ക്രിസ്തുവിന്റെ രണ്ടാം വരവ് ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്. ക്രിസ്തു തന്റെ ആദ്യവരവില്‍ മിശിഹായെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട് ബെത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ഒരു ശിശുവായി ജനിച്ചു. യേശുവിന്റെ ജനനം, ജീവിതം, ശുശ്രൂഷ, മരണ പുനരുദ്ധാനങ്ങള്‍ എന്നിവയിലൂടെ ക്രിസ്തുവിനെ പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ യേശു നിറവേറ്റി. എന്നാല്‍ യേശുവിനെപ്പറ്റിയുള്ള പ്രവചനങ്ങളില്‍ പലതും ഇനിയും നിറവേറാനുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിലാണ് ആ പ്രവചനങ്ങള്‍ നിറവേറുന്നത്.
യേശു ആദ്യം വന്നത് കഷ്ടമനുഭവിക്കുന്ന ദൈവത്തിന്റെ ദാസനായിട്ടാണ്. എന്നാൽ തന്റെ രണ്ടാം വരവില്‍ ക്രിസ്തു ഒരു ജയാളിയായ രാജാവായി വരും. തന്റെ ആദ്യ വരവില്‍ അവന് താഴ്മ ധരിച്ചവനായി വന്നു. എന്നാല്‍ യേശു തന്റെ മടങ്ങി വരവില്‍ സ്വര്‍ഗ്ഗീയ സേനയുടെ അകമ്പടിയോടെയാണ് വരുവാന്‍ പോകുന്നത്. മനുഷ്യ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഒരു “മഹാകഷ്ട”ത്തിന്റെ ഭാഗമായിട്ടായിരിക്കും ന്യായവിധിയുടെ ഈ സമയം വരുന്നത്. ക്രിസ്തു എപ്പോഴാണ് വരുന്നത്? യേശു പറഞ്ഞു: “ആ നാളും നാഴികയും ആർക്കും അറിയില്ല. (മത്തായി 24:36). സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് വേണ്ടി സമർപ്പിക്കുക.
ഒരു നൂറ്റാണ്ടോളമായി ലോകമെമ്പാടും നടമാടുന്ന ഭയാനക സംഭവങ്ങൾ, നാം ജീവിക്കുന്നത് അന്ത്യനാളുകളിലാണെന്നു തെളിയിക്കുന്നു. അന്ത്യ നാളുകളിൽ നാം ദൈവഹിതത്തിന് അനുസ്യതമായും, പൂർണ്ണമായും തിരുവചനത്തെ പൂർണ്ണമായി അനുസരിച്ചും, പ്രാർത്ഥനയിൽ ശ്രദ്ധകേന്ദീകരിച്ചും, പൂർണ്ണമായും യേശുവിൽ വിശ്വസിച്ചും കർത്താവിന്റെ വരവിനായി ഒരുങ്ങാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