ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു.
ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ് 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ കുറച്ച് പഠിപ്പ് പൂർത്തിയാക്കാനുണ്ടായിരുന്നു.
പട്ടം കിട്ടിയിട്ട് ഒരാഴ്ച ആയിക്കാണും. ഒരു ദിവസം രാത്രി, സെമിനാരിയിലെ റെക്ടർ എന്റെ വാതിലിൽ വന്നു മുട്ടിയിട്ട് പറഞ്ഞു, ”ഫാദർ, ബ്രിഡ്ജ്പോർട്ടിലെ (കണക്റ്റിക്കട്ടിലുള്ള)
സെന്റ് വിൻസെന്റ്സ് മെഡിക്കൽ സെന്ററിലേക്ക് ഒന്ന് പോകാമോ? നമുക്കെല്ലാം വളരെ വേണ്ടപ്പെട്ട ആനി അവിടെ തീരെ സുഖമില്ലാതെ കിടക്കുന്നു. ഫാദർ അവിടെ വരെ പോയി അവരെ ഒന്ന് ഒരുക്കി വിശുദ്ധ കുർബ്ബാന കൊടുക്കണം”. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ്, സെമിനാരിയിലെ ഒരു വണ്ടിയെടുത്ത് ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്ത് ആ ആശുപത്രിയിലെത്തി.
ആനിയുടെ റൂം നമ്പർ റിസെപ്ഷനിൽ ചോദിച്ചപ്പോൾ ‘312’ എന്ന് പറഞ്ഞു. ഞാൻ വേഗം ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോറിലേക്കുള്ള ബട്ടൺ അമർത്തി. ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോൾ 312 എന്നെനിക്ക് തോന്നിയ റൂമിലേക്ക് ഞാൻ തിടുക്കത്തിൽ കയറിചെന്നു. എന്റെ ഉറച്ച കാലടിയുടെ ശബ്ദം കേട്ട് അവിടെ കിടക്കയിൽ കിടന്നിരുന്ന ഒരു വൃദ്ധൻ കണ്ണുതുറന്നു. എന്തോ വശപിശക് തോന്നിയ ഞാൻ ചുറ്റും നോക്കിയപ്പോൾ മനസ്സിലായി ഞാൻ റൂം മാറിക്കയറിയെന്ന്.
ഞാൻ പരിഭ്രമത്തോടെ അയാളോട് പറഞ്ഞു, “ അയ്യോ, ക്ഷമിക്കണം. റൂം 312 ആണെന്ന് വിചാരിച്ചു കയറിയതാണ്, ഇത് 212 ആണല്ലേ? മേലെ ആയിരുന്നു എനിക്ക് പോവേണ്ടിയിരുന്നത് “. അയാൾ പറഞ്ഞു, “ഓ, അത് സാരമില്ല ഫാദർ”. അയാൾ ഫാദർ എന്ന് വിളിച്ചത് കേട്ട് ഞാനയാളോട് ചോദിച്ചു, “കത്തോലിക്കനാണോ താങ്കൾ? “ അയാൾ പറഞ്ഞു, “ അതെ ഫാദർ, പക്ഷേ ഞാൻ പള്ളിയിൽ പോയിട്ട് കുറേ കൊല്ലങ്ങളായി “. ഞാൻ ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു, “R. C. എന്ന് വെച്ചാൽ റോമൻ കാത്തലിക് എന്നാണ് കേട്ടോ. അല്ലാതെ റിട്ടയേർഡ് കാത്തലിക് എന്നല്ല “. ആളും കൂടെ ചിരിച്ചു. ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. അയാൾ പറഞ്ഞു, “ഞാൻ പള്ളിയിൽ പോവാറില്ലെങ്കിലും കുറേ ജപമാലകൾ ചൊല്ലാറുണ്ട് “. ആരാണ് എന്നെ ഈ മുറിയിൽ കൊണ്ടെത്തിച്ചത് എന്നതിനെ പറ്റി എനിക്ക് പിന്നെ ഒരു സംശയവും ഉണ്ടായില്ല. പരിശുദ്ധ അമ്മേ, നന്ദി.
