ഹീപ്പോസ് ==========വടക്കൻ ജോർദാൻ താഴ്വരകളിൽ, ഇസ്രായേൽ-സിറിയ പ്രദേശത്തുള്ള മലയാണ് ഹീപ്പോസ് – HIPPOS. ഗലീല കായൽ/കടലിനു അഭിമുഖമായി ഉയർന്നു നിൽക്കുന്ന പ്രസിദ്ധമായ ചരിത്ര ഗവേഷണ മേഖല.2019 -ൽ അവിടെ ഉത്‌ഖനനം ചെയ്യപ്പെട്ട തകർന്ന ആദ്യകാല ക്രൈസ്തവ ദേവാലയത്തിൻറെ ഉൾവശമാണ് ചിത്രങ്ങളിൽ.

ഏഴാം നൂറ്റാണ്ടു അടുത്ത് ഉണ്ടായ അഗ്നിബാധയിൽ നശിച്ചതായി കരുതുന്നു.തറയിലെ മൊസൈക് ചിത്രങ്ങളിൽ, ക്രിസ്തുവിൻറെ പ്രസിദ്ധമായ ഒരു പ്രവർത്തി സൂചിപ്പിക്കുന്ന, അഞ്ചു അപ്പം രണ്ടു മീൻ പന്ത്രണ്ടു കുട്ടകൾ ഒക്കെ കാണാം. മാതളനാരങ്ങാ പോലുള്ള ഫലങ്ങൾ, പക്ഷികൾ ഒക്കെ അക്കാലത്തെ ചിത്രരചനാ രീതിയായ മൊസൈക് ചിത്രങ്ങളിൽ ഉൾപ്പെടുത്തി ദേവാലയത്തിൻറെ തറ മനോഹരമാക്കിയിരിക്കുന്നു.

കൂട്ടത്തിൽ നമ്മുടെ മയിൽ രൂപവും കാണാം!1000 BC ശലോമോൻ രാജാവിൻറ്റെ കാലം മുതൽ മയിൽ നമ്മുടെ പ്രധാന കയറ്റുമതി ഇനമായിരുന്നു. വലിയ ധനാഢ്യരും പ്രഭുക്കന്മാരും രാജാക്കന്മാരും മയിൽ ഇണകളെ വിവാഹ സമ്മാനമായും മറ്റും സമ്മാനിച്ചിരുന്നു.

ഇതുപോലെ അവരെ ഭ്രമിപ്പിച്ച നമ്മുടെ മറ്റൊരു പ്രധാന കയറ്റുമതി ജീവിയാണ് കുരങ്ങ്! രണ്ടും പ്രാചീന തമിഴ്-സംസ്‌കൃത പദങ്ങളിൽ പഴയനിയമ ബൈബിളിൽ കാണാം. തുക്കിയ്യിം = മയിൽ, കൊപി = കുരങ്ങ്. ഈ രണ്ടു ജീവികളും അവിടെ ഇല്ലാത്തതിനാൽ, എബ്രായ ഭാഷയിൽ തത്തുല്യ പദങ്ങൾ ഇല്ല. ആധുനിക ഹീബ്രുവിൽ കോഫ്, തോസ് എന്ന് പറയുന്നു. മയിൽ ഐശ്വര്യത്തിൻ്റെ, ധന സമൃദ്ധിയുടെ പ്രതീകമായിരുന്നു ജൂതർക്ക്. ജൂത-ഗ്രീക്ക്-റോമൻ-ഈജിപ്ഷ്യൻ സംസ്കൃതിയിൽ ഇതിനു മൂന്ന് പ്രാധാന്യങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്, ഇവ മൂന്നും ആദ്യ കാലത്തു ക്രിസ്തുമതത്തിലും സ്വീകാര്യമായി:

1. മയിൽ മരിച്ചാലും ശരീരം ദീർഘകാലം ചീഞ്ഞു പോകാതെ നിൽക്കുന്നു, ഇത് നിത്യജീവനെ പ്രതിനിധീകരിക്കുന്നു.

2 . മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, മയിൽ പീലി/വാല് പൊഴിയുകയും, വീണ്ടും പഴയതുപോലെ വളരുകയും ചെയ്യുന്നു. ഇത് പുനരുത്ഥാനത്തിൻറെ പ്രതീകമായി സ്വീകരിക്കപ്പെട്ടു.

3 . മയിൽ പീലിയിലെ കണ്ണിൻറെ പ്രതീകം, എല്ലാം കാണുന്ന ദൈവത്തിൻറെ പ്രതീകമായി കരുതിയിരുന്നു. ആദ്യകാല ക്രിസ്തു ചിത്രങ്ങൾക്കൊപ്പം മയിൽരൂപം കാണാം. രാജാക്കന്മാരുടെ ശവ കുടീരങ്ങളിൽ മയിൽ രൂപം ചേർക്കപ്പെട്ടിരുന്നു.

മയിൽ ധാരാളമുള്ള മൈലാപ്പൂർ കാടുകളിൽ, അബദ്ധത്തിൽ മയിൽ വേട്ടക്കാരൻറെ അമ്പേറ്റാണ് വി തോമാശ്ലീഹ വധിക്കപ്പെട്ടത് എന്ന് ഒരു വ്യാഖ്യാനം ഉണ്ട്.

വെനീസ് കച്ചവട-യാത്രികൻ മാർകോ പോളോ ഇത് രേഖപ്പെടുത്തുന്നു, AD 1271ഏതായാലും, നൂറ്റാണ്ടുകൾ മയിൽ നമുക്ക് നല്ല വരുമാനം ഉണ്ടാക്കിയിരുന്നു.

Anil G George

നിങ്ങൾ വിട്ടുപോയത്