എന്നെ കാണാൻ അന്ന് വന്നത്
മധ്യവയസ്ക്കരായ ദമ്പതികളായിരുന്നു
കുറച്ചു നേരം ചാപ്പലിൽ
ഇരുന്ന് പ്രാർത്ഥിച്ച ശേഷം സംസാരിക്കാമെന്ന് ഞാനവരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു.
പിന്നീട്അവരുമായി സംസാരിച്ചപ്പോൾ വല്ലാത്ത നെഗറ്റീവ് എനർജി.
എന്തോ പന്തികേടുള്ളതുപോലെ.
”അച്ചൻ ഞങ്ങളെക്കുറിച്ച്
എന്തെങ്കിലും പറയൂ….
ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചോ,
ഭാവിയെക്കുറിച്ചോ…
അച്ചനൊന്നും പറയാനില്ലെ?” അവർ ചോദിച്ചു.
“നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ എന്തിനാണ് ഞാൻ പറയുന്നത്?
അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സത്യത്തിൽ നിങ്ങളുടെ വരവിൻ്റെ ലക്ഷ്യമെന്താണ്? എന്നെ പരീക്ഷിക്കാനാണോ?”
അങ്ങനെ ചോദിച്ചപ്പോൾ അവർ
ഇപ്രകാരം പറഞ്ഞു:
“അച്ചാ, ഞങ്ങൾ ഒരു ധ്യാനകേന്ദ്രത്തിൽ കൗൺസിലിങ്ങ് ശുശ്രൂഷ ചെയ്യുന്നവരാണ്.
അച്ചൻ്റെയടുത്ത് ആളുകൾ
വരുന്നതുകൊണ്ട് അച്ചൻ്റെ രീതികൾ ഒന്നറിയാൻ വന്നതാണ്.”
എനിക്ക് അവരെക്കുറിച്ച് വല്ലാത്ത
വിഷമം തോന്നി.
ഞാനവരോട് ചോദിച്ചു:
”നിങ്ങൾ ആ ധ്യാനകേന്ദ്രത്തിൽ
ശുശ്രൂഷയ്ക്കു പോകുന്ന കാര്യം
വികാരിയച്ചന് അറിയാമോ?
ഇടവകയിലെ കുടുംബ കൂട്ടായ്മകളിലും
മറ്റു പ്രവർത്തനങ്ങളിലും നിങ്ങൾ സഹകരിക്കാറുണ്ടോ?”
എൻ്റെ ചോദ്യങ്ങൾക്ക് വ്യക്തമായ
മറുപടി തരാതെ അവർ
പെട്ടെന്ന് യാത്രയായി.
കാണാൻ വരുന്നവരുടെ വിലാസവും ഫോൺ നമ്പറും എഴുതിയെടുക്കുന്നതിനാൽ അവർ ശുശൂഷ ചെയ്യുന്ന ധ്യാനകേന്ദ്രവുമായി
പിന്നീട് ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞു.
അപ്പോഴാണറിഞ്ഞത്,
അവരെ അവിടെ നിന്നും പിരിച്ചു വിട്ടിട്ട് നാളുകളേറെയായെന്ന്…
അവരുടെ വികാരിയച്ചനെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് അവർ ഇടവകയിലും
തലവേദനയാണെന്നും
രൂപതയിലെ പല വീടുകളിലും കടന്നുചെന്ന് പലരെയും കൗൺസലിംഗ് എന്ന പേരിൽ കബളിപ്പിക്കുന്നുണ്ടെന്നും മനസിലായത്.
എന്തായാലും വികാരിയച്ചനും കമ്മറ്റിക്കാരും അവരുടെ ഭവനത്തിൽ ചെന്ന് ഒരിക്കൽ കൂടി ശക്തമായി താക്കീത് നൽകിയതോടെ കുറച്ചു നാളായി ഇവരുടെ ‘ജനസേവനം’ കുറഞ്ഞു എന്നാണറിയാൻ കഴിഞ്ഞത്.
ആധ്യാത്മിക മേഖലകളിൽ സിദ്ധിയും മികവും വെളിപ്പെടുത്തി ചിലരെങ്കിലും വീടുവീടാന്തരം കയറിയിറങ്ങി തട്ടിപ്പുകൾ നടത്തുന്നത് പതിവായിട്ടുണ്ട്. അവരെ തിരിച്ചറിയാനുള്ള വിവേകമാണ് വിശ്വാസികൾക്ക് വേണ്ടത്.
ആത്മീയ ശശ്രൂഷയ്ക്കായ് വീടുകളിലേക്ക് ആരെങ്കിലും കടന്നു വരുന്നുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് വികാരിയച്ചനുമായി ബന്ധപ്പെട്ട്
ഉറപ്പു വരുത്തിയില്ലെങ്കിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
എന്തെന്നാൽ യഥാർത്ഥമായ
ആത്മീയതയിൽ നിലനിൽക്കുന്നവർ
ഇടവകയോടും രൂപതയോടും ചേർന്നുനിന്ന് പ്രവർത്തിക്കുന്നവരാകും. തൻ്റെ ദൗത്യ ജീവിതത്തിൽ പിതാവിനെക്കുറിച്ച് ക്രിസ്തു ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:
“എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്”
(യോഹന്നാന്‍ 7 : 29).
സത്യവിശ്വാസത്തിൽ നിലനിൽക്കുന്നവർ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും
ദൈവത്തോടും സഭയോടും
ചേർന്നു നിന്ന് പ്രവർത്തിക്കുമെന്ന് തിരിച്ചറിയുക.
അങ്ങനെയുള്ള പ്രവർത്തനങ്ങളാകട്ടെ നമ്മുടേതും.
ഫാദർ ജെൻസൺ ലാസലെറ്റ്