I have set before you life and death, blessing and curse. ‭‭(Deuteronomy‬ ‭30‬:‭19‬)

ദൈവം ബുദ്ധിശക്തിയുള്ള മനുഷ്യ ജീവികളായാണ് നമ്മെ രൂപകൽപ്പന ചെയ്‌തത്. വെറും സ്വയംപ്രവർത്തക യന്ത്രങ്ങളോ, യന്ത്രമനുഷ്യരോ ആയിട്ടല്ല നാം സൃഷ്ടിക്കപ്പെട്ടത്‌. മറിച്ച്‌, തിരഞ്ഞെടുപ്പുകൾ നടത്താനുള്ള എല്ലാ അധികാരവും നൽകി ഭൂമിയിൽ അനുഗ്രഹവും, ശാപവും ജീവനും മരണവും തിരഞ്ഞെടുക്കുവാനുള്ള സർവ്വ സ്വാതന്ത്ര്യവും ദൈവം നൽകിയിട്ടുണ്ട്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ രാജ്യത്തേക്ക് യഹൂദ ജനത്തെ നയിച്ച ദൈവം, ആ ജനത്തിന്റെ മുമ്പില്‍ ചില അനുഗ്രഹങ്ങളും ശാപങ്ങളും വച്ചു. ദൈവം പറയുന്നതുപോലെ ജീവിച്ചാല്‍ അനുഗ്രഹങ്ങള്‍; ദൈവം പറയുന്നതുപോലെ ജീവിച്ചില്ലെങ്കില്‍ ശാപങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്.

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം; ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്‍പിക്കുന്ന മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരുടെ പുറകേ പോയാല്‍ ശാപം. അനുഗ്രഹത്തിന്റെയും ശാപത്തിന്റേതുമായ കര്‍ത്താവിന്റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് ഇസ്രായേലിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇസ്രായേല്‍ രാജാക്കന്മാരും പുരോഹിതരും ജനങ്ങളും ദൈവകല്‍പനകള്‍ പാലിച്ചു ജീവിച്ചപ്പോള്‍ അവര്‍ക്ക് സമാധാനം, സമൃദ്ധി എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ കല്‍പനകള്‍ ലംഘിച്ചപ്പോള്‍ ഇതെല്ലാം നഷ്ടപ്പെട്ടു.

പല ക്രിസ്തീയ കുടുബംഗങ്ങളും ശാപത്തിന്റെ കീഴിലാണ്. ശാപം ഉണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. കാരണം കൂടാതെ ഒരുവന്‍റെ മേല്‍ ശാപം വരികയില്ല. അതിനാല്‍ ശാപം മാറണമെങ്കിൽ ആദ്യം തന്നെ അതിന്‍റെ കാരണം കണ്ടുപിടിക്കണം. ശാപവും, അനുഗ്രഹവും ദൈവത്തിൽ നിന്നും, ദൈവത്തിന്റെ ശശ്രൂഷകരിൽ നിന്നും, മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, സ്വന്തം പ്രവർത്തികളിൽ നിന്നും സംഭവിക്കാം. സ്വയം ശപിക്കുന്ന ധാരാളം ആളുകള്‍ ഇന്നുണ്ട്. ഞാന്‍ എന്തിനു ജീവിക്കുന്നു, മരിച്ചെങ്കില്‍ നന്നായിരുന്നു, എനിക്കൊന്നുമില്ല, തുടങ്ങി അനേകം വാക്കുകളില്‍കൂടി തങ്ങളെതന്നെ ദിനം തോറും ശപിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ട്. ഏത് സാഹചര്യത്തിലും ശാപത്തിനു പകരം അനുഗ്രഹത്തിന്റെ വാക്കുകൾ ജീവിതത്തിൽ പറയുക, ജീവിതത്തിൽ മാറ്റം സംഭവിക്കുന്നത് കാണാം.

മനുഷ്യന്റെ ശാപത്തിനും, മരണത്തിനും സകല പ്രശ്നങ്ങള്‍ക്കും ദൈവം ഒരുക്കിയ വഴിയാണ് യേശുവിന്റെ ക്രൂശുമരണം. സകല ശാപങ്ങള്‍ക്കും കാല്‍വരി ക്രൂശില്‍ പരിഹാരമുണ്ടായി. മനുഷ്യരുടെ ശാപങ്ങള്‍ എല്ലാം യേശുവിന്‍റെ മേലായി. യേശു കാല്‍വരിയില്‍ മരിച്ചത് നാം അനുഗ്രഹിക്കപ്പെടുവാന്‍ വേണ്ടിയാണ്. നാം ഒരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കിക്കൊണ്ടും ദൈവവചനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടും, ശാപത്തിൽ നിന്നും, മരണത്തിൽ നിന്നും വഴി മാറി ജീവനിലേയ്ക്കും, അനുഗ്രഹത്തിലേയ്ക്കും വഴി മാറി നടക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്