ഒരിക്കൽ കൂടി എഴുതുവാൻ നിർബന്ധിതനവുകയാണ്…
എന്താണ് നമ്മിൽ ചില അച്ചന്മാർ ഇങ്ങനെ?
ക്രിസ്മസിന് അടുത്ത ദിവസങ്ങളിൽ എറണാകുളം ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വളരെയേറെ വേദനാജനകമായിരുന്നു എന്ന് എല്ലാവർക്കും അറിയാം.
അന്നേദിവസം തങ്ങൾക്ക് ബലിയർപ്പിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം ഇല്ലാതിരുന്ന ബസലിക്ക ദേവാലയത്തിലെ അൾത്താരയിൽ അഞ്ച് വൈദികർ കൂട്ടമായി പ്രവേശിച്ചു. ബസലിക്ക ദേവാലയത്തിൽ സീറോ മലബാർ സഭ നിഷ്കർഷിച്ചിരിക്കുന്ന വിശുദ്ധ കുർബാന അർപ്പിക്കുന്നതിനെ തടയുക എന്ന ഏക ഉദ്ദേശത്തോടെ വിശുദ്ധ കുർബാന എന്ന പേരിൽ ഒരേ ഓസ്തിയും വീഞ്ഞും മാറി മാറി ഉപയോഗിച്ച് നിരന്തരമായി ക്രിസ്തുവിനെയും ആ അൾത്താരയെയും അപമാനിക്കുന്ന കാട്ടികൂട്ടലുകൾ നിരന്തരമായി അവർ അവിടെ ആവർത്തിച്ചു.
യഥാർത്ഥ വിശുദ്ധ കുർബാന അവിടെ അർപ്പിക്കപെടുവാൻ സാധിക്കാത്ത രീതിയിൽ ആ പുണ്യസ്ഥലം കയ്യടക്കിയതിനെ എതിർത്ത ചിലർ പരിശുദ്ധമായ മദ്ബഹയിൽ പ്രവേശിച്ച് വിശുദ്ധ കുർബാനയെ നിരന്തരമായി അപമാനിച്ചു കൊണ്ടിരുന്ന ആ വൈദികരെ പുറത്താക്കാൻ ശ്രമിച്ചത് സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ കണ്ടു.പിന്നീട് ആ വൈദികരും അവരെ പിന്തുണക്കുന്ന സിറോ മലബാർ സഭയെ എതിർക്കുന്ന കുറെയാളുകളും കൂടെ തങ്ങൾ രക്ത സാക്ഷികളും വിശ്വാസ സംരക്ഷകരുമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയായിരുന്നു..
അതിന്റെ ഭാഗമെന്നോണം പരിഹാര റാലികളും വിശ്വാസം സംരക്ഷണ റാലികളും ഒക്കെ സംഘടിപ്പിക്കുന്നതായി ഓരോരോ പോസ്റ്ററുകൾ കാണുന്നുണ്ട്…
ആരാണ് യഥാർത്ഥത്തിൽ ഇതിനെതിരായി തിരുസഭയ്ക്ക് എതിരായി സിനടിനെതിരായി പ്രവർത്തിച്ചത്? നിസ്സംശയം നമുക്ക് പറയാൻ സാധിക്കും അത് എറണാകുളത്തെ ചില വൈദികരും അവരെ സഹായിക്കുന്ന മറ്റുള്ളവരും ആണെന്ന്. ആ ദിവസങ്ങളിൽ ആ ദേവാലയത്തിൽ നടന്നത് യഥാർത്ഥ വിശുദ്ധ കുർബാന അർപ്പണം ആയിരുന്നോ? അല്ല എന്നാണ് നമുക്ക് പറയാൻ സാധിക്കുക.
കാരണം
ഒന്നാമതായി
രൂപത മേലധ്യക്ഷൻ ഒരു വൈദികന് നൽകിയിട്ടുള്ള നിയമന ഉത്തരവിൽ പറഞ്ഞിട്ടുള്ള ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും അല്ലാതെ ബലിയർപ്പിക്കണമെങ്കിൽ എവിടെയാണോ നാം ബലിയർപ്പിക്കാൻ ആയി പോകുന്നത് അവിടുത്തെ വികാരിയച്ചന്റെ അനുവാദം ആവശ്യമാണ്. അത് എല്ലാ വൈദികർക്കും നന്നായി തന്നെ അറിയാം.
