കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി.
സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്.
ദനഹാ തിരുനാൾ , കത്തോലിക്കരുടേയും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടേയും പൊതു ആചാരമെങ്കിലും, കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ നോക്കിക്കാണാം.
ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോകുളത്തിലോ പോയി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിരുന്നആചാരക്കുളി (ritual bath) യില്‍ നിന്നാണ് “രാക്കുളി’” എന്നപേരു ലഭിച്ചത്. “ലോകത്തിന്റെ പ്രകാശമായ” മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനുംവാഴപ്പിണ്ടിയില്‍ പന്തംകൊളുത്തി അതിനുചുറ്റും പ്രദക്ഷിണംവെച്ചുകൊണ്ട് “ദൈവം പ്രകാശമാകുന്നു” (ഏല്‍ പയ്യ) എന്ന് ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍ നിന്നാണ് ‘പിണ്ടികുത്തി’പ്പെരുന്നാള്‍ ഉണ്ടായത്.
വെളിപ്പെടുത്തപ്പെട്ട മിശിഹാരഹസ്യത്തെ തങ്ങളുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ സഭയിലെ വിശുദ്ധാത്മാക്കളെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളില്‍ സഭ പ്രത്യേകം അനുസ്മരിക്കുന്നു.യേശുക്രിസ്തുവിന്റെ ജോർദ്ദാനിലെ മാമ്മോദീസയും അവിടുത്തെ പരസ്യജീവിതവും അവിടുത്തെ മനുഷ്യ-ദൈവ സ്വഭാവങ്ങളുമൊക്കെ ദനഹാക്കാലത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു. പരിശുദ്ധ റൂഹായോടുള്ള ഗാഡമായ ബന്ധവും, സ്വയം ശുന്യവത്കരിക്കുന്ന അവിടുത്തെസ്നേഹവും ദനഹാകാലത്തിലെ പ്രധാനപ്പെട്ട ധ്യാന വിഷയങ്ങളാണ്.
ആചരണം
ജനുവരി അഞ്ചാം തിയതി, ഉച്ചതിരിയുമ്പോൾ തന്നെവാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കാലഘട്ടത്തിന്റെ പൂർത്തീകരണത്തിൽ തിരികൾ, വൈദ്യുതി ദീപങ്ങൾക്കു വഴിമാറിയതൊഴിച്ചാൽ മറ്റെല്ലാം പരമ്പരാഗതമായി ഇന്നും അത് കൊണ്ടാടുന്നു. സുറിയാനി കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്. പളളികളിൽ ബഹു.വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു.കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന് പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു. സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന ലോകമെമ്പാടുമുള്ള നസ്രാണികൾ ഭക്ത്യാദരപൂർവ്വം ഈ അനുഷ്ഠാനത്തിൽ പങ്കുചേരുന്നു.
ചരിത്രപരത
ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വത്തിൽ പരിശുദ്ധ ത്രിത്വം പ്രകാശപൂരിതമാകുന്നതിന് സുവിശേഷത്തിൽ, മിശിഹായുടെ ജോർദ്ദാൻ നദിയിലെ മാമോദീസ വേള സുവ്യക്തമായ സാക്ഷ്യം നൽകുന്നുണ്ട്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ.ദനഹാ’ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍വച്ച് ഈശോയുടെ മാമ്മോദീസാ വേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്കരണമാണ്‌അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധറൂഹായും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.പരിശുദ്ധ ത്രിത്വത്തന്റെ രഹസ്യം വെളിപെട്ടതും ഈ മാമ്മോദീസ വേളയിലാണ്.
സാംസ്കാരികാനുരൂപണം
ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല.ഒരു പരിധി വരെ സുറിയാനി കത്തോലിയ്ക്കാ സഭയുടെ സാംസ്കാരികാനുരൂപണത്തിന്റെ ഇന്നിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാൾ. സമയം വില പറയുന്ന തിരക്കുകളുടെയും അതിന്റെ അതിപ്രസരത്തിന്റേയും ഇക്കാലത്തും, ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിയ്ക്കാസഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്.
