സീറോമലബാർ സഭാസിനഡ് തിങ്കളാഴ്ച ആരംഭിക്കുന്നു
കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം 2021 ആഗസ്റ്റ് 16ന് വൈകുന്നേരം ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള യാത്രാനിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റുഫോമിലാണ് സിനഡ് നടക്കുന്നത്. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 61 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാർഗരേഖ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നേരത്തെ നൽകിയിരുന്നു. അതനുസരിച്ചു മെത്രാൻ സിനഡിന്റെ രണ്ടു സമ്മേളനങ്ങൾ 2020 ആഗസ്റ്റ് മാസത്തിലും 2021ജനുവരി മാസത്തിലും നടന്നിരുന്നു.
ആഗസ്റ്റ് 16 തിങ്കളാഴ്ച മുതൽ 27 വെള്ളിയാഴ്ച വരെയുള്ള ഒരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂർ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. ശനിയും ഞായറും സിനഡിന്റെ സമ്മേളനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സീറോമലബാർസഭയിലെ മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി നൽകിയ തിരുവെഴുത്തിന്റെയും പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നല്കിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ വി. കുർബാനയർപ്പണത്തെക്കുറിച്ച് സിനഡിൽ തീരുമാനമെടുക്കുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച മറ്റു വിഷയങ്ങളും സിനഡിൽ ചർച്ച ചെയ്യുന്നതാണ്.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയ കമ്മീഷൻ
15 ആഗസ്റ്റ് 2021