ഒരു ദേവാലയം കാണുമ്പോൾ എന്നാൽ ഇവിടെ കയറി ഒരു കുർബാന ചൊല്ലിയേക്കാം എന്ന് ഒരു വൈദികനും പറയാൻ കഴിയുകയില്ല. കാരണം അത് നൈയാമികമായി അംഗീകരിച്ചിട്ടില്ല. ഒരു വൈദികന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിന് പുറമേ മറ്റ് എവിടെയെങ്കിലും ബലിയർപ്പിക്കണമെങ്കിൽ ആ സ്ഥലത്തെ വൈദികന്റെ അനുവാദം പ്രത്യക്ഷമായതോ പരോക്ഷമായതോ ഉണ്ടായിരിക്കണം.
ബസലിക്കയിലെ കുർബാന അർപ്പണത്തിൽ അത്തരം ഒരു അനുവാദങ്ങളും അഡ്മിനിസ്ട്രേറ്റർ നൽകിയിരുന്നില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ അനധികൃതമായി ബസിലിക്ക ദേവാലയത്തിൽ പ്രവേശിച്ച് അവിടെ സഭയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ഒരു ബലിയർപ്പണം നടത്തിയ ആ അഞ്ചു വൈദികരും തെറ്റുകാരാണ്.
രണ്ടാമതായി
ഒരു കുർബാനയ്ക്കുശേഷം മറ്റൊന്ന് എന്ന രീതിയിൽ മണിക്കൂറുകളോളം ആദ്യത്തെ ബലിയിൽ കൂദാശ ചെയ്യപ്പെട്ട അതേ ഓസ്തിയും വീഞ്ഞും ഉപയോഗിച്ച് ദിവ്യകാരുണ്യ ഈശോയെ അപമാനിക്കുന്ന രീതിയിൽ ബലിയർപ്പിച്ചുവെന്ന് പറയപ്പെടുന്നു. പിന്നീട് അഞ്ച് വൈദികരിൽ ചിലർ ഒക്കെ ഇതിനെ നിഷേധിക്കുന്ന പ്രസ്താവനകൾ ഇറക്കിയെങ്കിലും അത് വിശ്വസനീയമായി ആർക്കും തന്നെ തോന്നിയിട്ടില്ല.സുവിശേഷത്തിൽ നാം കാണുന്നതുപോലെ ഈശോയ്ക്ക് എതിരായി വിധി സ്ഥാപിക്കുവാൻ കള്ള സാക്ഷികളെ കൊണ്ടുവരുമ്പോൾ അവരുടെ സാക്ഷ്യങ്ങൾ തമ്മിൽ പൊരുത്തം ഇല്ലായിരുന്നു എന്ന് കാണുന്നതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഓസ്തി അവിടെ നിന്നും വീഞ്ഞ് ഇവിടെ നിന്നും കൊണ്ടുവന്നു എന്നൊക്കെ അവർ പറയുമ്പോളും ആ പ്രസ്താവനകളിൽ കാണുന്ന വൈരുദ്ധ്യം അവർ നുണകൾ ആവർത്തിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
ഈ അഞ്ച് വൈദികർ അൾത്താരയിൽ നടത്തിക്കൊണ്ടിരുന്ന തുടർച്ചയായ വിശുദ്ധ കുർബാന അപമാനത്തെ അവസാനിപ്പിക്കുവാൻ വേണ്ടിയാണ് ചില ആളുകൾ അൾത്താരയിൽ കയറിയതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അവർ ചെയ്തതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ലായെങ്കിലും അൽമായനായ ഒരു സുഹൃത്ത് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ കാര്യം ഓർക്കുകയാണ്.
പരിശുദ്ധമായ മദ്ബഹയിൽ ഒരു നായ ഓടി കയറിയാൽ, അവിടമെല്ലാം വൃത്തികേടാക്കാൻ തുടങ്ങിയാൽ അത് കാണുന്ന ആളുകൾ അതിനെ ഇറക്കിവിടാൻ ശ്രമിക്കില്ലേ എന്നായിരുന്നു ആ ചോദ്യം… ഇവിടെ കുർബാനയെ നിരന്തരമായി അപമാനിക്കുന്നത് നിർത്താൻ പല തവണ ആ ദേവാലയത്തിന്റെ ചുമതലയുള്ള വൈദികനും അവിടെ എത്തി ചേർന്ന സീറോ മലബാർ സഭ വിശ്വാസികളും പല തവണ ഈ അഞ്ചു വൈദിരോടും അപേക്ഷിച്ചിരുന്നുവെന്നും കേൾക്കാനിടയായി.
