മുപ്പത്തി മൂന്നു വർഷങ്ങൾ!
കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു!
അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു!
അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ പഠനത്തിലും ദൈവ വിചാരത്തിലും പങ്കുകൊണ്ടും അവൻ ജീവിച്ചു!
തന്റെ നിയോഗം പൂർത്തിയാക്കാനുള്ള സമയമായപ്പോൾ, ലോകത്തിന്റെ പാപ ഭാരം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി, സ്നാപക യോഹന്നാൻ അവനെ സാക്ഷ്യപ്പെടുത്തി! യോഹന്നാനിൽ നിന്നും മാമോദീസ സ്വീകരിച്ചശേഷം, തന്റെ ബലിവേദിയായ കുരിശിനെ മുന്നിൽ കണ്ടുകൊണ്ട് അവൻ കഫർണാമിലേക്കും
തുടർന്നു ജറുസലേമിലേക്കും ഇറങ്ങിത്തിരിച്ചു!
അബ്രഹാമിനെയും ഇസഹാക്കിനെയും യാക്കോബിനെയും മോശയേയും പ്രവാചകൻമാരെയും വഴിനടത്തിയ ദൈവം അവനിൽ വെളിപ്പെട്ടു! മുൾപ്പടർപ്പിൽ അഗ്നിയെന്നപോലെ ആത്മാവ് അവനിൽ ജ്വലിച്ചു!
അവന്റെ വാക്കുകൾ ജീവൻ പകർന്നു! അവന്റെ കർമ്മങ്ങളിൽ അനേകർ സ്നേഹത്തിന്റെ ആഴവും ഔന്നത്യവും അനുഭവിച്ചു!
അവന്റെ നോട്ടവും ഭാവവും ദൈവ കാരുണ്യത്തിന്റെ കടലാഴങ്ങൾ ആവിഷ്കരിച്ചു!
ദൈവത്തിന്റെ മനസ്സും മനുഷ്യന്റെ ഹൃദയവും അറിയുന്നതിൽ അവൻ
തന്റെ ഹൃദയം നട്ടു!
അവനോടൊപ്പം നടന്നവർ,
‘ദൈവം കൂടെയുണ്ട്’ എന്ന അറിവിൽ വളർന്നു!
അത്യുന്നതനെ മനുഷ്യനൊപ്പം നടത്തിയും മനുഷ്യനെ നിത്യതയുടെ വെളിച്ചത്തിൽ നടത്തിയും
അവൻ മൂന്നര വർഷം അവരോടു
കൂടെ നടന്നു!
മരിച്ചാലും ഉപേക്ഷിക്കില്ലെന്നും അവസാനം വരെ കൂടെയുണ്ടാവുമെന്നും അവൻ ശിഷ്യരോടു പറഞ്ഞു!
അവരോടൊപ്പം ആയിരിക്കുന്നത് അവനിഷ്ടമായിരുന്നു!
അവരിലെ കുറവുകൾ പരിഗണിക്കാതെ, ദൈവം സ്നേഹിക്കുന്നതുപോലെ, അവൻ അവരെ സ്നേഹിച്ചു!
തങ്ങളുടെ പരിമിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവരും അവനെ സ്നേഹിച്ചു!
മനുഷ്യരോടുള്ള അവന്റെ സ്നേഹം, അവരെ സ്നേഹമുള്ളവരാക്കി! എല്ലാവരേയും അവൻ സ്വന്തമായി പരിഗണിച്ചു!
എങ്കിലും, അവനെ സ്വന്തമായി പരിഗണിക്കാൻ ‘ലോകത്തിനു’ കഴിഞ്ഞില്ല!
അവർക്കറിയാവുന്ന ദൈവ സങ്കൽപ്പങ്ങൾക്കും മത ബോധത്തിനും അവൻ പറയുന്ന “അപ്പന്റെ പരിധിയില്ലാത്ത സ്നേഹത്തെ” ഉൾക്കൊള്ളാൻ കഴിഞ്ഞില്ല!
കൊല്ലാനുള്ള വഴികളാകട്ടെ,
അവർക്കു സുപരിചിതവുമായിരുന്നു!
അവന്റെ സ്നേഹിതരും അവന്റെ കാരുണ്യമറിഞ്ഞവരും ഭയന്നുപോയി! ചരിത്രത്തിന്റെ നാൽക്കവലയിൽ അവൻ പരിത്യക്തനായി മരിച്ചു!
സ്നേഹം പരാജയമാണെന്നു
ലോകം വിധിച്ചു!
സ്നേഹം മരണത്തെക്കാൾ ശക്തമാണെന്ന് സ്വയം വെളിപ്പെടുത്തി!
സ്നേഹം,
അവനെ നിത്യ ജീവനിലേക്കു കൂട്ടിക്കൊണ്ടുപോയി!
മരണത്ത അതിജയിക്കുന്ന സ്നേഹത്തിന്റെ ശക്തി,
അവൻ കുരിശിലൂടെ വെളിപ്പെടുത്തി!
അങ്ങനെ, പിതാവിന്റെ വചനമായവൻ ‘ജീവിതത്തിന്റെ ലോഗോസ്’ എന്തെന്നു പറഞ്ഞു തന്നു!
മനുഷ്യ ജീവിതത്തേയും ചരിത്ര വഴികളേയും പ്രകാശിപ്പിക്കുന്ന
“നിത്യ ജീവന്റെ സുവിശേഷം,” ജീവിക്കാനും പറയാനും അവൻ എന്നേയും നിയോഗിച്ചിരിക്കുന്നു!
അവന്റെ കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽ
മുപ്പത്തിമൂന്നു വർഷങ്ങൾ …
ബലി പൂർത്തിയാകുവോളം
നീതന്നെ എന്നെ നടത്തണേ നാഥാ! എല്ലാവരുടേയും പ്രാർത്ഥനക്കും സ്നേഹത്തിനും…. ഹൃദയം നിറയെ നന്ദി!
ഫാ. വർഗീസ് വള്ളിക്കാട്ട്
ആശംസകളും പ്രാർത്ഥനകളും