൻ്റേത്.

ദൈവാനുഗ്രഹത്തിൻ്റെ 75 വർഷങ്ങൾ പിന്നിട്ടപ്പോൾ തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലെ വസതിയിൽ നിന്നും അദ്ദേഹം സ്വയം പടിയിറങ്ങി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മേശ ഏകദേശം ശൂന്യമായിരുന്നു. എല്ലാ ചുമതലകളും തൻ്റെ സഹായ മെത്രാന് കൈമാറി കൊണ്ട് അദ്ദേഹം സെമിനാരിയിലേക്ക് മാറി താമസിക്കുകയാണ്.

ആർച്ച്ബിഷപ്പ് യഥാർത്ഥത്തിൽ കേരളത്തിലെ ലത്തീൻ സമുദായത്തിൻ്റെ മുഖവും ശബ്ദവുമായിരുന്നു. സമുദായത്തിൻ്റെ ഏകോപനത്തിനും ശക്തീകരണത്തിനും അദ്ദേഹം അഹോരാത്രം ശ്രമിച്ചു. ഭവ്യസ്മരണാർഹനായ ആർച്ച്ബിഷപ്പ് ഡാനിയേൽ പിതാവിനൊപ്പം കെ ആർ എൽ സി സി പണിതുയർത്തി. സമുദായം സ്നേഹം നിറയുന്ന ഹൃദയത്തോടെനന്ദി പറയുകയാണ്.

വ്യക്തിപരമായ എന്നെ പോലെയുള്ള അല്മായ പ്രവർത്തകർക്കും പ്രചോദനവും ഉത്തേജനവും നല്കാൻ ശ്രമിച്ചിരുന്നു. അല്മായ നേതൃത്വത്തിന് അവസരവും പിന്തുണയും നല്കി മുന്നോട്ടു നയിച്ചു.

നന്ദി പിതാവേ…അങ്ങയുടെ പ്രതീക്ഷകളുടെ സഫലീകരണത്തിനും സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനും കൂടുതൽ ആർജ്ജവത്തോടെ ഞങ്ങൾ മുന്നോട്ടു നീങ്ങും.

അങ്ങേയ്ക്ക് സർവ്വ മംഗളങ്ങളും ആയുരാരോഗ്യവും പ്രാർത്ഥനകളോടെ നേരുന്നു!

Jude Arackal

നിങ്ങൾ വിട്ടുപോയത്