ദൈവശാസ്ത്രപരമായി,ഈശോ മിശിഹാ, സ്നാപകയോഹന്നാനില്‍നിന്ന് അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിന്റെ പാരമ്പര്യാചരണമാണ് പ്രത്യക്ഷീകരണ തിരുനാൾ എന്നുകൂടിയറിയപ്പെടുന്ന പിണ്ടി കുത്തി തിരുന്നാൾ.ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളിപ്പെരുന്നാൾ (തെക്കു കേരളത്തിലും വടക്കൻ മേഖലയിലും) എന്നും അറിയപ്പെടുന്നു. മധ്യകേരളത്തിൽ വളരെ വിശാലമായി ഈ തിരുനാൾ ആചരിക്കുന്ന പതിവ് നിലവിലുണ്ട്.ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിലെ പിണ്ടിപ്പെരുന്നാളും തൃശ്ശൂരിലെ തന്നെ ചിറ്റാട്ടുകരയിലെ കമ്പിടിതിരുനാളും പ്രസിദ്ധമാണ്.
– പ്രായോഗികത
പ്രായോഗികമായി പറഞ്ഞാൽ, ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമാണു പിണ്ടികുത്തി തിരുനാൾ. ക്രിസ്തുമഹത്വത്തിന്റെ വെളിച്ചം വിശ്വാസികളിലേയ്ക്ക് പകരാനുതകുന്ന ദനഹാ തിരുന്നാളിൽ നമ്മുടെ ഹൃദയം നന്മയാൽ പ്രകാശപൂരിതകേണ്ടതുണ്ട്. അത്തരമൊരു ചൈതന്യത്തിലേ, ആഘോഷങ്ങളുടെ ക്രൈസ്തവമാനം കൈവരിയ്ക്കാനാകൂ.
ഈശോയുടെ മാമ്മോദീസ അനുസ്മരിക്കുന്നതോടൊപ്പം നമ്മുടെ ഓരോരുത്തരുടേയും മാമ്മോദീസ സ്വീകരണത്തെയും മാമ്മോദീസയിലൂടെ നാം ഏറ്റെടുത്ത സാമൂഹ്യ-ധാർമ്മിക-ആത്മീയ ഉത്തരവാദിത്വത്തെയുംപറ്റി ഗാഡമായി ചിന്തിക്കാനുള്ള വിളി കൂടിയാണ്,ദനഹാക്കാലം.ഈശോയെ കൂടുതൽ അടുത്തറിയാനും അവിടുത്തെ തീവ്രമായി സ്നേഹിച്ച്, ദൈവമക്കളായി ജീവിക്കാനും ദനഹാക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.അങ്ങിനെയെങ്കിൽ,പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള മലയാളിയുടെ പതിവു വെടിക്കെട്ട് ആഘോഷം എന്നതിനപ്പുറത്തേയ്ക്ക് ക്രിസ്തു ചൊരിഞ്ഞ വെളിച്ചത്തെ ഹൃദയത്തിൽ സ്വീകരിക്കാനും അതും ജീവിതത്തിലൂടെ പ്രായോഗികമാക്കാനുള്ള സാഹചര്യമാണ്, ദനഹാ തിരുനാളിൽ ഒരുക്കേണ്ടത്. നാം ചെയ്യുന്ന നൻമകൾ, ഈ ദനഹായിൽ നമ്മുടെ ചുറ്റും പ്രഭാവലയം ചൊരിയട്ടെ. ആ പ്രഭാവലയത്തിന്റെ പ്രകാശം, മറ്റുള്ളവരുടെ ജീവിതത്തിലേക്കു പകരുമ്പോഴാണ്, അത് യഥാർത്ഥ ദനഹാ അനുസ്മരണമാകുക.നന്മ നിറഞ്ഞ ദനഹാ തിരുനാളാശംസകൾ നേരുന്നു….ഏവർക്കും പിണ്ടി കുത്തി തിരുനാൾ ആശംസകൾ !!
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,സെന്റ്.തോമസ് കോളേജ്,തൃശ്ശൂർ