God said, “Ask for whatever you want me to give you. ☦️
‭‭(1 Kings‬ ‭3‬:‭5‬)

സോളമൻ രാജാവ് ദൈവത്തിൻ മുൻപാകെ പ്രീതികരമായി പ്രവർത്തിച്ചു. ആയതിനാൽ ദൈവം സോളമൻ രാജാവിനോട് പറയുന്നതാണ്, നിനക്ക് ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക എന്ന് . ദൈവം നാം ഒരോരുത്തരോടും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാണ് പ്രസ്തുത വചന വാക്യം. നമ്മുടെ പ്രിയപ്പെട്ടവർ പോലും നമ്മുടെ ആഗ്രഹങ്ങൾ അറിയാറില്ല. എന്നാൽ കർത്താവ് നമ്മുടെ ആഗ്രഹങ്ങൾ അറിയുന്നു. നാമോരോരുത്തരും ദൈവത്തിൻറെ രാജ്യവും നീതിയും ആദ്യം അന്വേഷിക്കുക അപ്പോൾ നമ്മുടെ ആഗ്രഹങ്ങളെ ദൈവം പൂർത്തീകരിക്കും. ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു.

നമ്മുടെ ആവശ്യങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ദൈവത്തെ കൊണ്ടുവന്ന് അവ പരിഹരിക്കുവാന്‍ ദൈവം നമ്മുടെ മുമ്പില്‍ പല അവസരങ്ങളും ഒരുക്കുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മനുഷ്യരും ഉണ്ട്; ഉപയോഗപ്പെടുത്താത്ത മനുഷ്യരും ഉണ്ട്. ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ ആവശ്യങ്ങളില്‍ ദൈവം ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഉപയോഗപ്പെടുത്താത്തവരുടെ പ്രശ്‌നങ്ങള്‍ തുടരുകയോ അവര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യുന്നു. യേശു ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നമ്മള്‍ ഉപയോഗിച്ചെങ്കിലേ പല പ്രശ്‌നങ്ങളും തീരൂ. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന,ഉപവാസം തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്.

ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരുവിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി. ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്,

നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ സഹചര്യങ്ങളുടെ മുൻപിൽ തകർന്നടിയുന്നതല്ല. നാം ഒരോരുത്തരും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്. ഇസ്രായേൽ ജനത ഫറവോ സൈന്യത്തിനു മുൻപിൽ തകർന്നടിയുമോ എന്ന ആശങ്കയോടെ നിന്നപ്പോൾ ദൈവത്തിൻറെ സ്വന്തം ജനതയ്ക്ക് കടൽ രണ്ടായി വിഭജിച്ച് വഴിയൊരുക്കിവനാണ് നമ്മുടെ ദൈവം. കർത്താവ് വിശ്വസ്തനും നീതിമാനും ആയതിനാൽ നാമോരോരുത്തർക്കും ഏതു പ്രതിസന്ധിയിലും പൂർണ്ണ വിശ്വാസത്തോടെ കർത്താവിനെ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്