ഞാന്‍ ഈ ഇടവകക്കാരനല്ല. പക്ഷേ, ഈ ഇടവകയില്‍ നിന്നും ആത്മീയമായ അനുഗ്രഹം വാനോളം സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ ഈ വൈദികന്റെ സുഹൃത്തല്ല. പക്ഷേ, ഈ വൈദികന്‍ എന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്.

ഞാന്‍ ഈ വൈദികനുമായി ഏറെ സമയം ചെലവഴിച്ചിട്ടില്ല. പക്ഷേ, ഈ ഹൃദയത്തില്‍ ഞാനും ഉണ്ടെന്നു വിശ്വസിക്കുന്നു. ഇത് ഫാ. കുര്യന്‍ കോട്ടയില്‍. മുട്ടം സിബിഗിരി പള്ളി ഇടവകയെ കോട്ട കെട്ടി കാത്തു സംരക്ഷിച്ച ഇടവകവികാരി.

അദ്ദേഹം ശനിയാഴ്ച അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി സിബിഗിരിയുടെ പടിയിറങ്ങുന്നു. ഇനി മറ്റൊരു ദേവാലയത്തിലേക്ക്.ഉല്‍പത്തി 12:1 : ”നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.’. ദൈവം അബ്രാഹത്തോടു പറഞ്ഞതല്ല, ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷന്‍മാരായ വൈദികരോട് പറഞ്ഞതാണ്.

ഒരു വൈദികനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനു ഭരമേല്പിക്കപ്പെടുന്ന ഇടവകയാണ് കുടുംബം. ഒരു വൈദികനും ഒരു ഇടവകയില്‍ ദൈവജനം ആഗ്രഹിക്കുന്ന കാലം സേവനം ചെയ്യാന്‍ കഴിയില്ല. അവനെ കാത്ത് മറ്റൊരു ദൗത്യമുണ്ടാകും.ഫാ. കുര്യന്‍ കോട്ടയില്‍.

പേരു പോലെ വിശ്വാസത്തിന്റെ, ഇടവകയുടെ കോട്ടയായിരുന്നു. എല്ലാവര്‍ക്കും സമീപിക്കാവുന്നവന്‍. ഇടവകയുടെ പിതാവായി ആരോടും പ്രത്യേക ബന്ധങ്ങളില്ല, സ്വത്തിനുവേണ്ടിയുള്ള വ്യഗ്രതയില്ല. എല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവയ്ക്കുന്നവന്‍. ഇതായിരിക്കണം വൈദികനെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവജനത്തെ എല്ലാവരെയും ഒരു പോലെ കാണാന്‍ കഴിയുന്ന, ചെയ്യാവുന്ന ഉപകാരമെല്ലാം നിസ്വാര്‍ഥമായി ചെയ്യുന്ന എളിമ നിറഞ്ഞ ജീവിതം നയിക്കുന്ന ഒരു വൈദികന്‍.

ആഡംബരജീവിതം നയിക്കാന്‍ കഴിയുന്ന ചുറ്റുപാടുള്ളയാള്‍. എങ്കിലും വെറും കൈയോടെ നടന്നു പോകുന്നവന്‍. ഇടവകയെ ശാരീരികമായും ആത്മീയമായും അതിന്റെ ഉന്നതിയിലേക്കുണര്‍ത്താന്‍ ശ്രമിച്ചവന്‍.ആരെയും കുത്തിപ്പിഴിഞ്ഞു പണം സ്വീകരിക്കില്ല. ഉണ്ടെങ്കില്‍ കൊടുക്കാം. കൊടുക്കുന്നതു നൂറുശതമാനം മനസോടെ മാത്രം മതി. കൊടുത്താല്‍ സ്വീകരിക്കും. ഇല്ലെങ്കില്‍ വേണ്ട. എങ്കിലും പരിഭവമില്ല.

അദ്ദേഹത്തിനു വലിപ്പച്ചെറുപ്പമില്ലായിരുന്നു. കുടുംബമഹിമയിലോ, പണത്തിന്റെയും വാഹനത്തിന്റെയും വലിപ്പമോ നിറഭേദമോ അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല.

ഫാ. കുര്യന്‍ കോട്ടയില്‍ കടന്നു പോകുമ്പോള്‍ ഇടവകയ്ക്ക് അഭിമാനിക്കാം. അഞ്ചു വര്‍ഷക്കാലം ചെയ്ത നന്മകള്‍ വലുതാണ്. നന്ദിയുണ്ട് അച്ചാ,അങ്ങയുടെ കരങ്ങള്‍വഴി സ്വര്‍ഗം നല്‍കപ്പെടട്ടെ, അങ്ങയുടെ അധരങ്ങള്‍വഴി വചനത്തിന്റെ നാളം കത്തട്ടെ, അങ്ങയുടെ സാന്നിധ്യങ്ങള്‍ സൗഖ്യങ്ങളായി ഭവിക്കട്ടെ. അങ്ങയ്ക്ക് തണലായി ഞങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും സാന്നിധ്യവും ഉണ്ടായിരിക്കും. പ്രാര്‍ഥനയോടെ

ജോണ്‍സണ്‍ വേങ്ങത്തടം

നിങ്ങൾ വിട്ടുപോയത്