He did what was right in the eyes of the Lord. ‭‭(1 Kings‬ ‭22‬:‭43‬)

യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നാം ഒരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. ദാസരാകാനല്ല, സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. നാം ഒരോരുത്തരും ദൈവത്തിന് പ്രീതികരമായി പ്രവർത്തിക്കാനുള്ള വിളിക്ക് പലപ്പോഴും ചെവി കൊടുക്കാതെ പിൻ തിരിഞ്ഞ് നടക്കുന്നു.  ദൈവത്തിന്റെ വിളിയിൽ നിന്നും സ്നേഹ ബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ഇത്രയുമൊക്കെ പാപം ചെയ്തിട്ടും, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്, ദൈവസ്നേഹത്തോട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്‌.

നന്മയോ തിന്മയോ പിന്തുടരുവാൻ എല്ലാ സ്വാതന്ത്ര്യവും ദൈവം മനുഷ്യന് നൽകിയിട്ടുണ്ട്. എന്നാൽ ദൈവഹിതം നാം എന്നും നന്മയെ പിന്തുടരണം എന്നാണ്. നന്മ ചെയ്യുന്നതിനായി സാത്താനോടും ദുഷ്ടലോകത്തോടും നമുക്കു ശക്തമായ ഒരു ‘പോരാട്ടമുണ്ട്‌. നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത്‌ ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും. ഒന്നാമതായി നന്മ ചെയ്യുമ്പോൾ ദൈവത്തിൻറെ ദാനമായ സ്വർഗീയ നിത്യജീവൻ അവകാശമായി ലഭിക്കുന്നു. അതുപോലെ നന്മ ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ലഭിക്കുന്നു. നൻമ ചെയ്യുമ്പോൾ തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്നു എന്ന് തിരുവചനം പറയുന്നു.

ദൈവം ആഗ്രഹിക്കുന്നത് നാം എല്ലാവരും അവിടുത്തെ ആത്മാവിനാൽ നിറഞ്ഞ്, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണം എന്നതാണ്. “ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്” (ഗലാത്തിയാ 5:22). നാമെങ്ങനെയാണ് ഈ ഫലങ്ങൾ പുറപ്പെടുവിക്കുക? പലപ്പോഴും നമുക്കുണ്ടാകുന്ന ഒരു തെറ്റിദ്ധാരണ ഈ ഫലങ്ങളെല്ലാം നമ്മൾ സ്വയം നമ്മിൽ വികസിപ്പിച്ചെടുക്കേണ്ടവ ആണെന്നാണ്‌. അതുകൊണ്ടാണ് സ്നേഹവും ആനന്ദവുമൊക്കെ നാം ലോകത്തിൽ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ക്ഷമയും സമാധാനവും സൗമ്യതയും ആത്മസംയമനവും ഒക്കെ നേടിയെടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നത്. പക്ഷേ നമുക്ക് ചുറ്റുമുള്ള ലോകത്തിന് ഇവയിലൊരു ഫലം പോലും നമ്മിൽ പുറപ്പെടുവിക്കാനാവില്ല.

പരിശുദ്ധാൽമാവിന്റെ ശക്തിയാൽ മാത്രമേ നാം ഓരോരുത്തർക്കും പരിശുദ്ധാൽമാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. അസാധാരണ സംഭവങ്ങളിൽ മാത്രം ദൈവത്തിന്റെ ഇടപെടൽ കാണുന്ന ആധുനിക സമൂഹത്തിന് മുന്നിൽ, സാധാരണ സംഭവങ്ങളിലൂടെ ദൈവം ഇടപെടുന്നു എന്ന് നാം മനസിലാക്കണം. നാം ഒരോരുത്തർക്കും, നമ്മളെതന്നെയും, കുടുംബാംഗങ്ങളെയും, പ്രിയപ്പെട്ടവരെയും ദൈവഹിതത്തിനായി ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം. നാം ഒരോരുത്തർക്കും ജീവിതത്തിൽ ദൈവത്തിന് പ്രീതികരമായി പ്രവർത്തിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്