ഝാൻസിയിലെ റാണിമാർ

കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും സന്യാസാർത്ഥികളായെത്തിയ രണ്ട് പെൺകുട്ടികളും എന്ത് പ്രതിരോധമാണ് തീർത്തത്! എത്ര വലിയ ക്രിസ്തു സാക്ഷ്യമാണ് നൽകിയത്! അവരെ കുറിച്ച് അഭിമാനം മാത്രം. ആ ധീരതയ്ക്കും മന:സ്സാന്നിദ്ധ്യത്തിനും പകരം വയ്ക്കാൻ മറ്റൊന്നില്ല. ആദരവ്.

നാം എങ്ങിനെ ഇവിടെയെത്തി എന്നുള്ളത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ഭാരതത്തിന്റെ സെക്യുലർ ഫാബ്രിക് തകർന്നിട്ട്, തകർക്കപ്പെട്ടിട്ട് കുറച്ച് കാലമായി. ളോവയിട്ടിട്ട് പോട്ടെ, ക്രിസ്ത്യാനിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഭാരതമെങ്ങും സ്വതന്ത്രമായും നിർഭയമായും സഞ്ചരിക്കാൻ സാധിക്കില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയട്ടു തന്നെ നാള് കുറേയായി. കേരളം ഓക്കേ. സൗത്ത് ഇന്ത്യ കുറേ ഒക്കേ, അതിനപ്പുറത്ത് നോർത്ത് ഈസ്റ്റ് ഇൻഡ്യയും, ഒരു പക്ഷെ പഞ്ചാബും കഴിഞ്ഞാൽ ബാക്കിയെല്ലാം കണക്കാ. മതേതര പാർട്ടികളും ചിന്തകളും അവിടങ്ങളിൽ ശക്തിപ്പെടട്ടേയെന്ന് മാത്രമേ പ്രാർത്ഥിക്കാനാവൂ. അതിനിടയിലൂടെയും മനസ്സ് മടുക്കാതെ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പ്രവർത്തികുകയെന്നതാണ് ക്രിസ്ത്യാനിയുടെ വിളി. ഝാൻസിയിലെ റാണിമാരേക്കാൾ ശക്തമായ മാതൃക ഈ കാര്യത്തിൽ സഭയ്ക്കില്ല. “ആൾക്കൂട്ട”ങ്ങളെ വിളറി പിടിപ്പിക്കുന്ന അവരുടെ സൗമ്യ സാന്നിദ്ധ്യം തന്നെയാണ് ഏറ്റവും നല്ല മറുമരുന്ന്.

എല്ലാ പ്രാർത്ഥനകളും, ഝാൻസിയിലെ തിരുഹൃദയ റാണിമാരേ. അൽപം പോലും ഇടറാതെ മുന്നോട്ട് തന്നെ നടക്കുവാൻ ഈശോ തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. അനേകം യുവതികൾ (യുവാക്കളും) നിങ്ങളുടെ മാതൃകയിൽ നിന്നും ഊർജ്ജം സ്വീകരിക്കട്ടെ.

ഇത് സംഭവിച്ചത് കൊണ്ട് കേരളത്തിൽ അത് ഒര് പൊളിറ്റിക്കൽ ആർഗുമെന്റാക്കണമെന്ന അഭിപ്രായവും ഇല്ല. മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും. ഇപ്പോഴുള്ള അബരേഷൻസ് മാറ്റപ്പെടേണ്ടത് തന്നെയാണ്. പക്ഷെ അത് വെറും രണ്ട് ശതമാനമുള്ള കൈസ്തവന്യൂനപക്ഷത്തിന്റെ വോട്ടിങ്ങ് പവ്വർ കൊണ്ട് നേടേണ്ടതാണെന്നും, നേടാൻ പറ്റുമെന്നും കരുതുന്നില്ല. എല്ലാ ചിന്താധാരകളോടും സംവേദിച്ചും, സഹവസിച്ചും, വിശുദ്ധീകരിച്ചും മാത്രമേ ആ ലക്ഷ്യത്തിൽ എത്തിച്ചേരൂ. ആരേയും ഒഴിവാക്കാതെ എല്ലാവരേയാം ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകാനുള്ള പക്വതയും കാട്ടണം.

ജെയ്സൺ മുളേരിക്കൽ സി. എം. ഐ.

നിങ്ങൾ വിട്ടുപോയത്