ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും-

1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ് 2021 ഒക്ടോബർ മാസത്തിൽ പാപ്പാ ഫ്രാൻസിസ് തുടക്കം കുറിച്ചത്. ഐക്യദാർഢ്യം, പങ്കാളിത്തം, പ്രേഷിതദൗത്യം എന്നിങ്ങനെ സഭാസമൂഹത്തിന്‍റെ ത്രിവിധ മാനങ്ങളുടെ വളർച്ച ലക്ഷ്യംവയ്ക്കുന്ന ഈ സിനഡു സമ്മേളനത്തിന് ആരാധനക്രമ ജീവിതവുമായി പ്രത്യേക ബന്ധമുണ്ടെന്ന് പറയേണ്ടതില്ലല്ലോ! കാരണം, സഭ അതിന്‍റെ യഥാർത്ഥ രൂപം കൈക്കൊള്ളുന്നത് കർത്താവിന്‍റെ വിരുന്നുമേശയ്ക്കു ചുറ്റും സഭാമക്കൾ സമ്മേളിക്കുമ്പോഴാണ്.

2. കൂട്ടായ്മയുടെ പരമോന്നത രൂപം – കുർബ്ബാനആരാധനക്രമത്തിൽ ഇതര കൂദാശകൾക്കൊപ്പം സഭയുടെ പരമോന്നത കൂദാശയായ പരിശുദ്ധ കുർബാനയിലെ കൂട്ടായ്മയുടേയും പങ്കാളിത്തിന്‍റേയും പ്രേഷിതദൗത്യത്തിന്‍റേയും മാനങ്ങൾ പ്രകടമാകത്തക്ക വിധത്തിൽ മാറ്റങ്ങൾക്ക് വഴിതുറന്നത് രണ്ടാം വത്തിക്കാൻ സൂനഹദോസാണ് (1962-65). ഇത് കൂടുതൽ യാഥാർത്ഥ്യമായത് തദ്ദേശവത്ക്കരണത്തിന് സൂനഹദോസ് നല്കിയ സ്വാതന്ത്ര്യത്തിലൂടെയാണ്. നൂറ്റാണ്ടുകളായി ലത്തീൻ ഭാഷയിലും പുറകുതിരിഞ്ഞു നിന്നും കാർമ്മികൻ ചൊല്ലിയിരുന്ന ദിവ്യപൂജാക്രമം പ്രാദേശിക ഭാഷയിലേയ്ക്കു പരിഭാഷചെയ്യുകയും ജനാഭിമുഖമായി ദിവ്യബലി അർപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഈ സൂനഹദോസ് തദ്ദേശ സഭാസമൂഹങ്ങൾക്ക് നല്കുകയും ചെയ്തു. അങ്ങനെ കാർമ്മികർക്കൊപ്പം ജനങ്ങൾ താന്താങ്ങളുടെ ഭാഷയിൽ പ്രാർത്ഥിക്കുകയും പ്രത്യുത്തരിക്കുകയും, ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന ദൈവജനത്തിന്‍റെ സജീവ പങ്കാളിത്തവും കൂട്ടായ്മയും പ്രകടമാക്കുന്ന വേദിയായി ദിവ്യബലിയർണം.

3. ലത്തീൻ ആരാധനക്രമത്തിന്‍റെ സാർവ്വത്രികതദിവ്യപൂജ ലത്തീൻ ഭാഷയിൽ ആയിരുന്ന കാലത്ത് കത്തോലിക്കാ സഭയിൽ പൊതുവെ ഉപയോഗത്തിലുണ്ടായിരുന്ന ദിവ്യപൂജാ ഗാനങ്ങളുടെ സമാഹാരം (Liber Usualis) ഇന്നും മാതൃകയാക്കാവുന്ന ആരാധനക്രമ ഗീതങ്ങളുടെ സമ്പൂർണ്ണ ശേഖരമാണ്. ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.

