മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ ‘മാർ ഈവാനിയോസ്’ എന്ന പേര് ധാരാളം മതിയായിരിക്കുന്നു. ഓർമ്മപ്പെരുനാളിന്റെ തലേരാത്രി അദ്ദേഹത്തിന്റെ കബറിനു മുന്നിൽ അണിനിരന്ന ആയിരക്കണക്കിനു വരുന്ന ജനക്കൂട്ടം ഓർമിപ്പിക്കുന്നത് അതാണ്.
കത്തിച്ച തിരികൾ ആകാശങ്ങളിലേക്കുയർത്തി ‘വാഴ്ക… മാർ ഈവാനിയോസ്’ എന്ന് കണ്ഠമിടറി വിശ്വാസി സമൂഹം ഏറ്റുചൊല്ലുമ്പോൾ അത് കൂനൻ കുരിരു സത്യാനന്തരമുണ്ടായ മുറിവുകൾക്കുമേലുള്ള തൈലാഭിഷേകമായി മാറുന്നു.
മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ, വേദനകളും പരാധീനതകളും കണക്കിലെടുക്കാതെ റാന്നി പെരുനാട്ടിൽ നിന്ന് അനന്തപുരിയിലെ കബറിടം വരെ സഭാതലവനുൾപ്പടെയുള്ള ഒരു വലിയ ജനസമൂഹം കാൽനടയായി വന്നെത്തിയെങ്കിൽ പുനരൈക്യമെന്ന യാത്ര ഇനിയും അവസാനിച്ചിട്ടില്ല എന്നാണർത്ഥം.
‘മാർ ഈവാനിയോസ്’ എന്ന നാമം ഇപ്രകാരം ഓർമിക്കപ്പെടേണ്ടതുണ്ട് എന്ന് നിരന്തരം നമ്മെ ബോധ്യപ്പെടുത്തിയതിന്റെ പിന്നിൽ ഒരു മനുഷ്യന്റെ ഇച്ഛാശക്തിയും നേതൃത്വവും സമർപ്പണവുമുണ്ട്- കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനി!
നന്ദിയുണ്ട് പിതാവേ… ഈ കാലഘട്ടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭിമാന ബോധത്തെ ഇത്രത്തോളം ഉയർത്തിയതിൽ!
Fr.Sheen Palakkuzhy