The word is very near you. It is in your mouth and in your heart, so that you can do it.”
‭‭(Deuteronomy‬ ‭30‬:‭14‬ ‭)

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. വചനം മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും സമൃദ്ധിയും ആത്മശാന്തിയും ഒക്കെ പകര്‍ന്നു തരുവാന്‍ വചനത്തിനു സാധിക്കുന്നു. വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടിവരുന്നില്ല എന്നതാണ് സത്യം.

ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ഇച്ഛാശക്തിയേയും, വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. ലോകത്തിൽ മനുഷ്യന് ഏറ്റവും കൂടുതൽ രൂപാന്തീകരണം നടന്നിട്ടുള്ളത് ദൈവത്തിൻറെ വചനത്തിൽ കൂടിയാണ്. ദൈവവചനത്തിന്റെ കേന്ദ്ര വിഷയം യേശുവിന്റെ രണ്ടാം വരവാണ്. ഇത് ഗ്രഹിച്ചറിഞ്ഞ് ജീവിക്കുന്നവരാണ് രക്ഷ പ്രാപിക്കുന്നത്. അതിനുള്ള വാഞ്ച നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ ദൈവവചനം നമ്മെ രൂപാന്തിരപ്പെടുത്തും. ദൈവത്തിൻറെ വചനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പാപത്തിന്റെ അവസ്ഥകളെ തുറന്നു കാണിക്കുകയും, നമ്മുടെ തെറ്റുകളെ തിരുത്തുകയും ചെയ്യുന്നു.

ദൈവവചനം സമീപസ്ഥമാണ്. ഇന്ന് ലോകത്ത് പകലും രാത്രിയിലുമായി വ്യത്യസ്ത സ്ഥലങ്ങളില്‍ ‍, വിവിധ ഭാഷകളില്‍ ‍, വിവിധ മാധ്യമങ്ങളിലൂടെ ദൈവവചനം ലോകത്തോട് അറിയിച്ചുകൊണ്ടിരിക്കുന്നു. ദൈവവചനത്തിനുവേണ്ടി നാം ദാഹിക്കുമ്പോള്‍ നമുക്കു കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ദൈവവചനത്തിനു കഴിയുന്നു. ദൈവവചനം ജീവനുള്ളതാണ്. ഓരോ മനുഷ്യര്‍ക്കും പ്രയാസങ്ങളും കഷ്ടപ്പാടുകളുമൊക്കെയുണ്ടായേക്കാം. വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഓരോരുത്തരും അത് അനുഭവിക്കുന്നു. ഒരാളുടെ പ്രശ്നം ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് അന്യമായേക്കാം. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാതെവരുന്നു. എന്നാല്‍ ദൈവത്തിന്റെ വചനം നമ്മെ ഓരോരുത്തരേയും വിവേചിച്ചറിയുന്നു. ദൈവവചനത്താൽ നാം എല്ലാവരും നയിക്കപ്പെടട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്