പെസഹാ ആചരണം.

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും ഇപ്രകാരമുള്ള ഒരാചരണം ഇല്ല.

ഭവനത്തിലെ പരിശുദ്ധ കുർബാന ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിലെ അപ്പം മുറിക്കൽ ശുശ്രൂഷ…..
കുടുംബ നാഥൻ പുരോഹിതൻ ആകുന്ന സമയം…..

പല പുത്തൻ കൂർ സഭകളിലും കാലക്രമേണ അന്യംനിന്ന് പോയ വീട്ടിലെ പെസഹാ ആചരണം പഴയ കൂറിൽ പെട്ട സീറോ മലബാർ സഭയിലെ വിശ്വാസികൾ ഇന്നും അഭംഗുരം നിലനിർത്തുന്നു. നസ്രാണികളെ വ്യത്യസ്തരാകുന്ന വളരെ പുരാതനമായ ഒരു പാരമ്പര്യമാണിത്.
ഇത് നമ്മുടെ പൗരാണികതയുടെയും, നമ്മുടെ പൂർവ്വികരുടെ വിശ്വാസ തീക്ഷ്ണതയുടെയും പ്രതീകമാണ്. പുളിപ്പില്ലാത്ത അപ്പം പുഴുങ്ങുന്നത് ഗൃഹനാഥയും പാല് തയാറാക്കുന്നത് കുടുംബ നാഥനുമാണ്.
പഴയ കുടുംബങ്ങളിൽ ഒക്കെ കുടുംബ നാഥൻ അടുക്കളയിൽ പാചകം ചെയ്യുന്നത് ആണ്ടുവട്ടത്തിൽ ഈ ഒരു അവസരത്തിൽ മാത്രമാണ്. സ്ത്രീകൾ ഒരിക്കലും പാല് തയാറാക്കില്ല. വിശുദ്ധിയോടെയാണ് എല്ലാ കുടുംബങ്ങളിലും ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. ഇതിനായി പ്രത്യേകം പാത്രങ്ങൾ പോലും നമ്മുടെ കുടുംബങ്ങളിൽ വാങ്ങുന്നു, ഇതൊക്കെ പെസഹാ ആചരണത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യമാണ് പ്രകടമാക്കുന്നത്.

ഇത് ഒരിക്കലും പള്ളിയിലല്ല ചെയ്യേണ്ടത്, കുടുംബ കൂട്ടായ്മകളിലും അല്ല, അയൽക്കാർ ഒന്നിച്ച് കൂടിയുമല്ല, പിന്നെയോ അത് കുടുംബത്തിൽ തന്നെയാണ് നടത്തേണ്ടത്.
അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും ചേർന്നുള്ള പെസഹാ ആചരണം…..

അപ്പം മുറിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചാൽ ആ വർഷം വീട്ടിൽ അപ്പം പുഴുങ്ങില്ല, കാരണം അപ്പം പുഴുങ്ങുന്നത് അവരുടെ കടമയായിരുന്നല്ലോ. പക്ഷേ പാല് കാച്ചും. വീട്ടിലേക്കുള്ള അപ്പം അയൽപക്കത്തെ വീട്ടുകാർ ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കും. കുരിശപ്പം എന്ന പുളിപ്പില്ലാത്ത അപ്പവും പാലും മാമ്മോദീസാ സ്വീകരിക്കാത്ത അക്രൈസ്തവർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ല. അപ്പം തയാറാക്കുമ്പോഴും പാല് കാച്ചുമ്പോഴും അതിൽ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് സ്ലീവായുടെ ആകൃതിയിൽ പ്രത്യേകം പ്രത്യേകം വയ്ക്കാറുണ്ട്.
അപ്പം മിച്ചം വന്നാൽ അത് ദുഃഖ വെള്ളിയാഴ്ച ഭക്ഷിക്കും. ഇത് ഉപവാസത്തിൻ്റെ ലംഘനമാകുന്നില്ല. മിച്ചം വരുന്നതിൽ ഒരു കഷ്ണം വ്യാഴാഴ്ച വൈകിട്ട് ശുശ്രൂഷയ്ക്ക്‌ ശേഷം പാലിൽ ഇട്ട് വയ്ക്കുകയും ചെയ്യും.
ചിലയിടങ്ങളിൽ അപ്പം മുറിക്കുന്നതിന് മുൻപ് കുരുത്തോല സ്ലീവ എടുത്ത് മാറ്റി അവിടെ ഉപ്പുകല്ലു കൊണ്ട് കുരിശ് വരയ്ക്കും. കുടുംബങ്ങളിൽ ഈ ശുശ്രൂഷ കഴിഞ്ഞ് അന്നേദിവസം ഇതിനുപയോഗിച്ച പാത്രങ്ങൾ കഴുകുകയും ചെയ്യാറില്ല.

ഇണ്ടറി അപ്പവും കുരിശപ്പവും.

