രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ് ആരോപണം.

ധ്യാനഗുരുക്കന്മാരുടെ ആഹ്വാനം ഞാൻ വ്യക്തിപരമായി സ്വീകരിക്കുന്നില്ല എന്ന് ആദ്യമേ തുറന്നു പറയട്ടെ. കാരണം, അത് സ്വീകരിക്കാൻ എനിക്ക് ഒരു ബാധ്യതയും ഇല്ല. സഭ അഭിമുഖീഭവിക്കുന്ന ഗുരുതരങ്ങളായ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുള്ള ഞാൻ എൻ്റെ രീതിയിൽ സഭയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ട്. വ്യക്തിഗതവെളിപാടുകൾ അനുസരിക്കാൻ ഒരു ക്രൈസ്തവനും കടപ്പെട്ടിട്ടില്ല. എനിക്കു ബോധ്യമില്ലാത്ത കാര്യം ചെയ്യാൻ എനിക്ക് ബാധ്യതയില്ല.
പക്ഷേ, ധ്യാനഗുരുക്കന്മാർക്ക് തങ്ങളുടെ ആത്മീയാനുഭവങ്ങളും ബോധ്യങ്ങളും ശരിയായ രീതിയിൽ ജനങ്ങളെ ധരിപ്പിക്കുന്നതിനോ ശരിയായ കാര്യങ്ങൾക്കായി അവരെ ആഹ്വാനം ചെയ്യുന്നതിനോ പൂർണമായ അവകാശമുണ്ട്. ജനത്തെ ഭയപ്പെടുത്തിയോ ശിക്ഷ പ്രവചിച്ചോ ശാപം ഉച്ചരിച്ചോ സ്ഥാപിത താല്പര്യങ്ങളോടെയോ അത്തരം കാര്യങ്ങൾ ചെയ്യാൻ ആരും ശ്രമിക്കരുത് എന്നേയുള്ളൂ. മാത്രമല്ല, മനുഷ്യരുടെ ജീവൽപ്രശ്നങ്ങളിൽ പലപ്പോഴും ഫലപ്രദമായി ഇടപെടുന്നവരും ആണ് അവർ.
*ദൈവശാസ്ത്രവും ആത്മീയാനുഭവങ്ങളും*

സഭയിലെ ബുദ്ധിജീവികൾ എന്നു കരുതപ്പെടുന്ന ചിലരാണ് ധ്യാനഗുരുക്കന്മാരുടെ പ്രാർത്ഥനാഹ്വാനത്തെ മുഖ്യമായും എതിർക്കുന്നത്. ഇത്തരം വിവാദങ്ങൾ നമ്മുടെ മുന്നിൽ ഉയർത്തുന്ന മുഖ്യമായ ചോദ്യം ആത്മീയാനുഭവങ്ങൾക്കും ബോധ്യങ്ങൾക്കും സഭയിൽ സ്ഥാനമുണ്ടോ എന്നതാണ്.
സഭയെ പരിശുദ്ധാത്മാവു നയിക്കുന്ന മൂന്നു മാര്‍ഗങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ ‘ദേയീ വെര്‍ബും’ 8-ാം ഖണ്ഡികയില്‍ പ്രതിപാദിച്ചിരിക്കുന്നു: (1) വിശ്വാസികളുടെ മനന-പഠനങ്ങൾ; (2) ആഴമായ ആത്മീയാനുഭവങ്ങൾ; (3) സഭയിലെ പ്രബോധനാധികാരത്തിന്റെ പ്രയോഗം.
വിശ്വാസികള്‍ക്കുണ്ടാകുന്ന ആത്മീയാനുഭവങ്ങള്‍ സമ്മാനിക്കുന്ന വ്യക്തിഗത വെളിപാടുകള്‍ക്ക് സഭയിൽ നിരോധനമില്ല. മാത്രമല്ല, സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും മിസ്റ്റിക്കുകളിലൂടെയാണ് സഭയ്ക്ക് കൃത്യമായ വഴിനടത്തൽ ലഭിച്ചിട്ടുള്ളത് എന്നതാണ് യാഥാർത്ഥ്യം. സ്വകാര്യവെളിപാടുകള്‍ക്കുള്ള പ്രവാചകദൗത്യത്തെ ‘വെര്‍ബും ദോമിനി’ (ബെനഡിക്ട് പതിനാറാമൻ പാപ്പ 2010ൽ പുറപ്പെടുവിച്ച സിനഡനന്തര അപ്പസ്തോലികാഹ്വാനം) 14-ാം ഖണ്ഡിക ഏറെ ഭാവാത്മകമായി പരാമര്‍ശിക്കുന്നു.
ക്രിസ്തുവിന്റെ വെളിപാടിനെ കൂടുതല്‍ നന്നായി ഗ്രഹിക്കാനും ചരിത്രത്തിലെ പ്രത്യേക ദശാസന്ധികളില്‍ അതു ഫലപ്രദമായി ജീവിക്കാനും ചില വ്യക്തികളുടെ ആത്മീയാനുഭവങ്ങൾ വിശ്വാസികള്‍ക്ക് സഹായകമാകാം. വിവിധ സ്വകാര്യവെളിപാടുകൾ സഭയിൽ പുത്തന്‍ അത്മീയ ഊന്നലുകള്‍ പരിചയപ്പെടുത്താനും (ഉദാ. തിരുഹൃദയഭക്തി, ദൈവത്തിന്റെ കരുണ) ഭക്താഭ്യാസങ്ങളുടെ പുതിയ രൂപങ്ങള്‍ (ഉദാ. കരുണക്കൊന്ത) അവതരിപ്പിക്കാനും പഴയ രൂപങ്ങള്‍ ആഴപ്പെടുത്താനും (ഉദാ. ജപമാലയിലെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍) ഇടയാക്കിയിട്ടുണ്ട്.

ദൈവശാസ്ത്രജ്ഞന്മാരെപ്പോലെ സഭയിൽ പ്രധാനപ്പെട്ടവർ തന്നെയാണ് ധ്യാനഗുരുക്കന്മാർ. അവരുടെ പ്രബോധനങ്ങളിലും നിലപാടുകളിലും തെറ്റു വരുന്നുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്. എന്നാൽ, തങ്ങളുടെ മേഖലയിൽ അവർ വിവേകപൂർവം നടത്തുന്ന ഇടപെടലുകളെ കടന്നാക്രമിക്കുന്നത് അവിവേകമാണ്. സഭാത്മകതയാണോ അതോ വേറിട്ട സ്വരം കേൾപ്പിക്കാനുള്ള വ്യഗ്രതയാണോ തങ്ങളെ നയിക്കുന്നത് എന്ന് വിവാദക്കാർ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
അതിനാൽ, എനിക്കു പറയാനുള്ളത്, ഈ പ്രാർത്ഥനാഹ്വാനത്തിൽ ധ്യാനഗുരുക്കന്മാരെ അവരുടെ വഴിക്കു വിടുക എന്നതാണ്. താല്പര്യവും ബോധ്യവും ഉള്ളവർ അവർ പറഞ്ഞതുപോലെ പ്രാർത്ഥിക്കട്ടെ. അല്ലാത്തവർ അതു തള്ളിക്കളയട്ടെ.

ഫാ. ജോഷി മയ്യാറ്റിൽ
പ്രാർത്ഥനാഹ്വാനം കേൾക്കാത്തവർക്കായി
