The Lord will vindicate his people and relent concerning his servants ‭‭(Deuteronomy‬ ‭32‬:‭36‬ )

ദൈവത്തിന്റെ നീതി പാറപോലെ ഉറച്ചതാണ് എന്ന് നിയമാവര്‍ത്തനം ഓര്‍മിപ്പിക്കുന്നു. നീതിയുടെ നിയമങ്ങള്‍ നല്‍കുമ്പോള്‍ ദൈവത്തിന്റെ ഉദ്ദേശ്യം തന്റെ ജനം ദൈവികമായ സ്വഭാവങ്ങളെ ആര്‍ജിച്ച് ദൈവരാജ്യത്തിന് അനുരൂപരായിത്തീരുക എന്നുള്ളതാണ്. ഇവിടെ ജനം ആര്‍ജിച്ചെടുക്കേണ്ട ദൈവികമായ സ്വഭാവം നീതിയുടേതാണ്. തന്റെ ജനങ്ങളോടു നിതീയില്‍ ജീവിക്കണമെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ദൈവം കല്പിച്ചുവെങ്കിലും ആ ജനം കാണിച്ച വലിയ അനീതി പരിഹരിക്കാന്‍ മനുഷ്യകുലം മുഴുവനും വേണ്ടി നീതികരണം നടത്താന്‍ സ്വന്തം പുത്രനായ യേശുവിനെ നമുക്ക് തന്ന് ദൈവത്തിനു വീണ്ടും ഇടപെടേണ്ടിവന്നു. ദൈവപുത്രനായ ഈശോയെ തിരസ്‌കരിച്ചു എന്നതാണ് ദൈവത്തിന്റെ സ്വന്തം ജനം കാണിച്ച വലിയ അനീതി.

നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന സ്ത്രീയുടെ കരച്ചില്‍ അസഹനീയമായിത്തോന്നിയപ്പോള്‍ നീതിരഹിതനായ ന്യായാധിപന്‍ അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നെങ്കില്‍ നീതിമാനും നീതി പ്രവര്‍ത്തിക്കുന്നവനുമായ ദൈവം തന്നോടു നിലവിളിച്ചപേക്ഷിക്കുന്നവര്‍ക്ക് നീതി നടത്തിക്കൊടുക്കുകയില്ലേ എന്ന് തിരുവചനത്തിലൂടെ യേശു ചോദിക്കുന്നു. നീതിമാനും നീതി പ്രവര്‍ത്തിക്കുന്നവനുമായ ദൈവത്തോടു ചേര്‍ന്നു നിന്നുകൊണ്ട് ഈ ഭൂമിയില്‍ നീതി പ്രവര്‍ത്തിക്കുമ്പോള്‍ നീതീകരണത്തിലൂടെ ദൈവസന്നിധിയിലേക്കു നാം അടുക്കുകയാണ്. ഈശോയുടെ കാര്യത്തില്‍ യഹൂദജനം അനീതി കാണിച്ചെങ്കിലും നിരന്തര പ്രാര്‍ത്ഥനയാല്‍ തന്നോടു ബന്ധപ്പെട്ടിരുന്ന പുത്രന് നീതിമാനും നീതി നടത്തുന്നവനുമായ ദൈവം നടത്തുന്ന നീതികരണമായിരുന്നു ഉത്ഥാനം.

ദൈവം എത്രയോ വലിയ കാരുണ്യമാണ് വഴിതെറ്റിപ്പോയ തന്റെ ജനത്തോട് കാണിക്കുന്നത്. നമ്മളെ പല അപകടങ്ങളില്‍നിന്നും രക്ഷിച്ചും, നാം യോഗ്യരല്ലായിരുന്നിട്ട് കൂടി ആധ്യാത്മികവും ഭൗതികവുമായ പല അനുഗ്രഹങ്ങളും നൽകിയും നമ്മളോട് കരുണ കാണിച്ചു. അതോടൊപ്പം ദൈവം നിന്റെ പാപങ്ങള്‍ ക്ഷമിക്കുക മാത്രമല്ല ചെയ്തത്. തന്റെ ആത്മാവിനെത്തന്നെ നമ്മിലേയ്ക്ക് വര്‍ഷിച്ച് ദൈവമക്കളായി സ്വീകരിച്ചുകൊണ്ടാണ് ദൈവം നമ്മളോട് അനന്തകാരുണ്യം കാണിച്ചിരിക്കുന്നത്. തന്റെ ഏകജാതനായ യേശുവിനെ നല്‍കിക്കൊണ്ട് ദൈവം തന്റെ സ്‌നേഹവും (യോഹന്നാന്‍ 3/16) പുത്രസ്വീകാരത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് (റോമാ 8/15) കാരുണ്യവും ദൈവം നമ്മളോട് പ്രദര്‍ശിപ്പിച്ചു.

ദൈവത്തിന്റെ കാരുണ്യം ഏതൊരവസ്ഥയിലും നമ്മെ തേടിവരികയും അനുതാപപൂർണമായ ഒരു ഹൃദയം നല്കി നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. കൊലപാതകിയായ കായേലിന്റെ കരുണയ്ക്കുള്ള യാചന ദൈവം തള്ളിക്കളഞ്ഞില്ല. ദൈവം കൊലപ്പുള്ളിയുടെ യാചനയും കേട്ടു. ആരും കായേനെ കൊല്ലാതിരിക്കുവാൻ കർത്താവ് അവന്റെ നെറ്റിയിൽ ഒരു അടയാളം പതിച്ചു. കായേൻ കർത്താവിന്റെ സന്നിധിവിട്ട് ഓടിപ്പോയി. അതിനുശേഷവും ദൈവം കായേനെ കൈവിടുന്നില്ല. അവന് ഭാര്യയെ നല്കുന്നു, മക്കളെ നല്കുന്നു, നഗരം പണിയാൻ കൃപ നല്കുന്നു. അങ്ങനെ പാപം ചെയ്തതിനുശേഷവും ദൈവം കായേനെ കരുതുന്നു. ഇതാണ് കർത്താവിന്റെ അളവറ്റ കാരുണ്യം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്