ഞാൻ അയാളോട് പറഞ്ഞു, “ഇനിയെന്താണ് പ്രശ്നം ദൈവത്തോട് ചേർന്നു പോവാൻ? ഞാൻ താങ്കളുടെ കുമ്പസാരം കേൾക്കണോ? “ അയാൾ പറഞ്ഞു, “അതിന് എന്താ ചെയ്യേണ്ടത് ഫാദർ. ഞാൻ കുമ്പസാരിച്ചിട്ട് ഇപ്പോൾ ഒരുപാട് കാലമായി” ഞാൻ പറഞ്ഞു, “അത് സാരമില്ല, നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കുമ്പസാരത്തിനായി ഞാനൊരുക്കാം”. ആരെങ്കിലും കുമ്പസാരിച്ചിട്ട് ഏറെ കാലമായിട്ടുണ്ടെകിൽ, എങ്ങനെയാണ് കുമ്പസാരിക്കേണ്ടത് എന്നുറപ്പില്ലെങ്കിൽ, ഞാൻ അവരോടൊപ്പം പത്തു കല്പനകളിലൂടെ കടന്നു പോവുകയാണ് ചെയ്യാനുള്ളത്. അതിന് അദ്ദേഹം സമ്മതിച്ചു. ആൾ നന്നായി തന്നെ കുമ്പസാരിച്ചു, അതിനു ശേഷം ഞാൻ ആനിക്കായി കൊണ്ടുവന്ന ഓസ്തിയിൽ നിന്ന് പകുതി അദ്ദേഹത്തിന് കൊടുത്തു. പിന്നീട് രോഗീലേപനവും ശ്ലൈഹിക ആശിർവാദവും നൽകി.
ഡോക്ടർമാർ അയാളുടെ കണ്ടീഷനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ “ഇപ്പോൾ അത്ര കുഴപ്പമില്ല, മിക്കവാറും ഈ ആഴ്ചാവസാനം ഞാൻ എന്റെ വീട്ടിലായിരിക്കും “ എന്നായിരുന്നു മറുപടി. ഞാൻ സംസാരിക്കുന്നത് ബുധനാഴ്ച, അപ്പോൾ വെള്ളിയാഴ്ച തന്റെ വീട്ടിൽ പോകാൻ പറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആളോട് ബൈ പറഞ്ഞു വേഗം മുകളിലേക്ക്, ആനിയുടെ റൂമിലേക്ക് പോയി. ദിവ്യകാരുണ്യം നൽകിയതിന് ശേഷം സെമിനാരിയിലേക്ക് തിരിച്ചുപോയി.
അടുത്ത ദിവസം – വ്യാഴാഴ്ച – എനിക്ക് പരീക്ഷകളുടെ തിരക്കായിരുന്നു. വൈകുന്നേരം ഞാൻ വിചാരിച്ചു ഹോസ്പിറ്റലിലേക്ക് വിളിച്ചു ആനിക്ക് എങ്ങനുണ്ടെന്ന് തിരക്കാമെന്ന്. ആനി നന്നായിരിക്കുന്നു എന്ന് നഴ്സ് പറഞ്ഞപ്പോൾ, റൂം നമ്പർ 212 ലെ ആൾക്ക് എങ്ങനുണ്ടെന്ന് ഞാൻ ചോദിച്ചു -എനിക്ക് ആൾടെ പേരറിയില്ല-
നഴ്സ് പറഞ്ഞു, “ഞാൻ നോക്കട്ടെ, ഒന്ന് ഹോൾഡ് ചെയ്യണേ ഫാദർ “. 30 സെക്കന്റ്സ് കഴിഞ്ഞു അവൾ വന്നു ഫോൺ എടുത്തിട്ട് പറഞ്ഞു, “ ക്ഷമിക്കണം ഫാദർ, ഇന്ന് കാലത്ത് അദ്ദേഹം മരിച്ചു “. ഞാനാകെ ഷോക്കായി പോയി. മരിക്കാൻ പോകുന്ന ഒരാളെപ്പോലെ അദ്ദേഹത്തെ തോന്നിയതെ ഇല്ല.
പക്ഷേ, നിങ്ങൾക്കറിയാമോ? ആഴ്ച്ചയുടെ അവസാനം താൻ തന്റെ ഭവനത്തിലായിരിക്കും എന്ന് പറഞ്ഞതു പോലെ തന്നെ അദ്ദേഹം പോയി – അതും പരിശുദ്ധ അമ്മയുടെ കൈ പിടിച്ചുകൊണ്ട് തന്നെ…
പരിശുദ്ധ അമ്മേ, പാപികളുടെ സങ്കേതമേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
‘Memoirs from the Heart of a Priest’
By Fr. John Rizzo.
Translated by : Jilsa Joy
Image Courtesy- Google