പിന്നീട് എറണാകുളം അങ്കമാലി അതിരൂപതയിലെ പല സ്ഥലങ്ങളിലും വിശുദ്ധ കുർബാനയെ അപമാനിച്ചു എന്നതിന്റെ പേരിൽ പല പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നത് സോഷ്യൽ മീഡിയയിൽ കാണാനിടയായി. പക്ഷേ നിർഭാഗ്യവശാൽ ആ പ്രകടനങ്ങൾ ഒന്നും തന്നെ വിശുദ്ധ കുർബാനയെ നിരന്തരമായി അവഹേളിച്ച അഞ്ചു വൈദികർക്കെതിരെ ആയിരുന്നില്ല. മറിച്ച് സഭയുടെ വിശ്വാസം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച, തിരുസഭയോടും തിരുസഭാധികാരികളോടും ചേർന്ന് നിൽക്കുന്ന നിറമലബാർ സഭയിലെ ബാക്കി 34 രൂപതകളിലും ഉള്ളവരോട് ആയിരുന്നു.
സീറോ മലബാർ സഭയിലെ അംഗങ്ങളാണ് എന്ന് പറയുകയും എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരായിരിക്കുകയും ചെയ്യുന്ന എന്റെ സഹോദരങ്ങളോട് എനിക്ക് വ്യക്തിപരമായി ഒരു കാര്യം ചോദിക്കുവാൻ ഉണ്ട്.
നിങ്ങളിൽ എത്ര പേർ തിരുപ്പട്ട സ്വീകരണം ദിനം മുതൽ ഇന്നുവരെ സീറോ മലബാർ സഭയുടെ ഔദ്യോഗികമായി തക്സയിൽ നിർദ്ദേശിച്ചിരിക്കുന്ന വിശുദ്ധ കുർബാന പൂർണമായും അർപ്പിച്ചിട്ടുണ്ട്.
അനഫോറകൾ വെട്ടിച്ചുരുക്കിയും സ്വയംപ്രേരിത പ്രാർത്ഥനകൾ തിരുകി കയറ്റിയും തക്സയിൽ നിർദ്ദേശിക്കാത്ത പാട്ടുകൾ പാടിയും ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മളിൽ ചിലർ “കുർബാന ചൊല്ലി” പൂർത്തിയാക്കുമ്പോൾ നമ്മുടെ ബലിയർപ്പണം അപൂർണ്ണമായി തന്നെ അവശേഷിക്കുകയാണ്.
പ്രിയപ്പെട്ട അച്ചന്മാരെ, നമുക്ക് ഒന്ന് തിരിഞ്ഞു നടക്കാൻ പരിശ്രമിച്ചു കൂടെ. നമ്മുടെ ഈഗോയെ മാറ്റി നിർത്തി അവിടെ ഈശോയെ നിറച്ചാൽ പിന്നെ വിശുദ്ധ കുർബാനകൾ നമുക്ക് അനുഭവമായി മാറും.
തക്സയിലെ പ്രാർത്ഥനകളുടെ മാധുര്യം നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കും.ഈ ദിവസങ്ങളിൽ ഒരു പുതിയ ട്രെൻഡ് ഉയർന്നു വരുന്നുണ്ട്. പ്രശസ്തരായ വ്യക്തികളെ കൊണ്ട് തിരുസഭയുടെ സിനടിനെതിരായും മേജർ ആർച്ച് ബിഷപ്പിനെതിരായും അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരായും പ്രസ്താവനകളിറക്കുക എന്ന പുതിയ ട്രെൻഡ്.
കേരളവും ഇന്ത്യ മുഴുവനും ആദരിച്ചുകൊണ്ടിരുന്ന ഒരു മുൻ ചീഫ് ജസ്റ്റിസ് ഈ വിമതരുടെ കെണിയിൽ വീണതിന്റെ പരിണതഫലം നമുക്കറിയാം. കഴിഞ്ഞദിവസവും സിറോ മലബാർ സഭയുടെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കാത്ത കുറെ ആളുകൾ പുറപ്പെടുവിച്ച ഒരു പ്രസ്താവന കണ്ടു. ചില രൂപതകളിലെ വിഘടിച്ച് നിൽക്കുന്ന വൈദികരും ചില പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.
