വത്തിക്കാന്‍ സിറ്റി: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ചും ദുഃഖം രേഖപ്പെടുത്തിയും ഫ്രാന്‍സിസ് പാപ്പ. ബുദ്ധിശൂന്യമായ നിഷ്ഠൂര പ്രവൃത്തിയാണിതെന്ന് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖിൻറെ പ്രസിഡൻറ് ബർഹം സലിഹിന് അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു. ഇറാഖിനും രാജ്യത്തെ ജനങ്ങള്‍ക്കും അത്യുന്നതൻറെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന്‍ പറഞ്ഞ പാപ്പ അക്രമത്തെ സാഹോദര്യവും ഐക്യദാർഢ്യവും സമാധാനവും കൊണ്ട് ജയിക്കുന്നതിനു വേണ്ടിയുള്ള പരിശ്രം എല്ലാവരും തുടരണമെന്ന് ആഹ്വാനം ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച (21/01/21) രാവിലെയാണ് മദ്ധ്യബാഗ്ദാദിലെ അൽ-സാർഖി വ്യാപാര മേഖലയിൽ തയാരൻ ചത്വരത്തിൽ രണ്ടിടത്ത് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനങ്ങളിൽ 32 പേർ മരിക്കുകയും എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-ലും ബാഗ്ദാദിൽ ചാവേർ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ 7 പേർക്ക് ജീവഹാനി സംഭവിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വരുന്ന മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശനം നടത്തുവാനിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ രാജ്യമെങ്ങും പുരോഗമിക്കുന്നതിനിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്.

കടപ്പാട് പ്രവാചക ശബ്‌ദം

നിങ്ങൾ വിട്ടുപോയത്