ഈശോ എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ അവസാന കാര്യമാണ്. മറ്റെല്ലാം ചെയ്തതിനുശേഷം, പിന്നീട് സമയമുണ്ടെങ്കിൽ മാത്രം ചെയ്യുന്ന ഒന്നായി പ്രാർത്ഥന പലപ്പോഴും മാറാറുണ്ട്.

ഈശോ അടുത്തതായി പറയുന്നത്, ഭാഗ്നാശരാകരുത് എന്നാണ്. കുറേക്കാലം പ്രാർത്ഥിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ, ആദ്യം പ്രാർത്ഥനയെയും പിന്നീട് ദൈവത്തെ തന്നെയും ഉപേക്ഷിക്കുവാനുള്ള പ്രവണത മനുഷ്യസഹജമാണ്. നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നാം ആഗ്രഹിക്കുന്ന സമയത്ത് എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ചോദ്യത്തിന് പൊതുവായ ഒരു ഉത്തരമില്ല. വളരെ ന്യായമെന്നും യുക്തമെന്നും ഒക്കെ നമുക്ക് തോന്നുന്ന ആവശ്യങ്ങൾക്ക് ദൈവസന്നിധിയിൽനിന്നും ഒരുത്തരവും കിട്ടാതെ വരുന്നത് പലപ്പോഴും നമ്മെ നിരാശയിലേക്ക് തള്ളിവിടാറുമുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, നമ്മുടെ വിശ്വാസത്തെ മുറുകെപിടിക്കാനാണ്. നീതിരഹിതനായ ഒരു ന്യായാധിപനല്ല നമ്മുടെ ദൈവം, തന്റെ ഏകജാതനെ നമുക്ക് പാപമോചനത്തിനായി തന്ന്, “ആബ്ബാ പിതാവേ” എന്ന് വിളിക്കാൻ പഠിപ്പിച്ച കരുണാമയനാണ്.

പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ”. ഇതാണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും, പ്രത്യാശയോടെ കാത്തിരിക്കുവാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകണമേ എന്ന് പ്രാർത്ഥിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്