4. കൂട്ടായ്മ വളർത്തിയ ആദ്യപരിഭാഷതദ്ദേശവത്ക്കരണത്തിനു വത്തിക്കാൻ സൂനഹദോസ് നല്കിയ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ലത്തീൻ മൂലകൃതിയിൽനിന്നും ആദ്യമായി ദിവ്യബലിയുടെ പ്രാർത്ഥനകളും ഇതര കൂദാശക്രമങ്ങളും ഏറെ ക്രിയാത്മകമായി പരിഭാഷപ്പെടുത്തിയത്. പ്രാദേശിക ലത്തീൻ ഹയരാർക്കിയുടെ അന്നത്തെ ആരാധനക്രമ കമ്മിഷൻ (1968-1970) തദ്ദേശത്തനിമയോടും ഭാഷാഭംഗിയോടുംകൂടെ തയ്യാറാക്കിയ ഗ്രന്ഥം പ്രാദേശിക സഭ ഹൃദ്യമായി ഉൾക്കൊള്ളുകയും 50 വർഷത്തോളം സസന്തോഷം ഉപയോഗിക്കുകയും ചെയ്തു. 1970-ൽ പുറത്തുവന്ന ദിവ്യബലിയുടെ മനോഹരമായ ആ പരിഭാഷയും ഗാനരൂപങ്ങളും ജനങ്ങളിൽ സജീവ പങ്കാളത്തത്തിന്‍റേയും ആത്മീയതയുടേയും അലയടികൾ ഉയർത്തി. ജനങ്ങളും കാർമ്മികനും ഗായകസംഘവും ഒരുമയോടെ സജീവമായി പ്രാർത്ഥിക്കുന്ന കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും ബലിയർപ്പണം സഭ പ്രബോധിപ്പിക്കുന്ന “സിനഡാത്മകത”യുടെ (Sinodality) മാതൃകയാണ്.

5. കൂട്ടായ്മയെ വികലമാക്കിയ “അക്ഷരാർത്ഥ” പരിഭാഷമലയാളത്തിലുള്ള ആദ്യത്തെ ദിവ്യപൂജാക്രമത്തിന്‍റെ പരിഭാഷ പരീക്ഷണാർത്ഥം എന്ന നിലയിലാണ് (ad experimentum) പുറത്തുവന്നത്. പ്രാദേശിക സഭയിൽ ഉപയോഗിച്ചിരുന്ന കുർബ്ബാനക്രമം, രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ അൻപതാം വാർഷികത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ചു നവീകരിക്കുവാനും കുറവുണ്ടെങ്കിൽ കൂട്ടിച്ചേർക്കുവാനുമാണ് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘത്തിലൂടെ (Congregation for Sacred Liturgy & Sacraments) മുൻപാപ്പാ ബനിഡിക്ട് ആവശ്യപ്പെട്ടത്. ഇതിനോട് അനുബന്ധിച്ച് കേരള ലത്തീൻ സഭ കൈക്കൊണ്ട നവമായ “അക്ഷരാർത്ഥ” പരിഭാഷയ്ക്കുള്ള (Literal translation) സംഘത്തിന്‍റെ പരിശ്രമം പാളിപ്പോയത് കൂട്ടയാമയുടെ ചൈതന്യത്തെ വികലമാക്കിയെന്ന് ഖേദപൂർവ്വം രേഖപ്പെടുത്തുന്നു. അക്ഷരാർത്ഥ തർജ്ജുമ സഭ പ്രതീക്ഷിക്കുന്നില്ല. എങ്ങനെ ചെയ്യണമെന്ന് “യഥാർത്ഥ ആരാധനക്രമം” (Liturgiam Authenticam) എന്ന സഭയുടെ പ്രബോധനം പറയുന്നുണ്ട്.

6. ചൊല്ലുന്നവരേയും കേൾക്കുന്നവരേയും കുഴപ്പിക്കുന്ന ക്ലിഷ്ടതകൾമലയാളത്തിലുളള കുർബ്ബനക്രമത്തിന്‍റെ നവമായ പരിഭാഷയിൽ അല്ലെങ്കിൽ “റോമൻ മിസാൾ” എന്നു ശീർഷകം ചെയ്തിരിക്കുന്ന രണ്ടാം പതിപ്പിൽ വരുത്തിയിരിക്കുന്ന ഭാഷാപരവും ആശയപരവുമായ തെറ്റുകൾ കാലംപൊറുക്കാത്തതും മാതൃഭാഷയെ തരംതാഴ്ത്തുന്നതുമാണ്. സൂനഹദോസിന്‍റെ 50-ാം വാർഷികത്തിൽ വത്തിക്കാൻ ആവശ്യപ്പെട്ട നവീകരണം, പരീക്ഷണാർത്ഥം ഉപയോഗിച്ചിരുന്ന കുർബ്ബാനക്രമത്തിലെ കുറവുകൾ പരിഹരിച്ച് നവീകരിക്കുവാൻ മാത്രമായിരുന്നു. അതിമനോഹരമായൊരു പരിഭാഷ നിലനില്ക്കേ ഇത്ര വികലമായൊരു തർജ്ജുമ എങ്ങനെ സാധിച്ചുവെന്നത് ദൈവജനത്തെ ഏറെ അമ്പരപ്പിക്കുന്ന വസ്തുതയും, പരമോന്നത കൂദാശയുടെ സിനഡാത്മകതയും ആത്മീയതയും തകർക്കുന്ന അവസ്ഥയുമാണ്.

