
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങള്‍ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നല്‍പ്പിണര്‍, കാഹളധ്വനി, ധൂമം, ഭൂകമ്പം! ”ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ” എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാന്‍ ആ ഭീകരാനുഭവങ്ങള്‍ ഇസ്രായേല്‍ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളില്‍ പേറിയവര്‍ എക്കാലവും ദൈവത്തെ കണ്ടിരുന്നത് പേടിയോടെയാണ്. വരാനിരിക്കുന്നവനെക്കുറിച്ച് അവര്‍ വച്ചുപുലര്‍ത്തിയതും സമാനമായ ചിന്താഗതികളായിരുന്നു. ‘ആകാശം ചായിച്ച് ഇറങ്ങിവരുന്നവന്‍’ (സങ്കീ 18,9), ‘പാഞ്ഞുവരുന്ന വചനം’ (സങ്കീ 147,15), ‘ദാവീദിന്റെ സിംഹാസനത്തിലും രാജ്യത്തിലും നിസ്സീമമായ ആധിപത്യമുള്ളവന്’ (ഏശ 9,7), ‘ഇസ്രായേലിനെ ഭരിക്കേണ്ടവന്‍’ (മിക്കാ 5,2) എന്നിങ്ങനെ എത്രയെത്ര വമ്പന്‍ പദപ്രയോഗങ്ങളാണ് വരാനിരിക്കുന്നവനെക്കുറിച്ച് അവര്‍ നടത്തിയത്! ഒരു മാസ് എന്‍ട്രിയായിരുന്നു, കിടുകിടെ വിറപ്പിക്കുന്ന ഒരു തകര്‍പ്പന്‍ പ്രത്യക്ഷമായിരുന്നു സ്വാഭാവികമായും അവര്‍ വിഭാവനംചെയ്തത്!
*പുല്ത്തൊട്ടിയിൽ കണ്ടത്…*

പക്ഷേ, ഇടയന്മാര് ബേത്ലഹേമില് ചെന്നപ്പോള്‍ കണ്ടത് പുല്ത്തൊട്ടിയില് കിടന്ന് കൈകാലിട്ടടിക്കുകയും ഇടയ്ക്കിടെ കരയുകയും ഇടയ്ക്കിടെ ചിരിക്കുകയും ചെയ്യുന്ന കേവലം ഒരു ശിശുവിനെ ആയിരുന്നു… നിര്‍ഭയത്വം അനര്‍ഗളം പ്രസരിപ്പിക്കുന്ന, ഓമനത്തം തുളുമ്പുന്ന ഒരു സാന്നിധ്യം! പുല്ത്തൊട്ടിയില് ശയിക്കുന്ന ഒരു ദൈവം ആരെ ഭയപ്പെടുത്താന്‍? വാവിട്ടു കരയുകയും മോണകാട്ടി ചിരിക്കുകയും ചെയ്യുന്ന ഒരു ശിശു ആരുടെ ഉറക്കംകെടുത്താന്‍? സമ്പൂര്‍ണ പരാശ്രയത്വത്തിന്റെ കമ്പളത്തില്‍ സ്വയം പുതഞ്ഞുപൂണ്ടൊതുങ്ങുന്ന ആ ലാളിത്യം ആരില്‍ അസ്വസ്ഥതയുണര്ത്താന്?
അഗ്നിയിലും കൊടുങ്കാറ്റിലും ഭൂകമ്പത്തിലുമല്ല, മന്ദമാരുതനില്‍ ദൈവസാന്നിധ്യം അനുഭവിച്ച ഏലിയായും മുള്‍പ്പടര്‍പ്പിനെ ചാമ്പലാക്കാത്ത അഗ്നി കണ്ട് ആകൃഷ്ടനായ മോശയും, സത്യത്തില്‍, ക്രിസ്മസ്സിന്റെ മുന്നാസ്വാദനത്തിലായിരുന്നു എന്നു നാം ഇപ്പോള്‍ തിരിച്ചറിയുന്നു! ‘ചതഞ്ഞ ഞാങ്കണ ഒടിക്കാത്തവന്‍’, ‘പുകഞ്ഞ തിരി കെടുത്താത്തവന്‍’ എന്നൊക്കെ ഏശയ്യാപ്രവാചകന് (42,3; മത്താ 12,20) പറഞ്ഞത് ഈ ഉണ്ണിയെക്കുറിച്ചായിരുന്നെന്ന് ചിന്തിക്കാന്‍ ഇപ്പോൾ എന്തെളുപ്പം! എത്രമേല്‍ വശ്യമാണ് മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ മൃദുലതയും ഹൃദ്യതയും!
*ഉണ്ണിയെ പേടിക്കുന്നവര്‍!*
എന്നിട്ടും, കരുത്തര്‍ ആ ശിശുവിനെയോര്ത്ത് നടുങ്ങിവിറച്ചു; ജറുസലേം മുഴുവനും ആധിയിലാണ്ടു! നവജാതശിശുവിനെക്കുറിച്ച് അസ്വസ്ഥനായ ഹേറോദേസ്രാജാവ് രോഷാകുലനായപ്പോള്‍ ബത്ലെഹേമും പ്രാന്തപ്രദേശങ്ങളും ആര്ത്തനാദമുഖരിതമായി! വല്ലാതെ മുതിര്‍ന്നുപോയവരില്‍ ശിശുക്കള്‍ ഉളവാക്കുന്ന ഭയം കാണാന്‍ ഹേറോദിന്റെ ബത്ലെഹേമിലേക്ക് നോക്കിയാല്‍ മതി; കൂടുതല്‍ നേര്‍ക്കാഴ്ച വേണമെങ്കില്‍, ഇന്നത്തെ അബോര്ഷന് ക്ലിനിക്കുകളിലേക്കു നോക്കിയാലും മതി!