ആവിയിൽ പുഴുങ്ങി എടുക്കുന്നതാണ് ഇണ്ടറി എന്ന് പറയുന്നത്. INRI എന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. വാക്കുകൾ കാലക്രമേണ മാറി വന്നതാകാം. (ആവിയിൽ പുഴുങ്ങി എടുക്കുന്ന ഇഡലിയുമായി ഇണ്ടറി എന്ന വാക്കിനുള്ള സാമ്യം ശ്രദ്ധിക്കുക, ഇപ്പോഴും ചിലയിടങ്ങളിൽ ഇട്ടലി എന്ന് പറയുന്നുണ്ട് ഇഡലിക്ക്‌).
കുരിശപ്പം ഒരു വീട്ടിൽ ഒരെണ്ണം മാത്രമേ ഉണ്ടാക്കൂ, അയൽപക്കത്ത് കൊടുക്കണം എങ്കിൽ കൂടുതൽ ഉണ്ടാക്കും. ഇണ്ടറിയപ്പം മിച്ചം വരുന്നത് ചിലയിടങ്ങളിൽ വെയിലത്ത് ഉണങ്ങി എടുത്ത് പിന്നീട് കഴിക്കാറുണ്ട്.

അപ്പം മുറിക്കുന്നത് വീട്ടിലെ കുടുംബ നാഥനാണ്, തറവാട്ടിൽ നിന്നും മറ്റും ഒന്നിച്ച് ചേർന്ന് മുറിച്ചാൽ പോലും, അപ്പം മുറിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബ നാഥനാണ് ആ വീട്ടിലെ അപ്പം മുറിക്കേണ്ടത്. അപ്പം പതിമൂന്ന് കഷ്ണമായി മുറിക്കണം (ഈശോ + 12 ശ്ലീഹൻമാർ). ആവശ്യമെങ്കിൽ കൂടുതൽ പിന്നീട് മുറിക്കും. അപ്പം മുറിക്കേണ്ടത് പുരുഷന്മാരാണ്, സ്ത്രീകൾ ഒരിക്കലും ഈ അപ്പം മുറിക്കാൻ പാടില്ല. കുടുംബ നാഥൻ വീട്ടിലെ പ്രായം കൊണ്ട് മൂത്തവർ തുടങ്ങി ഇളയവർ വരെ പുരുഷന്മാർക്ക് ആദ്യവും അതിന് ശേഷം സ്ത്രീകൾക്കും ഇതേപോലെ പ്രായക്രമത്തിലും കൊടുക്കുന്നു.

ചിലയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് അന്ധവിശ്വാസങ്ങളുമുണ്ട്.
അവയിൽ ചിലത് ഇവയാണ്;
കുരിശപ്പം ഉണ്ടാക്കുമ്പോൾ അത് വിണ്ടുകീറി പോയാൽ വീട്ടിൽ ദൗർഭാഗ്യം വരുന്നു, മരണം നടക്കും എന്നൊക്കെ.
പ്രാദേശികമായി ഒത്തിരി വ്യത്യാസങ്ങൾ ഇങ്ങനെ കാണാം.
വേറെ ഒരു അന്ധവിശ്വാസമാണ് കുരിശപ്പത്തിൽ ഒരു മഞ്ഞൾചുക്കിന്റെ ചെറിയ കഷ്ണം ഒളിച്ച് വയ്ക്കും, മാവ് കുഴയ്‌ക്കുമ്പോൾ തന്നെ. അപ്പം മുറിക്കുമ്പോൾ ഇത് കിട്ടുന്നവർ ഭാഗ്യവാൻ.
ഈ അന്ധവിശ്വാസങ്ങൾ ഒക്കെ മാറ്റിവച്ച് കർത്താവിൻ്റെ പെസഹാ നമുക്ക് ആചരിക്കാം….

ചില ഭാഗങ്ങളിൽ പാല് കാച്ചുമ്പോൾ പാലിൽ പഴം വട്ടത്തിൽ അരിഞ്ഞ് ചേർക്കും.
അങ്ങനെ പ്രാദേശിക വ്യത്യാസങ്ങൾ ഒരുപാട് ഉണ്ട്.

ബേക്കറിയിൽ ആരേലും ഒക്കെ ചവിട്ടിക്കുഴച്ച് ഉണ്ടാക്കുന്ന റൊട്ടിയുടെ പുറകേ പോകാതെ നമ്മുടെ മഹത്തായ പാരമ്പര്യം നമുക്ക് സംരക്ഷിക്കാം……
മാതാപിതാക്കളിൽ നിന്ന് അടുത്ത തലമുറ ഇവ തയാറാക്കുന്നത് കണ്ടുപഠിക്കട്ടെ,
വരും തലമുറകൾക്ക് കൈമാറട്ടെ……..

  • ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

നിങ്ങൾ വിട്ടുപോയത്