*എൻ്റെ പ്രിയ യുക്തിവാദി-നിരീശ്വരവാദി സുഹൃത്തുക്കളേ,*
നിങ്ങളുടെ നിരീശ്വരവിശ്വാസത്തിനും യുക്തിവാദവിശ്വാസത്തിനും ഭീഷണിയാകും എന്നു വിചാരിച്ചല്ല ഇന്നലെ ഞാൻ FB യിൽ ഒരു പോസ്റ്റിട്ടത്. നിങ്ങളെ അതു വല്ലാതെ വിറളിപിടിപ്പിച്ചു എന്നു ഞാൻ അതിലെ കമൻ്റുകളിലൂടെ മനസ്സിലാക്കുന്നു. സംഭവങ്ങളെയും വസ്തുതകളെയും ഇത്രമാത്രം ഭയക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്ഷമിക്കണം!
മാടവന സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകപ്പള്ളിയിൽ 2024 ജൂലൈ 21, 28, ആഗസ്റ്റ് 4 എന്നീ തുടർച്ചയായ മൂന്നു ഞായറാഴ്ചകളിൽ ദിവ്യബലിമധ്യേ തിരുവോസ്തി മാംസരൂപം പൂണ്ട സംഭവത്തെക്കുറിച്ചായിരുന്നു പോസ്റ്റ്: https://www.facebook.com/share/p/JiY97mhC8prC2MZg/?mibextid=oFDknk
എൻ്റെ പോസ്റ്റിലെ ആശയത്തെ ഖണ്ഡിക്കാൻ അവഹേളനങ്ങൾ കൊണ്ടോ തെറികൾ കൊണ്ടോ വയനാടുദുരന്ത പരാമർശം കൊണ്ടോ നിങ്ങൾക്ക് സാധിക്കുകയില്ല. താഴെപ്പറയുന്നവ ഒന്നു ശ്രമിച്ചുനോക്കൂ:
1) ഞാൻ എഴുതിയിട്ടുള്ള കാര്യങ്ങൾ ആ മൂന്നു ഞായറാഴ്ചകളിലും നടന്നിട്ടില്ല എന്നു തെളിയിക്കാമോ?
2) ഞാൻ എഴുതിയിട്ടുള്ള കുറിപ്പിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ അഥവാ തെറ്റുകൾ (factual errors) ഉണ്ട് എന്നു തെളിയിക്കാമോ?
ഞാൻ എഴുതിയവയെല്ലാം സംഭവിച്ചവയാണെന്നും അവയിൽ വസ്തുതാപരമായ തെറ്റുകൾ ഇല്ലായെന്നുമാണ് തെളിയുന്നതെങ്കിൽ പിന്നെ എന്താണ് പ്രശ്നം?
‘അദ്ഭുതം’ എന്നതായിരിക്കും നിങ്ങളുടെ അടുത്ത പ്രശ്നം. ഓകെ.
നടന്ന കാര്യങ്ങൾ അദ്ഭുതമാണെന്ന് എൻ്റെ കുറിപ്പ് പറയുന്നുണ്ടോ? ഇല്ലല്ലോ. നടന്ന കാര്യം സ്വാഭാവിക പ്രതിഭാസമോ അദ്ഭുതമോ മാജിക്കോ തട്ടിപ്പോ എന്ന് എനിക്ക് അറിയില്ല. അതു തെളിയേണ്ടത് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയാണ്. അതിനാൽ, ഇപ്പോഴേ അത് *”അദ്ഭുതമെന്നു പ്രചരിപ്പിക്കരുത്”* എന്നല്ലേ ഞാൻ എഴുതിയിരിക്കുന്നത്? അതുപോലെ നിങ്ങളോടും ഞാൻ പറയട്ടെ: *കണ്ണും മനസ്സും അടച്ച്, “ഇതെല്ലാം തട്ടിപ്പാണ്” എന്നു പ്രചരിപ്പിക്കരുത്.*
ഇനി ആ പെൺകുട്ടിയെ കേട്ടു നോക്കൂ: https://youtu.be/dqRe4b_CIrs?si=C65IGOylRkGg9HmP
ഇത്തരം പ്രതിഭാസങ്ങളെല്ലാം കർശനമായ നിരീക്ഷണ-ഗവേഷണങ്ങൾക്കു വിധേയമാക്കി ഔദ്യോഗികമായി തീർപ്പുകല്പിക്കുകയാണ് സഭയുടെ ശൈലി: https://www.vatican.va/…/rc_ddf_doc_20240517_norme…
കൊട്ടിഘോഷിക്കപ്പെട്ട പല “അദ്ഭുതങ്ങളും” ശാസ്ത്രീയമായ പഠനങ്ങൾക്കു ശേഷം സഭ തള്ളിക്കളഞ്ഞിട്ടുണ്ട്: https://www.facebook.com/share/p/cn9yBY2GaX9uWV86/?mibextid=oFDknk
ഇത്തരം പ്രതിഭാസങ്ങളിൽ സഭ പുലർത്തുന്ന നിലപാട്, “എല്ലാം പരിശോധിച്ചുനോക്കുവിന്‍; നല്ലവയെ മുറുകെപ്പിടിക്കുവിന്‍” എന്ന തിരുവചനത്തിൽ അധിഷ്ഠിതമാണ് (1തെസ്സ 5,21). ദൈവിക ഇടപെടലുകളിലും പ്രകൃത്യാതീത പ്രതിഭാസങ്ങളിലും കത്തോലിക്കർ വിശ്വസിക്കുമ്പോൾത്തന്നെ (motiva credibilitatis) അത്തരം അദ്ഭുതങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിൻ്റെയും ഉറപ്പോടെ മാത്രമേ അംഗീകരിക്കാവൂ എന്ന് സഭയ്ക്കു നിർബന്ധമുണ്ട് (CCC 156).
ജൂലൈ 21ന് നടന്ന സംഭവം ഞാൻ പിറ്റേ ദിവസം അറിഞ്ഞു. ജൂലൈ 28ന് നടന്ന സംഭവവും ഞാൻ അറിഞ്ഞു. ആഗസ്റ്റ് 4നും അതു തന്നെ സംഭവിച്ചപ്പോഴാണ് എന്തോ കാര്യമുണ്ടല്ലോ എന്ന് എനിക്കു തന്നെ തോന്നിയത്. പിന്നീട് സൂക്ഷ്മമായി അന്വേഷിച്ച് കൃത്യതയോടെ കുറിപ്പ് എഴുതുകയായിരുന്നു. എടുത്തുചാടി ഒരു നിഗമനവും ഞാൻ നടത്തിയിട്ടില്ല.
എൻ്റെ അവധാനതയുള്ള നിലപാടാണോ, അതോ നിങ്ങളുടെ തിടുക്കം കൂട്ടിയുള്ള അവഹേളനങ്ങളാണോ ഏതാണ് കൂടുതൽ യുക്തിഭദ്രം? ആരുടേതാണ് ശരിക്കും scientific temper?
സ്നേഹത്തോടെ, ആദരത്തോടെ,
ഫാ. ജോഷി മയ്യാറ്റിൽ