എല്ലാവരുടെയും ഉപദേശം. നമുക്ക് ചർച്ച ചെയ്യാം, ചർച്ചചെയ്ത് തീരുമാനിക്കാം. ആരാധനാക്രമവും അതിന്റെ പരികർമ്മ രീതികളും ഇടവക പൊതുയോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല എന്നും തിരുസഭയുടെ ഔദ്യോഗികമായ പ്രബോധന അധികാരത്തിൽ വരുന്നതാണ് എന്നും ഇവർക്കൊന്നും അറിയാഞ്ഞിട്ടല്ല. മറിച്ച് ആളുകളിൽ അല്പം കൂടി ആശയക്കുഴപ്പണ്ടായേക്കാം എന്ന ചിന്തയോട് കൂടി മാത്രമാണ് ഇവരെല്ലാം പ്രസ്താവനകൾ ഇറക്കുന്നത്.
ഒപ്പം തന്നെ സീറോ മലബാർ സഭയിൽ അംഗങ്ങൾ ആയിരിക്കുന്നു എന്ന് അവകാശപ്പെടുന്ന അതേസമയം സഭയെയും സഭാ തലവനെയും സഭാ പ്രവർത്തനങ്ങളെയും നിരന്തരമായി അപഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന ചില സ്വയം പ്രഖ്യാപിത നേതാക്കന്മാരും ഉണ്ട്.
സീറോ മലബാർ സിനടിനെയും അതിലെ അധികാരികളെയും മോശമായ രീതിയിൽ ചിത്രീകരിക്കുന്ന ഇവരുടെ പ്രസ്താവനകളെ ഒന്ന് തള്ളിപ്പറയുക പോലും ചെയ്യാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിർന്ന വൈദികരെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.
മോനെ അങ്ങനെ ചെയ്യരുത്, നീ തൊഴിക്കുന്നത് മുള്ളാണി മേലാണ് എന്ന് പറഞ്ഞ് അവരെ തിരുത്തുന്നതിന് പകരം അവർ പടച്ചു വിടുന്ന മൂന്നാംകിട വീഡിയോകളെയും പ്രസ്താവനകളെയും സോഷ്യൽ മീഡിയകളിൽ ഈ മുതിർന്ന വൈദികർ പോലും കൊണ്ടുവന്ന ഷെയർ ചെയ്യുന്നത് കാണുമ്പോൾ ഇവരെ നയിക്കുന്ന അരൂപി ഏതാണെന്ന് ചിന്തിച്ചു പോകും…
.സീറോ മലബാർ സഭയിലെ പിതാക്കന്മാരോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററോടും ഒരു അപേക്ഷയുണ്ട്. ഒരു വൈദികൻ എന്ന നിലയിൽ അല്ല ഞാൻ ഇത് പറയുന്നത്. ഒരു സാധാരണ വിശ്വാസിയുടെ മനോഭാവത്തോടെയാണ്.
വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച, അയോഗ്യതയോടെ ബലിയർപ്പിച്ച, അഞ്ചു വൈദികരെയും അവരുടെ പ്രവർത്തിയെ അനുകൂലിക്കുന്നവരെയും കനോൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകുകയും അവരുടെ തെറ്റുകൾ അവർ പരസ്യമായി ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കുകയും ചെയ്യുന്നതുവരെ അവരെ മാറ്റിനിർത്തുകയും ചെയ്യണമെന്നാണ് സീറോ മലബാർ സഭയിലെ ഭൂരിപക്ഷം വിശ്വാസികളും ഞാനടക്കം ആഗ്രഹിക്കുന്നത്.
കാരുണ്യവാനായ നമ്മുടെ കർത്താവ് അവർക്ക് ആഴമായ മനസാന്തരം നൽകട്ടെ. തായ്തണ്ടിനോട് ചേർന്ന് നിൽക്കാൻ, സീറോ മലബാർ സഭയുടെ പൈതൃകവും പാരമ്പര്യവും മനസിലാക്കാൻ, നമ്മുടെ സഭയുടെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാക്രമത്തെ അതിന്റെ തികവിൽ അനുഭവിക്കുവാൻ നല്ല ദൈവം അവർക്ക് ഓരോരുത്തർക്കും, നമുക്കെല്ലാവർക്കും അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാ നീതിയും പൂർത്തിയാക്കാനായി സ്നാപകന്റെ മുന്നിൽ തലകുനിച്ചു നിന്ന തമ്പുരാനെ ഇന്ന് ദനഹാ തിരുന്നാളിൽ നമ്മൾ ധ്യാനിക്കുമ്പോൾ ദൈവമായിരുന്നിട്ടും മനുഷ്യനായി തീർന്ന ക്രിസ്തുവിന്റെ എളിമയുടെ, സ്നേഹത്തിന്റെ മനോഭാവം നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
..റോയിച്ചൻ
Roychen Sdv