കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര് ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാണിച്ചു. ഈ ഭീഷണിയെ അതിജീവിക്കുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വളരെ അനുഭാവപൂര്‍വ്വം ശ്രവിക്കുകയും കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പു നല്‍കുകയും ചെയ്തു.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ പുനര്‍ നിര്‍ണയിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന് ഫയല്‍ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച് കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയിച്ചു.
സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിക്കുകയുണ്ടായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിന്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെഎസ്എസ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരാണ് കെസിബിസി പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷം വനം മന്ത്രി എ. കെ. ശശീന്ദ്രനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സന്ദര്‍ശിച്ച പ്രതിനിധി സംഘം, ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നതിനുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചതോടൊപ്പം, ഭരണ പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ അറിയിച്ചു.