രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്റെ നിര്‍ണ്ണായകമായ സ്ഥാനത്തെ വിശുദ്ധഗ്രന്ഥം സവിശേഷമായി ഊന്നിപ്പറയുന്നുണ്ട്. രൂപരഹിതവും ശൂന്യവുമായ അനാദിയിലെ ആഴങ്ങള്‍ക്കുമീതെ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവാണ് സകലസൃഷ്ടി കര്‍മ്മത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഉല്‍പത്തിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഉല്പത്തി 1:2) ക്രിസ്തീയ സഭയുടെ വിശ്വാസപാരമ്പര്യം ഉത്ഭവിക്കുന്നതും പരിരക്ഷിക്കുന്നതും തലമുറകളിലേക്കു പരികര്‍മ്മം ചെയ്യുന്നതും പരി.ആത്മാവാണ്. വിശുദ്ധഗ്രന്ഥം ദൈവനിവേശിതമായി രചിച്ചതും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു ശക്തിനല്‍കുന്നതും ദൈവമക്കളുടെ പരിശുദ്ധിയെ പരിരക്ഷിക്കുന്നതും പരിശുദ്ധാത്മാവായ ദൈവമാണ്.
അബ്രാഹം മുതലുള്ള സകലപൂര്‍വ്വികരോടുമുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റിയത് പരിശുദ്ധാത്മാവാണ്. പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ ദൈവികസന്ദേശം ദൈവജനത്തിനു നല്കിയതും പരിശുദ്ധാത്മാവാണ്. ചുരുക്കത്തില്‍ പന്തക്കുസ്താദിനത്തില്‍ മാത്രം രംഗപ്രവേശം ചെയ്ത ദൈവമല്ല പരിശുദ്ധാത്മാവ്. രക്ഷാകരചരിത്രത്തിലുടനീളം അവിടുത്തെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്.
പഴയനിയമത്തില്‍ ദൈവദത്തമായ നിയമങ്ങളിലൂടെയാണ് പരിശുദ്ധാത്മസാന്നിധ്യം ദൈവജനം അനുഭവിച്ചറിഞ്ഞിരുന്നത്. എന്നാല്‍ മനുഷ്യനെ രക്ഷിക്കുന്നതില്‍ നിയമത്തിനുള്ള അപര്യാപ്തത തിരിച്ചറിഞ്ഞ പരിശുദ്ധാത്മാവ് രക്ഷാകരപദ്ധതിയുടെ പൂര്‍ണ്ണതയായ മിശിഹായുടെ ജനനത്തിനു വഴിയൊരുക്കുകയായിരുന്നു നമ്മളെ പാപത്തിൽ നിന്ന് രക്ഷിക്കാൻ. നാം ഓരോരുത്തർക്കും പരിശുദ്ധാൽമാവിന്റെ ദാനം സ്വീകരിക്കുന്നതിനായി, പശ്ചാത്തപിക്കുകയും, യേശുവിനെ രക്ഷിതാവായി സ്വീകരിച്ച്, തിരുവചനം അനുസരിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.