ഡൽഹി: നവസുവിശേഷവത്ക്കരണ രംഗത്ത് തിരുസഭയ്ക്കു നല്കുന്ന സംഭാവനകള്‍ പരിഗണിച്ചു മലയാളികളായ രണ്ട് വൈദിക വിദ്യാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിനിധി വഴി അനുമോദിച്ചു. കാർളോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിയേയും അദ്ദേഹത്തിൻ്റെ ബന്ധുവും കോതമംഗലം രൂപത മൂന്നാം വർഷ ദൈവശാസ്ത വിദ്യാർത്ഥി ബ്രദർ ജോൺ കണയങ്കനെയുമാണ് ഫ്രാൻസിസ് മാർപാപ്പ, ഭാരതത്തിൻ്റെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ റോബർട്ട് മാർഫി വഴിയായി അനുമോദനവും പ്രോത്സാഹനവും അറിയിച്ചത്.
വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ മാധ്യമ ശുശ്രുഷ തുടർന്നു കൊണ്ടു പോകുന്ന വൈദിക സഹോദരങ്ങളെ കുറിച്ച് കാർളോയുടെ അമ്മയായ അന്റോണിയോ സൽസാനോയാണ് പാപ്പയെ വിവരങ്ങള്‍ ധരിപ്പിച്ചത്. സുവിശേഷവത്ക്കരണത്തിനായി കാർളോയെ പോലെ കാർളോ ബ്രദേഴ്സും പഠന കാലത്തു തന്നെ ഇപ്രകാരം ചെയ്യുവാൻ ധൈര്യം കാട്ടിയതിനും അതിനായി സമയം കണ്ടെത്തുന്നതിനും പരിശുദ്ധ പിതാവ് നന്ദിയർപ്പിച്ചു കൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.
ആധുനിക കാലഘട്ടത്തിൽ മാധ്യമ ശുശ്രുഷയിൽ ശ്രദ്ധിക്കുവാനുള്ള ധീര മാതൃകയായ കാർളോയുടെ ആഴമേറിയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാനായി കാർളോ വോയ്സ് എന്ന ശുശ്രുഷയും തിരുസഭയിൽ ഒരുമയുടെ സന്ദേശമാകുവാനായി കത്തോലിക്കാ സഭയുമായും ഐക്യത്തിലുള്ള എല്ലാ വ്യക്തിഗത സഭകളുടെയും തിരുകർമങ്ങൾ ലൈവായി കാർളോ ഹബ് മാധ്യമ ശുശ്രുഷയും, നവ മാധ്യമ ലോകത്തിൽ ശരിയായ വാർത്തകൾ എത്തിക്കാനായി ക്യാറ്റ് ന്യു ജെൻ, ശുശ്രുഷയും കാർളോ റേഡിയോയും ആരംഭിച്ചത് ഈ വൈദിക വിദ്യാര്‍ത്ഥികളാണ്.
കാർളോയുടെ അമ്മയുടെ സഹായത്തോടെയും അനുവാദത്തോടും കാർളോ ബ്രദേഴ്സിനാൽ തുടങ്ങിയ ചെറു സംഘടനയാണ് കാർളോ മീഡിയാ ആർമി. സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഇവരുടെ ഈ ശുശൂഷയിൽ അകൃഷ്ടരായ എണ്ണൂറില്പരം യുവജനങ്ങൾ കാർളോ കത്തോലിക്ക് മീഡിയാ ആർമിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങളിലുടെ കത്തോലിക്കാ വിശ്വാസം ശരിയായി മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഇരുവരും നടത്തുന്ന ശ്രമങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർദ്ദിനാളുമാർ, പാത്രിയാർക്കിസുമാർ, മെത്രാന്മാർ തുടങ്ങിയവർ അനുമോദനമറിയിച്ചിരിന്നു. ഇതിനു പിന്നാലെയാണ് പരിശുദ്ധ പിതാവ് അനുമോദനം അറിയിച്ചത്. പരിശുദ്ധ സിംഹാസനത്തിൻ്റെ അഭിനന്ദനത്തിന് ദിവ്യകാരുണ്യ നാഥനായ ഈശോയ്ക്കു നന്ദി അര്‍പ്പിക്കുന്നതായി ഇരുവരും പ്രതികരിച്ചു.