മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളോ, സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളോ അല്ല സന്യാസം. മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും:
ഫ്രാൻസിസ് നെറോണയുടെ മൂലകഥയെ ആസ്പദമാക്കി ജോബ് മഠത്തിൽ സംവിധാനം ചെയ്ത “കക്കുകളി” എന്ന നാടകം അരങ്ങു തകർത്ത് ആടി തീർക്കുമ്പോൾ യഥാർത്ഥ സന്യാസം എന്തെന്നറിഞ്ഞ് ജീവിക്കുന്ന സമർപ്പിതർ ഒന്നടങ്കം പറയുന്നു ‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ എന്ന്. ഇത് മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളല്ല… സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളും അല്ല… ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സന്യാസം എന്ന് മേനി പറയുന്ന സമൂഹത്തോട് ഒന്ന് ചോദിക്കട്ടെ എന്താണ് ഈ സ്വാതന്ത്ര്യം? സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും അവന്റെ സ്വാതന്ത്ര്യത്തോടെ നിർവചിക്കാനാകുന്നതാണ്.
ആധുനികതയുടെയും, അത്യാഡംബരത്തിന്റെയും, സുഖലോലുപതയുടെയും ലോകത്തിൽ എല്ലാവരും ഒരുമിച്ച് ചുവട് വയ്ക്കുമ്പോൾ അതൊന്നു മാറ്റി ചവിട്ടി, ബ്രഹ്മചര്യത്തിന്റെയും അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും വഴിയേയുള്ള ക്രിസ്താനുകരണം ആണ് എന്റെ സ്വാതന്ത്ര്യം.
ഇതെനിക്ക് അടിമത്തമല്ല എന്റെ തിരഞ്ഞെടുപ്പിന്റെ മഹത്വം ആണ്. ഇങ്ങനെ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ഉത്തരമാണ് ഓരോ സമർപ്പിതയും. ദാരിദ്ര്യത്തിന്റെ അലച്ചിലിനുള്ള മാതാപിതാക്കളുടെ നിർബന്ധമല്ല സന്യാസം. ചങ്കൂറ്റമുള്ള മാതാപിതാക്കളുടെ വിശ്വാസമാണ് ഓരോ സമർപ്പിതയും.
വിമർശനത്തിനായി തൂലിക എടുക്കുമ്പോൾ മനസ്സിലൊന്ന് ചോദിക്കുക ഞാൻ ചങ്കൂറ്റമുള്ളവനാണോ?എന്റെ മകൾ ചുവടൊന്നു മാറ്റിചവിട്ടാൻ ധീരത യുള്ളവളാണോ? ഉത്തരം ഇല്ല എന്നാണെങ്കിൽ ചങ്കൂറ്റം ഇല്ലാത്തവന്റെ ആദർശത്തിനായി ഒരു കിടുക്കാച്ചി ഡയലോഗ് അടിക്കാനായി ഇനി തൂലിക എടുക്കരുത്.
മണ്ണിട്ടു മൂടിയ സ്വപ്നങ്ങൾ അല്ല സന്യാസം മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും.
സന്യാസം ഒരു കക്കു കളിയല്ല മറിച്ച് ധൈര്യത്തിന്റെയും ആത്മസംതൃപ്തിയുടെയും ജീവിതമാണ്. വെറുതെ പൊള്ള വാക്കുകൾ പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിങ്ങൾ അല്പത്തരം കാണിക്കരുത്. ഇത്രമാത്രം സന്യാസത്തെക്കുറിച്ച് നിങ്ങൾ ആവലാതിപ്പെടുന്നുണ്ടെങ്കിൽ, സംതൃപ്തിയുടെ സെൻസസ് നിങ്ങൾ എടുക്കണം. ഇട്ടെറിഞ്ഞു പോയവന്റെ നിർവചനം അല്ല സന്യാസം. ബാല്യകാല സുഹൃത്തുക്കൾ പ്രണയിച്ച് വിവാഹം ചെയ്ത് ഏതാനും വർഷങ്ങൾക്കുശേഷം ഡിവോഴ്സ് ആയി, അതിലൊരാൾ മുറ്റത്ത് ചെടിക്ക് വെള്ളം ഒഴിച്ചിരിക്കുമ്പോൾ, നിങ്ങളുടെ ദാമ്പത്യത്തിന്റെ മനോഹാരിതയെ ഒന്ന് വർണ്ണിക്കാമോ എന്ന് ചോദിച്ചാൽ എങ്ങനെയിരിക്കും?
അതുകൊണ്ട് യഥാർത്ഥ സന്യാസം ജീവിക്കുന്ന സന്യസ്തരേ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ ക്ഷണിക്കുക. അല്ലാതെ മനസ്സിൽ ഉയിർക്കൊള്ളുന്ന ആശയങ്ങളുടെ അലമ്പത്തരമായി സന്യാസത്തെ വിവരിക്കാൻ ശ്രമിക്കരുത്.
കടപ്പുറത്തെ കക്കുകളി പോയിട്ട് നാട്ടിൻപുറത്തെ സാറ്റുകളിയുടെ നിലവാരം പോലും ഇതിൽ ഒന്നുമില്ല. മാങ്ങയുള്ള മാവിലല്ലേ ഏറു വരൂ.
ഈ കല്ലുമായി നിങ്ങൾ എത്ര വേദികൾ കയറിയിറങ്ങിയാലും നശിക്കില്ല ഞങ്ങൾ ഒരിക്കലും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആസ്വാദകരേ…ചങ്കിൽ തട്ടി ഞാനൊന്ന് ചോദിക്കട്ടെ
Dare to be a Nun?
Written by Sr. Blessy DST Puthenpura