ക്രിസ്ത്വാദർശനം ഉൾകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും വേണ്ടി പുരോഹിതവഴിയിൽ വിപ്ലാത്മകമായി ജീവിച്ച തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോസ് ടി. ചിറ്റിലപ്പിള്ളി (ഫാ. സി. ടി. ജോസ്) 2022 ജനുവരി 31-ാം തീയതി രാവിലെ 6.00 മണിക്ക് അന്തരിച്ചു.
മൃതസംസ്കാരം 2022 ഫെബ്രുവരി 1 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടൂർ ദൈവാലയത്തിൽ വച്ച് തൃശ്ശുർ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും.മൃതദേഹം 2022 ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം മൃതദേഹം മുണ്ടൂരിലുള്ള (പുറ്റേക്കര) സഹോദരന്റെ മകളായ ചിറയത്ത് ജിൻസി ബെന്നിയുടെ വസതിയിൽ രാവിലെ 9.15 മുതൽ 11.00 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11 ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ തൃശ്ശുർ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിന്റെ കാർമ്മികത്വത്തിൽ ആരംഭിക്കുന്നതായിരിക്കും. തുടർന്ന് മൃതദേഹം രാവിലെ 11.30 മുതൽ 2.30 വരെ മുണ്ടൂർ പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.തൃശ്ശുർ അതിരൂപത മറ്റം ഫൊറോനയിലെ പരേതരായ തോമസ് + കത്രീന ദമ്പതികളുടെ മകനായി 1950 ജൂലൈ 28 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, കോട്ടയം സെന്റ് തോമസ് അപ്പോസ്തോലിക്ക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1977 മാർച്ച് 6 ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
ക്രിസ്തുവിന്റെ ശുശ്രൂഷപൗരോഹിത്യത്തിൽ പങ്കുകാരനായി “LOVE IS GOD’’ എന്ന ആപ്തവാക്യവുമായി ദൈവജനത്തിനായി കുരിയിച്ചിറ, അരണാട്ടുകര എന്നീ ഇടവകകളിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം, പുതുരുത്തി, ആറ്റത്തറ, നെടുപുഴ, വൈലത്തൂർ, അഞ്ഞൂർ, ചൊവ്വന്നൂർ, ഇയ്യാൽ, ഏങ്ങണ്ടിയൂർ, വെളളറക്കാട്, പാത്രാമംഗലം, ചിറ്റിലപ്പിളളി, കാഞ്ഞാണി, പോന്നോർ, പുലക്കാട്ടുകര, തിരുത്തിപ്പറമ്പ്, കാവീട് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. പാറേമ്പാടം പളളി നിർമ്മിച്ച അദ്ദേഹം പുതുരുത്തി ഇടവകയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. വിവിധ സ്ക്കൂളുകളുടെ മാനേജരായി സേവനം ചെയ്ത ബഹു. അച്ചൻ വിവിധ സന്ന്യാസിനീ സമൂഹങ്ങളുടെ ചാപ്ലിയനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.2009 ആഗസ്റ്റ് 10 മുതൽ ചേറൂർ വിയാന്നി ഹോമിലും തുടർന്ന് സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ത്രേസ്യക്കുട്ടി, പരേതരായ ജേക്കമ്പ്, കൊച്ചന്നം, ഇറ്റ്യാനം, മർഗ്ഗലി എന്നിവർ സഹോദരങ്ങളാണ്.
ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട ചിറ്റിലപ്പിള്ളി ടി. ബഹു. ജോസ് അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