ഒരിടവകയിലെ ധ്യാനം.
വചനപ്രഘോഷണം ആരംഭിച്ച ഞാൻ
മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു.

സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും.

”എന്താണെന്നറിയില്ല.
പ്രസംഗം പൂർത്തിയാക്കാനാകുന്നില്ല.
ബാക്കി സമയം അച്ചൻ മാനേജ്
ചെയ്യണം. ഞാൻ പ്രാർത്ഥിച്ചോളാം.”
ഇങ്ങനെ പറഞ്ഞ് ഞാൻ പ്രാർത്ഥിക്കാനായ് മറ്റൊരിടത്തേക്ക് മാറി.

വളരെ മനോഹരമായി
അച്ചനന്ന് ധ്യാനം നയിച്ചു.
അച്ചനെയോർത്ത് ഞാൻ
ദൈവത്തിന് നന്ദി പറഞ്ഞു.

ദൈവസന്നിധിയിലിരുന്നപ്പോൾ
എനിക്കെന്ത് സംഭവിച്ചെന്നുള്ള സംശയം മനസിലുയർന്നു. കർത്താവെനിക്ക്
കൃത്യമായ ഉത്തരം നൽകി:
”ദൈവാശ്രയവും തീക്ഷ്ണമായ പ്രാർത്ഥനയും ഉപവാസത്തോടെയുള്ള ഒരുക്കവും കുറഞ്ഞു. എല്ലാ ധ്യാനത്തിനും മുമ്പ് നടത്താറുള്ള കുമ്പസാരത്തിനും വീഴ്ച വരുത്തി. ദൈവപ്രീതിയേക്കാൾ മനുഷ്യ പ്രീതിക്ക് പ്രാധാന്യം നൽകാനും സ്വന്തം കഴിവുകളിൽ അഹങ്കരിക്കാനും തുടങ്ങി.”

അടുത്ത ദിവസത്തെ ധ്യാനത്തിനു മുമ്പായി
ആ ഇടവകയിലെ വികാരിയച്ചൻ്റെയടുത്ത് കുമ്പസാരിച്ച് ഒരുങ്ങുവാൻ സാധിച്ചു.
ആ അനുഭവത്തിനു ശേഷം വ്യക്തിപരമായ ഒരുക്കവും പ്രാർത്ഥനയുമില്ലാതെ ഒരിടത്തും
ധ്യാനിപ്പിക്കാൻ പോകാറില്ല.

“മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല.
എനിക്കു നിങ്ങളെ അറിയാം.
നിങ്ങളില്‍ ദൈവസ്‌നേഹമില്ല….
നിങ്ങൾ പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നു”
(Ref യോഹ 5 :41-44)
എന്ന ക്രിസ്തു വചനങ്ങൾ നമ്മിൽ
ആഴത്തിൽ വേരൂന്നട്ടെ .

നമ്മുടെ ജീവിതത്തിലെ
പല വീഴ്ചകൾക്കും കാരണം
ദൈവാശ്രയത്തിൽ വന്ന കുറവും
മനുഷ്യ പ്രീതിക്കു പിന്നാലെയുള്ള ഓട്ടവും
സ്വന്തം കഴിവുകളെക്കുറിച്ചുള്ള അഹന്തയുമാണെന്ന് തിരിച്ചറിയണം.
ഈ കുറവുകൾ നികത്തി
ദൈവത്തോടു ചേർന്ന് മുന്നോട്ടു
പോകുവാൻ നമുക്ക് കഴിയട്ടെ
.

ഫാദർ ജെൻസൺ ലാസലെറ്റ്
ഫെബ്രുവരി – 1 – 2021.

നിങ്ങൾ വിട്ടുപോയത്