അഞ്ചു വർഷക്കാലം

അഞ്ചു വർഷക്കാലം സീറോ മലബാർ സഭയെ തന്റെ സാന്നിധ്യം കൊണ്ടും ശുശ്രൂഷാ പൗരോഹിത്യം കൊണ്ടും വിമലീകരിച്ച വിശുദ്ധ വൈദികൻ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലർ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ തന്റെ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വരുന്നവർക്ക്‌ ഈ വന്ദ്യ വൈദികന്റെ വിശുദ്ധ സാന്നിധ്യവും സൗമ്യമായ പെരുമാറ്റവും ഏറെ പ്രചോദനാത്മകമായിരുന്നു.

സഭയുടെ കൂരിയ ചാന്‍സലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂര്‍ തൃശൂര്‍ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്. ചെറുവത്തൂര്‍ പരേതരായ ആന്റണി മാസ്റ്ററിന്റെയും മേരി ടീച്ചറിന്റെയും മകനായ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ 1991 ല്‍ പൗരോഹിത്യം സ്വീകരിച്ചു.ബംഗളൂരുവിലെ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റ്, പാസ്റ്ററല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് എന്നിവ നേടി. വിവിധ ഇടവകകളില്‍ സഹവികാരി, വികാരി, അതിരൂപതയുടെ വൈസ് ചാന്‍സലര്‍, നോട്ടറി, വിവാഹ കോടതിയിലെ അഡ്ജുഡന്‍റ് ജുഡീഷ്യല്‍ വികാരി, ജഡ്ജ്, ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസറി

മേജർ ആർച്ചുബിഷപ്പും ,ക്യൂരിയ മെത്രാനും , ചാൻസലറും അദ്ദേഹത്തിന്റെ സഹകാരികളും പ്രവർത്തിക്കുന്ന ഓഫീസാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസറി.

CCEO പ്രകാരം സി. 123, മേജർ ആർച്ച് ബിഷപ്പിന്റെ അതിരൂപതയുടെ ക്യൂരിയയിൽ നിന്ന് വ്യത്യസ്‌തമായ മേജർ ആർച്ച്‌ബിഷപ്പ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ക്യൂരിയക്ക് ഒരു ചാൻസലറെ നിയമിക്കും. ഓഫീസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ കണക്കിലെടുക്കുമ്പോൾ, ചാൻസലർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ക്യൂരിയയുടെ എക്‌സ് ഒഫീഷ്യോ നോട്ടറി കൂടിയായതിനാൽ, അദ്ദേഹം സൽ സ്വഭാവക്കാരനും അറിയപ്പെടുന്ന ധാർമ്മിക യോഗ്യതയും നേടിയിരിക്കണം. ചാൻസലർ എന്ന നിലയിൽ അദ്ദേഹം ചാൻസറിയുടെയും ആർക്കൈവ്സ് ഓഫ് ക്യൂരിയയുടെയും അധ്യക്ഷനാണ്.

മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലറുടെ പ്രധാന ജോലികൾ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ ക്യൂരിയയുടെ പ്രവർത്തനങ്ങൾ ആധികാരികമാക്കുക, സഭയുടെ ഡാറ്റകൾ ശേഖരിക്കുക, ക്രമീകരിക്കുക, സംരക്ഷിക്കുക എന്നിവയാണ്. വിവിധ രൂപതകളുടെ ഏകോപന ദൗത്യത്തിലും, കുടിയേറ്റക്കാർക്ക് അജപാലന പരിചരണം നൽകുന്നതിനുള്ള ശ്രമങ്ങളിലും വിവിധ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനുകളുടെയും വകുപ്പുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ചാൻസറി മേജർ ആർച്ച് ബിഷപ്പുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുന്നു. സീറോ മലബാർ ബിഷപ്പുമാരുടെ സിനഡും സ്ഥിരം സിനഡും നടത്തുന്നതാണ് ചാൻസറിയുടെ ഒരു പ്രധാന ഉത്തരവാദിത്വം

