മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് പെരുമാട്ടിക്കുന്നേല്‍ അച്ചന്‍ (04/12/1964 – 06/07/2021) ഇന്നലെ രാത്രി 10.45-ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ശ്വാസകോശസംബന്ധമായ രോഗത്താല്‍ ഏറെനാളുകളായി ക്ലേശിച്ചിരുന്ന അച്ചന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

പുതിയിടം കുന്ന് ഇടവകയില്‍ ശുശ്രൂഷാജീവിതം നയിക്കവേയായിരുന്നു അച്ചന്റെ ദേഹ വിയോഗം. പെരുമാട്ടിക്കുന്നേല്‍ ആഗസ്തി ഏലിക്കുട്ടി ദമ്പതികളുടെ മകനായി ഉദയഗിരിയില്‍ ജനിച്ച തോമസച്ചന് പതിനൊന്ന് സഹോദരങ്ങളാണുള്ളത്. കുടുംബം ഇപ്പോള്‍‍ മാനന്തവാടി രൂപതയിലെ ശാന്തിഗിരി ഇടവകയിലാണുള്ളത്. അടക്കാത്തോട് ഗവ. യു.പി. സ്കൂളിലും കേളകം സെ. തോമസ് ഹൈസ്കൂളിലുമായിട്ടാണ് അച്ചന്‍ തന്റെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി തിരിച്ചറിഞ്ഞ് മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനാകാന്‍ തീരുമാനിച്ച അച്ചന്‍ മാനന്തവാടി മൈനര്‍സെമിനാരിയിലും വടവാതൂര്‍ അപ്പസ്തോലിക സെമിനാ രിയിലുമായി തന്റെ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1997 ഡിസംബര്‍ 23-ന് അഭിവന്ദ്യ എമ്മാനുവല്‍ പോത്തനാമുഴി പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

തിരുപ്പട്ട സ്വീകരണശേഷം 1998 മുതല്‍ മണിമൂളി ഇടവക, ജോര്‍ദ്ദാനിയ എസ്റ്റേറ്റ്, സീതാമൗണ്ട്, മരകാവ്, പട്ടാണിക്കൂപ്പ്, കോട്ടത്തറ, വാളവയല്‍, റീജിയണല്‍ പാസ്റ്ററല്‍ സെന്‍റര്‍ – മണിമൂളി, മരുത, പേര്യ, പുതിയിടംകുന്ന് എന്നീ ഇടവകകളില്‍ ഹ്രസ്വവും ദീര്‍ഘവുമായ കാലഘട്ടങ്ങളിലൂടെ തന്‍റെ ശുശ്രൂഷാജീവിതം അദ്ദേഹം കാഴ്ചവെച്ചു. വൈദികപരിശീലനത്തിലായിരുന്ന കാലഘട്ടത്തില്‍ത്തന്നെ ഒഴിവുസമ യങ്ങളില്‍ പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയുള്ള വീടുനിര്‍മ്മാണത്തിലും മരപ്പണിയി ലുള്ള തന്റെ വൈദഗ്ദ്യം ഉപയോഗിച്ചുകൊണ്ട് അവര്‍ക്കു വേണ്ടിയുള്ള വീട്ടുപകര ണങ്ങളുടെ നിര്‍മ്മാണത്തിലും അച്ചന്‍ മുഴുകിയിരുന്നു. എളിമയും ദൈവാശ്രയ ബോധവും ആഴമായ ദൈവവിശ്വാസവും അച്ചന്റെ കൈമുതലായിരുന്നു. വിവിധ ഇടവകകളിലായിരുന്നപ്പോഴും ആത്മീയശുശ്രൂഷയ്ക്കായി ധാരാളം സമയം മാറ്റിവെച്ചി രുന്ന തോമസച്ചന്‍ അഭിവന്ദ്യ പിതാവിന്റെ ഔദ്യോഗിക അംഗീകാരത്തോടെ മാനന്തവാടി രൂപതയില്‍ ഭൂതോച്ഛാടനശുശ്രൂഷയും സവിശേഷമായി നിര്‍വ്വഹിച്ചി രുന്നു. മാനന്തവാടി രൂപതയുടെ അകത്തുനിന്നു പുറത്തു നിന്നുമായി നിരവധി യാളുകള്‍ അച്ചന്റെ ആത്മീയശുശ്രൂഷ സ്വീകരിച്ച് ജീവിതസമാധാനവും ദുശീലങ്ങളില്‍ നിന്നുള്ള മോചനവും ദൈവാനുഗ്രഹവും പ്രാപിച്ചിട്ടുണ്ട്. താരതമ്യേന ഹ്രസ്വമായി രുന്നു അച്ചന്റെ പൗരോഹിത്യജീവിതം എങ്കിലും, അനേകര്‍ക്ക് ആത്മീയവും ഭൗതിക വുമായ നന്മകള്‍ ചെയ്യുവാനും അവരുടെ ഓര്‍മ്മകളില്‍ ഇടംപിടിക്കുവാനും തോമസച്ചന് സാധിച്ചിട്ടുണ്ട്. തന്റെ ദേഹവിയോഗത്തെക്കുറിച്ച് നിശ്ചയമുണ്ടായിരുന്ന തോമസച്ചന്‍ അഭിവന്ദ്യ പിതാവിനെ ആശുപത്രിയിലേക്ക് വിളിച്ച് കാണുകയും സംസാരിക്കുകയും രൂപതാവൈദികര്‍ക്കും തന്റെ സഹപാഠികളായ വൈദികര്‍ക്കും പ്രത്യേകം സന്ദേശങ്ങള്‍ നല്കുകയും ചെയ്തിരുന്നു.

പുതിയിടംകുന്ന് ഇടവകയില്‍ ഇന്നുരാവിലെ പൊതുദര്‍ശനത്തിന് വെച്ചിരുന്ന അച്ചന്റെ ഭൗതികശരീരം വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദ്വാരക പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലിലേക്ക് കൊണ്ടുവന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇന്നു വൈകുന്നേരം 3 മണി വരെ അച്ചന്റെ ഭൗതികശരീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിന് അവസരമുണ്ടായിരിക്കും. അതിന് ശേഷം 3.30-ന് വിശുദ്ധ ബലിയോടുകൂടെ മൃതസംസ്കാരശുശ്രൂഷയുടെ അവസാനഭാഗത്തിന് അഭി. ജോസ് പൊരുന്നേടം പിതാവ് നേതൃത്വം നല്കും. അച്ചന്റെ ദേവിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദുഖം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Fr. Jose Kocharackal

PRO

Diocese of Mananthavady

നിങ്ങൾ വിട്ടുപോയത്