ദൈവത്തെ സ്നേഹിക്കുന്നവർക്കും ദൈവത്തിൻറെ ഹിതമനുസരിച്ച് ജീവിക്കുന്നവർക്കും ദൈവം നൽകിയിരിക്കുന്ന വാഗ്ദാനമാണ് അവിടുത്തെ നന്മ.
ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നിങ്ങളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നൻമ മാത്രം നൽകുന്നു. ഒരു ലൗകിക പിതാവ് തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുമ്പോൾ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, അത്യധികം സ്നേഹമുള്ള നിങ്ങളുടെ പിതാവ് നിങ്ങൾക്ക് നല്ല സമ്മാനങ്ങൾ നൽകില്ലേ? അവൻ തീർച്ചയായും അവ നിങ്ങൾക്ക് നൽകും

ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും ജീവിതകാലം മുഴുവൻ പിന്തുടരുന്നു എന്നാണ്. ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്താണ് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം ദൈവമക്കളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു. ദൈവമക്കളുടെ ജീവിതത്തിൽ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളും ചേർന്ന് സഞ്ചരിക്കുന്നു. ദൈവമക്കളുടെ ജീവിതത്തിൽ ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളും വസന്തത്തിന്റെ ശോഭന നാളുകളും ഉണ്ട്.

ജീവിതത്തിൽ നിങ്ങൾ വളരെയധികം വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ടാകാം, ദുഃഖത്തിന്റെയും കയ്പേറിയ കണ്ണുനീരിന്റെയും പാതകളിലൂടെ നടന്നിട്ടുണ്ടാകാം. എന്നാൽ നിങ്ങൾ കർത്താവിനെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്താൽ, ആ കയ്പ്പും വേദനയും പോലും നിങ്ങളുടെ നന്മയ്ക്കായി മാറ്റാൻ കഴിയും. ദൈവം നമ്മുടെ പാപപരിഹാരമായി സ്വന്തം പുത്രനെ പോലും
ക്രൂശിൽ യാഗമാക്കി,നമ്മൾക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും വലിയ നൻമയായിരുന്നു യേശുവിന്റെ ക്രൂശീകരണം. ദൈവഹിതത്താലും, ദൈവവചനാടിസ്ഥാനത്തിലും ജീവിചിക്കുക അപ്പോൾ ദൈവം വാഗ്ദാനം ചെയ്ത എല്ലാ നൻമകളും നാം ഒരോരുത്തർക്കും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്