ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താന്‍ എന്ന പേര് ആദ്യമായി കണ്ടത് 1985-ലെ കുടുംബദീപം വാര്‍ഷികപ്പതിപ്പിലെ ലേഖനത്തിനൊപ്പമാണ്. ചടുലമായ ഭാഷാരീതി അന്നേ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അച്ചന്‍ തേവര തിരുഹൃദയാശ്രമത്തില്‍ പ്രിയോരായി വന്നപ്പോഴാണ് നേരില്‍ കണ്ടത്. മുഖവുരയുടെ ആവശ്യമില്ലായിരുന്നു ഞങ്ങള്‍ക്കു പരിചയപ്പെടാന്‍. അത് വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനു വഴിതെളിച്ചു. പരസ്യമായും രഹസ്യമായും അച്ചൻ എനിക്ക് നല്‍കിയ അഭിനന്ദനം എത്രയേറെയാണ്!

കാണുമ്പോഴൊക്കെ എന്റെ പുസ്തകങ്ങളെപ്പറ്റി അന്വേഷിക്കും. പുതിയ പുസ്തകത്തിന്റെ കോപ്പി സമ്മാനിക്കുമ്പോള്‍, പത്തുകോപ്പികള്‍ വിലതന്നു വാങ്ങി മറ്റുള്ളവര്‍ക്കു സമ്മാനിക്കുന്ന അച്ചന്‍ വ്യത്യസ്തനായിരുന്നു. സ്‌കൂള്‍ മാനേജരായിരുന്ന കാലത്തും അല്ലാത്തപ്പോഴും മലയാള അധ്യാപനത്തെക്കുറിച്ച് അച്ചന്‍ അടുപ്പത്തോടെ ചര്‍ച്ചചെയ്തത് ഓര്‍മ്മയിലുണ്ട്. ഭാഷാധ്യാപനത്തില്‍ ഇന്നുകാണുന്ന അശ്രദ്ധയെയും അപകടങ്ങളെയും കുറിച്ച് അച്ചന്‍ നടത്തിയ കൃത്യമായ നിരീക്ഷണങ്ങള്‍ എത്രയെത്ര!

ഡിപിഇപിക്കാലത്ത് നാടെങ്ങും വിമര്‍ശനമുയരുമ്പോള്‍ സ്‌കൂള്‍മാനേജരായിരുന്ന അച്ചന്‍ മൂന്നാംക്ലാസ്സില്‍ വന്നിരുന്ന് ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി, അഭിനന്ദിച്ച്, പാര്‍ലറില്‍നിന്ന് മധുരപലഹാരം വരുത്തി എനിക്കും കുട്ടികള്‍ക്കും സമ്മാനിച്ച് കടന്നുപോയ നിമിഷങ്ങള്‍ അധ്യാപനജീവിതത്തിന് വലിയ കരുത്താണ്; ഈ ആയുസ്സില്‍ അധ്യാപനവൃത്തി, വൃത്തിയായി ചെയ്യാന്‍ അന്നത്തെ നല്ല വാക്കും നോക്കും മാത്രം മതിയെനിക്ക്!

അച്ചന്റെ ഒടുവിലത്തെ പുസ്തകം സമ്മാനിച്ച് അതിനൊരു ആസ്വാദനം എന്നോട് എഴുതിവാങ്ങിയതും എന്റെ നാല്പത്തഞ്ചാം പിറന്നാളില്‍ വലിയൊരു സമ്മേളനത്തില്‍വച്ച് പൂവ് സമ്മാനിച്ചതും കുറേക്കാലംമുമ്പ് അച്ചന്‍ നീലീശ്വരത്തായിരുന്നപ്പോള്‍ എനിക്കും മിനിക്കുട്ടിക്കും ആതിഥ്യമരുളിയതും ഹൃദ്യമായ ഓര്‍മ്മകളാണ്. ഓര്‍ത്തുപറയാന്‍ ഒത്തിരിക്കാര്യങ്ങളുണ്ട്. പേരക്കിടാവിന് അപ്പൂപ്പനോടുള്ള സ്വാതന്ത്ര്യമായിരുന്നു അച്ചനോട് തോന്നിയിരുന്നത്.

‘പ്രായമാകുമ്പോള്‍ ഇനി കാഴ്ചകുറയും, കേള്‍വികുറയും, നടക്കാന്‍ പ്രയാസമാകും. ഇതൊന്നും രോഗങ്ങളല്ല, എന്നാല്‍ ഇവയെക്കുറിച്ച് ഓര്‍ത്തു പ്രയാസപ്പെടുന്നത് രോഗമാണ്. ആ രോഗം വരാതിരുന്നാല്‍ കുഴപ്പമില്ല.” വാര്‍ധക്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അച്ചന്റെ വീക്ഷണം എത്ര മനോഹരവും ആരോഗ്യപ്രദവുമായിരുന്നു.

ഡൊമീഷ്യനച്ചന്‍ ഓര്‍മ്മകളില്‍ സുഗന്ധം വിടര്‍ത്തി ഇനിയും ജീവിക്കട്ടെ. അതേ, ‘അമ്മിഞ്ഞ തന്നോരമ്മയ്‌ക്കൊരുമ്മ’യും മറ്റു പാട്ടുകളും പാടി, കുസൃതിച്ചോദ്യങ്ങള്‍ ചോദിച്ച്, ഉത്തരം പറഞ്ഞുതന്ന് അച്ചന്‍ ഇവിടെവിടെയൊക്കെയോ ഇനിയും അദൃശ്യസാന്നിദ്ധ്യമായി ഉണ്ടായിരിക്കും.

അച്ചന്റെ നര്‍മ്മം കലര്‍ന്ന വാക്കുകള്‍ക്കും തുറന്ന പെരുമാറ്റത്തിനും മുമ്പില്‍ ആദരവോടെ സ്‌നേഹപ്രണാമം!


ഷാജി മാലിപ്പാറ

നിങ്ങൾ വിട്ടുപോയത്