സഭയ്ക്ക് വേണ്ടി പൂർണമായും അർപ്പിച്ച ജീവിതം

അര്‍പ്പണാത്മകമായ ജീവിതത്തിലും പ്രവൃത്തികളിലുമാണ് യേശുവിന്‍റെ പൗരോഹിത്യവും ഇടയശുശ്രൂഷയും കൂടുതല്‍ സജീവമാകേണ്ടതെന്ന് ഫാ.വിൻസന്റ് സ്വജീവിതത്തിലൂടെ വിശ്വാസികൾക്ക് പകർന്നു കൊടുത്തു. ആത്മബലിവരെ എത്തിനില്ക്കുന്ന സേവനത്തിലും ശുശ്രൂഷയിലുമാണ് പൗരോഹിത്യം അതിന്‍റെ അര്‍ത്ഥം കാണേണ്ടതെന്ന് സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം കാണിച്ചു തന്നു. സ്വയം മറന്നുള്ള ആത്മദാനത്തിലും അതുമായി ബന്ധപ്പെട്ട പ്രവൃത്തികളിലുമാണ് തന്റെ ചാൻസറി കാലം അദ്ദേഹം പൂർത്തീകരിച്ചത്.

സീറോ മലബാർ സഭയിലെ ഏറ്റവും രഹസ്യാത്മകമായ രേഖകളും റിപ്പോർട്ടുകളും,കത്തിടപാടുകളും ആത്മസമർപ്പണത്തോടെ ചെയ്തു തീർക്കാൻ വിൻസന്റച്ചന് കഴിഞ്ഞു.സീറോ മലബാർ സഭ അതിന്റെ ഏറ്റവും പ്രതിസന്ധിഘട്ടങ്ങളിൽ കടന്നു പോയപ്പോൾ,പലരും മൗനം പാലിച്ചു.

ക്യൂരിയ പുറത്തു വിട്ട സർക്കുലറുകൾ ചിലർ ദുർവ്യാഖ്യാനം ചെയ്തപ്പോൾ സഭയുടെ അനുവാദത്തോടെ സഭയുടെ നിലപാടുകൾ ധീരമായും വ്യക്തമായും സ്വന്തം പേരിൽ തന്നെ പുറത്തു വിട്ടുകൊണ്ട് ചരിത്രംസൃഷ്ടിച്ച ചാൻസലറാണ് വിൻസന്റച്ചൻ.വിയോജിപ്പുള്ളവർ പോലും ബഹുമാനിക്കുന്ന ജീവിതം.

സഭയ്ക്കും അതിലെ സഹോദരങ്ങൾക്കുമുള്ള ആത്മാര്‍പ്പണമാണ് ഏറ്റം ശ്രേഷ്ഠമായ ബലിയും പ്രാര്‍ത്ഥനയുമെന്ന് തിരിച്ചറിഞ്ഞ,ആത്മദാന ചൈതന്യമാണ് പൗരോഹിത്യത്തിന്‍റെ ശക്തിയെന്ന് വിശ്വസിച്ച വൈദികനാണ് ഫാ.വിൻസന്റ്. ആദര്‍ശങ്ങളുടെ ലോകത്ത് ഒരു വെല്ലുവിളി ഉയര്‍ത്താനാവാത്ത വിധം പൗരോഹിത്യം നിര്‍ജീവമായ ഇന്നത്തെ കാലത്ത് ദൈവനിവേശിതമായ തന്‍റെ അസ്തിത്വത്തിന്‍റെ ഓരോ തന്തുവിലൂടെയും സഭാ ആസ്ഥാനത്ത് ദൈവത്തെ പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനും സഭാ ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. മേജർ ആർച്ച് ബിഷപ്പിന് ഏറ്റവും കൂടുതൽ പിന്തുണയും സ്നേഹവും വിശ്വസ്തതയും പകർന്നു നല്കാൻ ഈ പുണ്യ വൈദികൻ തന്റെ അഞ്ചു വർഷ സേവനകാലം മുഴുവൻ പരിശ്രമിച്ചു.

കർമ്മനിരതനും വിനീതനും

നിശബ്‌ദനായി കാക്കനാട്ടെ കുന്നിൻ മുകളിൽ സർവ്വസമയവും ദൈവം ഏൽപ്പിച്ച തന്റെ ജോലികളിൽ നിരന്തരം മുഴുകിയ വിൻസന്റച്ചൻ കാക്കനാട് വരുന്ന സന്ദർശകർക്ക് ആശ്വാസമായിരുന്നു.അഭയകേന്ദ്രമായിരുന്നു.

