ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു. കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ 2025 നവംബർ 21 ന് പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ ക്രിസ്തുവിന്റെ മണവാട്ടിയും സമ്പൂർണ്ണ സമർപ്പിത കന്യകയുമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ പുതിയ ക്രമത്തിനു സമാരംഭം കുറിച്ചത്.

ജോമോൾ എന്ന എലീശ്വ മറിയം വരാപ്പുഴ അതിരൂപതയിലെ എട്ടേക്കർ സെന്റ് ജൂഡ് ഇടവകയിൽ കോരമംഗലത്തു വീട്ടിൽ ജോസഫ് സേവ്യറിന്റെയും മേരി ജോസഫിന്റെയും മൂന്നു പെണ്മക്കളിൽ ഏറ്റവും ഇളയതായി 1988 നവംബർ 22നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്കുശേഷം MG Universityയിൽ നിന്നും BSc നേഴ്സിംഗ് പഠനം പൂർത്തിയാക്കി.

തന്റെ 23 മത്തെ വയസ്സിൽ 2012 ൽ കൃപാസനത്തിൽവെച്ചു കൂടിയ മരിയൻ തപസ് ധ്യാനത്തിലാണ് ഒരു മരിയൻ മിഷനറിയായി സ്വജീവിതം സമർപ്പിക്കുന്നതിനുള്ള ആന്തരിക പ്രചോദനവും ദൈവവിളിയും സ്വീകരിക്കുന്നത്. തുടർന്ന് കൃപാസനം സ്ഥാപക ഡയറക്ടർ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിലിന്റെ ആത്മീയ ശിക്ഷണത്തിൽ മധ്യസ്ഥ പ്രാർത്ഥന ടീം അംഗം, കൃപാസനം സാമൂഹിക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ചുമതലയുള്ള സെക്രട്ടറി, മരിയൻ ഉടമ്പടി ധ്യാനങ്ങളുടെ സഹശുശ്രൂഷക എന്നീ നിലകളിൽ സേവനം ചെയ്തു വരുന്നു.

ഇക്കാലയളവിൽ തന്നെ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും MBA പഠനം പൂർത്തിയാക്കുകയും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യോളജിയിൽ MAയും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നും Journalism & Mass Communication ൽ PG Diploma യും നേടി. 2024ൽ കളമശ്ശേരി ജ്യോതിർ ഭവനിൽനിന്നും BTh പഠനം പൂർത്തിയാക്കിയ സി. ജോമോൾ ഇപ്പോൾ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ Biblical Theology യിൽ ലൈസൻഷ്യെറ്റ് പഠനം നടത്തുന്നു.

2004 ഡിസംബർ 7ന് കൃപാസനത്തിൽ സംഭവിച്ച മരിയൻ പ്രത്യക്ഷീകരണത്തെ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനുള്ള പ്രേഷിതപ്രവർത്തനത്തിന് സ്വയം സമർപ്പിച്ചിരിക്കുന്ന സി. ജോമോൾക്ക് ദൈവപിതാവും ഈശോനാഥനും പരിശുദ്ധാത്മ സഹായകനും പരിശുദ്ധ അമ്മയും ചേർന്നു നൽകുന്ന അമൂല്യ സമ്മാനമാണ് Consecrated Virgin എന്ന ഈ സവിശേഷ ജീവിതക്രമം.

ആലപ്പുഴയിലെ തിരുഹൃദയ സെമിനാരി ചാപ്പലിൽ വെച്ചു നടന്ന തിരുക്കർമ്മത്തിൽ ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാ പറമ്പിൽ പിതാവ് മുഖ്യകർമികത്വം വഹിച്ചു. കൃപാസനം ഡയറക്ടറും ജോമോളുടെ ആത്മീയപിതാവുമായ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ അവരോധന കർമ്മത്തിനായി അർത്ഥിനിയെ പേരുചൊല്ലി വിളിച്ചു. ആത്മീയ പരിശീലക വെരി റവ സി. മാർഗ്രറ്റ് പീറ്റർ സഹയാത്രികയായി. വിവേക മതിയായ കന്യകയെപ്പോലെ കത്തിച്ച ദീപവുമായി മുന്നോട്ടു വന്ന അർത്ഥിനിയെ സ്വാഗതം ചെയ്തുകൊണ്ട് മെത്രാൻ സുവിശേഷോപദേശം നൽകി. തുടർന്ന് അർത്ഥിനിയുടെ സന്നദ്ധത പരിശോധിച്ചതിനുശേഷം സർവ്വ വിശുദ്ധരുടെയും മാധ്യസ്ഥം തേടി ലുത്തിനിയ ആലപിച്ചു. സന്നദ്ധത സ്ഥിരീകരിച്ചതിനുശേഷം കർമ്മികൻ പ്രതിഷ്ഠാപന പ്രാർത്ഥന ചൊല്ലുകയും ക്രിസ്തുവിന്റെ മണവാട്ടിയെന്ന വിശ്വസ്തബന്ധത്തിന്റെ അടയാളമായി മോതിരവും ശിരോവസ്ത്രവും അണിയിക്കുകയും ചെയ്തു. സർവ്വ ലോകത്തിന്റെയും രക്ഷക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നതിന് സഭയുടെ ഔദ്യോഗിക പ്രാർത്ഥന പുസ്തകം Liturgy of Hours പിതാവ് കൈമാറി.

രൂപത വികാരി ജനറൽ വെരി. റവ. മോൺ. ജോയ് പുത്തൻവീട്ടിൽ, ജുഡീഷ്യൽ വികാർ വെരി. റവ. ഫാ. ജോസ് ലാഡ് കോയിൽപറമ്പിൽ, റവ. ഡോ. യേശുദാസ് കാട്ടുങ്കൽത്തൈയ്യിൽ, ചാൻസിലർ വെരി റവ. ഫാ. ജൂഡ് കൊണ്ടപ്പശ്ശേരിൽ, എപ്പിസ്കോപ്പൽ വികാർ ഫോർ റിലിജിയസ് വെരി റവ. ഫാ. സൈമൺ കുരിശിങ്കൽ, റവ. ഫാ. ജോൺസൺ പുത്തൻവീട്ടിൽ, റവ. ഡോ. ജോയ് അറക്കൽ, റവ. ഫാ. ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ, റവ. ഫാ. ബേർളി വേലിയകം, റവ. ഫാ. ഇഗ്നെഷ്യസ് ചുള്ളിക്കൽ, റവ. ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻവീട്ടിൽ, റവ. ഫാ. ജോസഫ് അൽഫോൺസ്, റവ. ഫാ. അലക്സ്‌ കൊച്ചീക്കാരൻവീട്ടിൽ എന്നിവർ സഹകർമ്മികരായി.

നിങ്ങൾ വിട്ടുപോയത്