കഷ്ടമെന്നു പറയട്ടെ, ദൈവത്തെ പേടിക്കണമെന്ന് ഇന്നും ചില മനുഷ്യര്‍ കരുതുന്നു! ഭയമുള്ളവര്‍ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നതു വാസ്തവംതന്നെ! ഭയക്കാന്‍ എളുപ്പമുള്ളവരും ഭയപ്പെടുത്താന്‍ ഉത്സുകരുമായ കരുത്തിന്റെ ഈ ഉപാസകര്‍ ഉളവാക്കുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവും മതപരവുമായ പ്രതിസന്ധികള്‍ ചില്ലറയല്ല. ഈ മേഖലകളിലെല്ലാം പേടിത്തൊണ്ടന്മാര്ക്ക് നല്ല മാര്‍ക്കറ്റുണ്ടെന്നതിന് മൂര്‍ത്തമായ ഉദാഹരണങ്ങള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. ഭീകരവാദവും യുദ്ധക്കൊതിയും സ്വേച്ഛാധിപത്യപ്രവണതകളും വര്‍ഗീയധ്രുവീകരണവും വംശീയതയും ശക്തി-ശാപനിബദ്ധമായ ആത്മീയക്കച്ചവടങ്ങളും മേല്‍ക്കൈ നേടുമ്പോള്‍, സത്യത്തില്‍, തേരോട്ടം നടത്തുന്നത് പേടിയാണ്!

ഭയത്തിന്റെ ഈ പ്രയോക്താക്കള്‍, ഒരുവിധത്തില്‍ പറഞ്ഞാല്‍, സ്വത്വബോധം നഷ്ടപ്പെട്ടവരോ ആത്മവിശ്വാസം തകര്‍ന്നവരോ ആണ്. പ്രയോഗത്തില്‍, അവര്‍ തള്ളിപ്പറയുന്നത് പുല്ത്തൊട്ടിയിലെ ഉണ്ണിയെയും പുതിയനിയമം സമ്മാനിക്കുന്ന ദൈവത്തിന്റെ പിതൃസങ്കല്പത്തെയും മനുഷ്യരുടെ സാഹോദര്യസങ്കല്പത്തെയും പ്രപഞ്ചത്തിന്റെ സമഗ്രതാസങ്കല്പത്തെയുമാണ്!
*ധ്യാനപ്രശാന്തരാകാം…*

മറിയത്തോടും യൗസേപ്പിനോടുമൊപ്പം, അനുഭവവൈവിധ്യത്തിന്റെ ബാഹുല്യങ്ങള്‍ക്കിടയിലും എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനവിഷയമാക്കാന്‍ നമ്മെ ക്ഷണിക്കുന്ന ഈശോത്സവമാണ് ക്രിസ്മസ്സ്. അതെ, ദുര്‍ബലനായ ഒരു ശിശുവിന്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മള് സ്വജീവിതം ആകര്‍ഷകവും നിര്‍ഭീഷണവും ശുശ്രൂഷാനിര്ഭരവും ആക്കിയേ മതിയാകൂ!

ഫാ. ജോഷി മയ്യാറ്റില്‍
നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു I FR. DR. JOSHY MAYYATTIL തിരുവചനപദസാരം