അച്ചനെ കണ്ടുമുട്ടിയ സന്ദർശകർ അദ്ദേഹത്തെ വിശുദ്ധൻ എന്ന് വിളിച്ചു.ചിലർ അദ്ദേഹത്തെ ഒരു സന്യാസവര്യനായി കണ്ടു. തന്‍റെ വ്യക്തിത്വത്തിന്‍റെ അഗാധതലങ്ങളില്‍ രൂപാന്തരം പ്രാപിച്ചവനാണ് ഈ പുരോഹിതന്‍. ദൈവം തനിക്കായി മുദ്രവച്ചവന്‍.

തന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി സഹിക്കുകയും ക്ഷതമേല്ക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കര്‍ത്തൃദാസനെപ്പറ്റി പ്രവാചകൻ ഏശയ്യ അധ്യായം 53-ൽ വികാരസാന്ദ്രമായ ഭാഷയില്‍ പറയുന്നു: ആത്മബലിവരെ എത്തിനില്ക്കുന്ന സേവനത്തിലും ശുശ്രൂഷയിലുമാണ് പൗരോഹിത്യം അതിന്‍റെ അര്‍ത്ഥം കാണേണ്ടതെന്ന്. ഏശയ്യായുടെ സഹിക്കുന്ന ദാസന്‍ വിൻസന്റച്ചന്റെ പൗരോഹിത്യ സങ്കല്പത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.തന്റെ പ്രഗൽഭരായ മുൻഗാമികളായ ബിഷപ്പ് മാർ പൊരുന്നേടം, മാർ വാണിയപുരക്കൽ,ഫാ.ആന്റണി കൊള്ളന്നൂർ എന്നിവരുടെ പാതയിൽ സഞ്ചരിച്ചു കൊണ്ട് സീറോ മലബാർ സഭയ്ക്ക് അഭിമാനമായി നിലകൊണ്ടു.വത്തിക്കാനിലെയും വിവിധ രാജ്യങ്ങളിലെയും കത്തോലിക്കാ നേതാക്കളുടെ പ്രശംസ പല പ്രാവശ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സീറോമലബാർ വിശ്വാസികളുടെ അഭിമാനം

ചാൻസലർ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം സത്യത്തേയും നീതിയേയും ആദരിക്കുന്ന സഭാ ക്രമത്തിന്‍റെ പരിരക്ഷണമായി കണ്ട് പ്രവർത്തിക്കുകയും മേജർ ആർച്ച് ബിഷപ്പിന്റെ നിഴൽപോലെ പിന്തുടർന്ന് ദൈവികശക്തിയിൽ സധൈര്യം ഉറച്ചു നിൽക്കുകയും ചെയ്ത ധീരനാണ് അദ്ദേഹം.സഭയുടെ പ്രതിസന്ധിയിൽ വിശ്വസ്തതയോടെ സഭക്കൊപ്പം നിലകൊണ്ട് ,ആസ്ഥാനത്തു വന്നിരുന്ന വത്തിക്കാൻ രേഖകകളും മറ്റു അനുബന്ധമായ കത്തിടപാടുകളും രഹസ്യമായി സൂക്ഷിക്കുകയും സഭാനിലപാടിനു വേണ്ടി നിലകൊള്ളുകയും ചെയ്തു അദ്ദേഹം. വിശ്വാസികൾ അദ്ദേഹത്തെ സ്നേഹിക്കുന്നത് ആ ജീവിതാന്തസ്സിന്റെപറ്റിയുള്ള ഉറച്ച ബോധ്യം കൊണ്ടാണ്. സീറോ മലബാർ സഭാ വിശ്വാസികളുടെ അഭിമാനമാണ് ബഹു.വിൻസന്റച്ചൻ.

ചാൻസലർ എന്ന നിലയിൽ വിനീതമായ പെരുമാറ്റം കൊണ്ടും ലളിതമായ പ്രവർത്തികൾ കൊണ്ടും എല്ലാവരുടെയും ഹൃദയം കവർന്ന വിൻസന്റച്ചനെ തന്റെ മാതൃ അതിരൂപതയായ തൃശൂർ അതിരൂപതയിലേക്ക് അജപാലനപരമായ വലിയ ദൗത്യങ്ങളിലേക്ക് ആർച്ച് ബിഷപ്പ് നിയോഗിച്ചിരിക്കുന്നു.അതെ,അദ്ദേഹം മൗണ്ട് സെന്റ് തോമസിന്റെ പടിയിറങ്ങുന്നത് ഇനിയും ഉയരങ്ങളിലേക്കു പറക്കാനാണ്.

TC|SLF|SMC-8|02|23

നിങ്ങൾ വിട്ടുപോയത്