യേശു ക്രിസ്തുവിനാൽ ഭരമേൽപ്പിക്കപ്പെട്ടതുംശ്ലീഹാന്മാരുടെ പ്രബോധനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ നേതൃത്വത്തിൻ കീഴിൽ സഭയിലൂടെ നിർവഹിക്കപ്പെടുന്നതുമാണ് കത്തോലിക്കാ സഭയിലെ പ്രബോധന ശുശ്രൂഷ.
വ്യക്തമായ പ്രബോധന അധികാരവും ആ അധികാരം നിർവഹിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അതിനായി നിയോഗിക്കപ്പെട്ട അധികാരികളും വ്യക്തികളുമുള്ള കത്തോലിക്കാ സഭയിൽ അബദ്ധ പ്രബോധനങ്ങളും പ്രബോധകരും ഉണ്ടാകുന്നത് പ്രധാനമായും ജാഗ്രതക്കുറവുകൊണ്ടാണ്.
സുവിശേഷ പ്രാഘോഷണം ഒരോ വിശ്വാസിയുടെയും കടമയും അവകാശവും ആയിരിക്കുമ്പോൾത്തന്നെ, അതു ശരിയായ രീതിയിലും കൃത്യമായ ഉള്ളടക്കത്തോടെയും നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ സഭക്കു മുഴുവനും കൂട്ടുത്തരവാദിത്വമുണ്ട്.
ക്രിസ്തു മാർഗം കുരിശും സഹനവും ത്യാഗവും ആവശ്യപ്പെടുന്ന ഒന്നാണ്. ക്രിസ്തുവും കുരിശും ഉയിർപ്പിന്റെ ശക്തിയുമില്ലാതെ, ക്രിസ്തു മാർഗം എന്ന ലേബലിൽ ആരെങ്കിലും സഭയിൽ ആകർഷകമായ വിജയ മന്ത്രങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ, അവർ ഉപയോഗിക്കുന്ന ലേബലിനു പിന്നിൽ വിറ്റഴിക്കുന്നത് എന്താണെന്നു പരിശോധിക്കാൻ സഭയുടെ സംവിധാനങ്ങൾക്കു കടമയുണ്ട്. ബോധപൂർവ്വമോ അല്ലാതെയോ അബദ്ധ പ്രബോധനങ്ങളും സുവിശേഷത്തിനു നിരക്കാത്ത സിദ്ധാന്തങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നേരിട്ടുള്ള പ്രസംഗങ്ങളിലൂടെയും പരിശീലന പരിപാടികളിലൂടെയും ചിലർ പ്രചരിപ്പിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധിക്കാൻ ഇടയായി.
ഇത്തരം കാര്യങ്ങളിൽ ആരെയും വ്യക്തിപരമായി കുറ്റം വിധിക്കാനോ അവരുടെ ആത്മാർത്ഥതയെ ചോദ്യംചെയ്യാനോ മുതിരുന്നതിനു മുൻപ്, അവരുടെ പ്രബോധനങ്ങളിലെ തെറ്റായ കാര്യങ്ങളും പ്രവണതകളും എന്താണെന്നും, അവർ ഏർപ്പെട്ടിരിക്കുന്ന പ്രബോധന രംഗവുമായി ബന്ധപ്പെട്ട സഭാ പ്രബോധനങ്ങളിലും വ്യാഖ്യാനങ്ങളിലും അവർക്കുള്ള അറിവും അവഗാഹവും എന്തെന്നും അവർ തങ്ങളുടെ ജീവിതംകൊണ്ട് അതു സാക്ഷ്യപ്പെടുത്തുന്നവരാണോ എന്നും പരിശോധിക്കപ്പെടണം. വ്യക്തിപരമായ അറിവോ അഭിപ്രായമോ അനുഭവമോ സഭയുടെ പ്രബോധനമായോ ക്രിസ്തീയ ധാർമിക നിലപാടായോ അവതരിപ്പിക്കാൻ ഇടയായാൽ, അതു സഭയിൽ അഭിപ്രായ ഭിന്നതകളും കലഹവും വളർത്തും. തെറ്റായ മാർഗത്തിലേക്ക് അനേകരെ വഴിതിരിച്ചു വിടാൻ ഇടയാകുകയും ചെയ്യും.
മറ്റൊരു മതത്തിലെയോ വിശ്വാസ ധാരയിലെയോ തീവ്ര നിലപാടുകളും സുവിശേഷ വിരുദ്ധമായ മൂല്യങ്ങളും ക്രിസ്തു മാർഗ്ഗത്തിലൂടെ പ്രചരിപ്പിക്കാനോ സാധൂകരിക്കാനോ ഉള്ള ശ്രമങ്ങൾ വലിയ ഭിന്നതകളിലേക്കും വിശ്വാസ വിപരീതങ്ങളിലേക്കും വിശ്വാസികളെ നയിക്കും എന്നതിനാൽ, ക്രിസ്തീയ വിശ്വാസത്തിൽ പക്വത പ്രാപിക്കാത്ത വ്യക്തികൾ തങ്ങളുടെ മാനസാന്തര അനുഭവം പങ്കുവയ്ക്കുന്നതും അവരറിഞ്ഞ സുവിശേഷത്തിന്റെ സന്തോഷവും സമാധാനവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും മറ്റും, വിശ്വാസത്തിൽ പക്വതയും പ്രബോധനങ്ങളിൽ വ്യക്തതയുമുള്ള വ്യക്തികളുടെ മാർഗ്ഗനിർദേശങ്ങളോടെ ആയിരിക്കുന്നതാണ് ഉചിതം.
സഭയുടെ പ്രബോധകരും സുവിശേഷത്തിന്റെ തെറ്റുകൂടാത്ത പ്രഘോഷകരുമായി അവർ പക്വത പ്രാപിക്കുവോളം ഇപ്രകാരമുള്ള നേതൃത്വവും നിയന്ത്രണവും അത്യന്താപേക്ഷിതമാണ്. അതിനു ശേഷവും വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി മാത്രമേ കത്തോലിക്കാ സഭയിൽ അവർക്കു പ്രബോധനപരമായ ശുശ്രൂഷകൾ നിർവഹിക്കാൻ കഴിയുകയുള്ളു.
ആരെയും തള്ളിക്കളയണം എന്നോ മാറ്റി നിർത്തണമെന്നോ അല്ല, പിന്നെയോ അനുചിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതും തെറ്റായതുമായ പ്രബോധനങ്ങൾ സഭയെ വഴിതെറ്റിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം എന്നാണ് പറയാൻ ശ്രമിച്ചത്.
കെ സി ബി സി യുടെ ഡോക്ട്രൈനൽ കമ്മീഷനാണ് കേരള കത്തോലിക്കാ സഭയിൽ ഇക്കാര്യങ്ങൾ പരിശോധിച്ചു നിർദേശങ്ങൾ നൽക്കാനുള്ള ചുമതലയും അധികാരവുമുള്ളത്. തീർച്ചയായും ഇത്തരം ചർച്ചകൾ സഭയുടെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടും എന്നുതന്നെ കരുതാം.
ഫാ. വർഗീസ് വള്ളിക്കാട്ട്