7. കൂട്ടായ്മയെ തകർക്കുന്ന ശബ്ദകോലാഹലംകുർബ്ബാനയുടെ കൂട്ടായ്മയും ആത്മീയതയും നശിപ്പിക്കുന്നതും സഭയിൽ നിലവിലുള്ളതുമായ മറ്റൊരു ഘടകം ഇന്നു കാണുന്ന ഗായകസംഘങ്ങളുടെ തെറ്റായ പ്രവണതകളാണ്. ദൈവജനം ഒന്നുചേർന്നു പാടുവാനുള്ള സാദ്ധ്യതകൾ നശിപ്പിക്കുന്ന “ഗാനമേളയായി” ദേവാലയ ഗായകസംഘങ്ങൾ ചുരുങ്ങിയിട്ടുണ്ട്. ഏകാലപനം, യുഗ്മഗാനാലപനം; ഫ്ലോപ്പി, റിതംബോക്, പെൻഡ്രൈവ് എന്നിയുടെ ഡിജിറ്റൽ ഉപകരണസംഗീത അകമ്പടിയോടെയാണ് ഇന്ന് നമ്മുടെ ദേവാലയങ്ങളിൽ ഗായകസംഘങ്ങൾ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. ശബ്ദധോരണിയുടെ തെറ്റായ പ്രയോഗംമൂലം ദേവാലയങ്ങൾ ശബ്ദമലീമസവും, പ്രാർത്ഥനയെ പ്രകടനമാക്കി മാറ്റുന്ന അവസ്ഥയുമാണ്. ഈ സംഘങ്ങൾ തിരുനാളുകൾക്കും, പരേതരുടെ അനുസ്മരണം, വിവാഹം എന്നിങ്ങനെയുള്ള വിശേഷ തിരുക്കർമ്മങ്ങൾക്കും വാങ്ങുന്ന പാരിതോഷികവും സഭ അനുവദിക്കുന്നതിലും (Decretum) അധികമാണ്. ആരാധനക്രമ ഗാനങ്ങൾക്കു പകരം ഭക്തിഗാനങ്ങൾ പാടിത്തകർക്കുന്ന പതിവും ആരാധനക്രമത്തിന്‍റെ കൂട്ടായ്മയെ തകിടംമറിക്കുന്ന ഇന്നത്തെ രീതികളാണിതെല്ലാം. ലോകത്ത് ഒരിടത്തും സഭയിൽ ഇല്ലാത്ത അതിരുകടന്ന സാമ്പത്തിക ചൂഷണത്തിന്‍റെ കരിനിഴലാണിത്.

8. നവീകരണത്തിനുള്ള പാപ്പായുടെ ആഹ്വാനംആരാധനക്രമത്തിൽ ഇപ്രകാരം കടന്നുകൂടിയിട്ടുള്ള തെറ്റുകൾ എത്രയും വേഗം തിരുത്തേണ്ട ഉത്തരവാദിത്തം പ്രാദേശിക മെത്രാൻ സമിതിയുടേതാണെന്ന് “മഹത്തായ തുടക്കം” (Magnum Principium) എന്ന തന്‍റെ സ്വാധികാര പ്രബോധനത്തിലൂടെ (Motu Proprio) പാപ്പാ ഫ്രാൻസിസ് 2016-ൽ പ്രബോധിപ്പിച്ചിട്ടുള്ളതാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് നടപ്പാക്കിയ ആരാധനക്രമത്തിന്‍റെ തദ്ദേശവത്ക്കരണം കൂട്ടായ്മയിലൂടെയുള്ള സഭാനവീകരണ പദ്ധതിയുടെ മഹത്തായ ആരംഭമാണെന്ന പാപ്പായുടെ ആവർത്തിച്ചുള്ള ആഹ്വാനത്തിന്, നാം ആരംഭിച്ചിരിക്കുന്ന കൂട്ടായ്മയുടെ സിനഡു സമ്മേളനത്തോടൊപ്പം കാതോർക്കാം.

ഫാദർ വില്യം നെല്ലിക്കൽ

നിങ്ങൾ വിട്ടുപോയത്