ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
മനുഷ്യാന്തസ്സിൻ്റെ ഗുരുതരമായ ലംഘനമാണിത്. ഇത്തരം സമ്പ്രദായങ്ങൾക്ക് പരിപൂർണ്ണമായ വിലക്ക് ഏർപ്പെടുത്തേണ്ടത് ഏറെ ആവശ്യമാണ്. ആഗോള തലത്തിൽ വ്യത്യസ്ത രാഷ്ട്രീയ, ധാർമ്മിക, മത നിലപാടുകളിൽ നിന്ന് പോലും ഈ ഒരു ആവശ്യം ഉയർന്നുവരുന്നുവെന്നും അതിനാൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഗബ്രിയേല ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ഗബ്രിയേലയ്ക്കു പുറമെ ഇറ്റലിയിൽ നിന്നുള്ള മന്ത്രി യൂജീനിയ റോസെല്ല, 2015-ൽ വിയന്നയിൽ “സ്റ്റോപ്പ് സറോഗസി” എന്ന സംരംഭത്തിൻ്റെ സഹസ്ഥാപകയും സ്ത്രീകളുടെ അവകാശ വീക്ഷണകോണിൽ നിന്ന് വാടക ഗർഭധാരണ പ്രശ്നത്തെ വിലയിരുത്തുന്ന മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമായ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇവാ മരിയ ബച്ചിംഗർ, വാടക ഗർഭധാരണം സാർവത്രികമായി നിർത്തലാക്കുന്നതിനുള്ള പ്രചാരണത്തിൻ്റെ നേതാവായ ഒലിവിയ മൗറൽ എന്നിവരും സമാന പ്രതികരണവുമായി രംഗത്തെത്തി.