കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന് സമിതി അനുശോചനം രേഖപ്പെടുത്തി.
ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജയില്‍ വാസത്തിനിടയില്‍ ആരോഗ്യനില തീര്‍ത്തും മോശമായതിനെത്തുടര്‍ന്നു കോടതി ഇടപ്പെട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനേകര്‍ തീവ്രദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും വിശിഷ്യ ഈശോസഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി പങ്കുചേരുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ കുറിച്ചു.