സിറോ മലബാർ സഭയിൽ ഏകീകൃതമായ ഒരു ആരാധനക്രമം ഉണ്ടാകണം എന്നത് സഭയുടെ തന്നെ ദീർഘകാലത്തെ ഒരു സ്വപ്നവും പ്രാർത്ഥനാവിഷയവുമാണ്. പലകാരണങ്ങൾ കൊണ്ടും അത് സാധ്യമായില്ല. 1999 ൽ സിറോ മലബാർ മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചു മാർപ്പാപ്പയുടെ അംഗീകാരത്തിന് അയച്ച, നവീകരിച്ച വിശുദ്ധ കുർബാന ക്രമത്തിന് 2021 ജൂലൈ 3 നു മാർപ്പാപ്പ അംഗീകാരം നൽകുകയും അത് വളരെ വേഗം നടപ്പിലാക്കണം എന്ന് നിർദേശിക്കുകയും ചെയ്തു. സഭയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ആനന്ദകരമായ ഒരു വാർത്തയാണിത് .

ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുകയും അവിടുത്തെ ശരീര രക്തങ്ങൾ സജ്ജീവ്വമാകുകയും ചെയ്യുന്ന ബലിപീഠത്തോട് ചേർന്ന് നില്ക്കുമ്പോൾ ഏകീകൃതമാകുകയും അകലുമ്പോൾ ശിഥിലമാകുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെ സഭ. അതിനാൽ, ആരാധനക്രമം സഭയുടെ ജീവവായുവാണ്‌. എഴുതപ്പെട്ട നിയമപുസ്തകത്തിൽ കെട്ടിമുറുക്കപ്പെട്ട ഒന്ന് മാത്രമല്ല സഭ; ക്രിസ്തുവിന്റെ സ്നേഹത്താൽ രൂപീകൃതവും അവിടുത്തെ തിരുശരീര രക്തങ്ങളാൽ സജീവവുമാണത്. അതിനാൽ, ആരാധനാക്രമ വിഷയം നിയമപരമായി മാത്രം സഭയിൽ പരിഗണിക്കാൻ സാധിക്കുന്ന ഒന്നല്ല. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ വേണം ആരാധനാക്രമത്തെ നോക്കിക്കാണാൻ.

ആരാധനാക്രമത്തെ സംബന്ധിച്ച തർക്കങ്ങൾ ക്രിസ്തുവിന്റെ സഭയെ ഏകീകൃതമായി നിലനിർത്തുന്നതിൽ വലിയ തടസം സൃഷ്ടിക്കുന്നു. വിശുദ്ധ കുർബാനയെ സംബന്ധിച്ച് ക്രിസ്തു സംസാരിച്ചപ്പോൾ തന്നെ അത് ഉൾക്കൊള്ളാനാവാതെ ഒരു വിഭാഗം അവിടുത്തെ ഉപേക്ഷിച്ചു പോയിരുന്നു.
(യോഹന്നാൻ 6: 25-66). ഒരുപക്ഷേ, ക്രിസ്തുവിന്റെ സഭയിൽ നടന്ന ആദ്യത്തെ പിളർപ്പ് ഇതാകും. മനുഷ്യന്റെ ചരിത്രത്തിലെ ആദ്യത്തെ കൊലപാതമായ ആബേൽ കായേൻ സംഭവത്തിന്റെ കാരണവും ദൈവാരാധന വിഷയം ആയിരുന്നുവല്ലോ.

ദൈവാരാധനയെ സംബന്ധിച്ച്, ആരാധിക്കുന്ന ഓരോ വിശ്വാസിക്കും സ്വന്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ആ കാഴ്ചപാടുകൾ ഉപയോഗിച്ച് ദൈവത്തെ ആരാധിക്കുന്ന ഇടമാണ് വ്യക്തിപരമായ പ്രാർത്ഥന. ആരും കാണാതെ മുറിക്കു ഉള്ളിൽ ഒരു വിശ്വാസി ഏത് വിധം വേണമെങ്കിലും ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ, സഭയുടെ ആരാധനക്രമം അങ്ങനെ നമ്മുടെ ഇഷ്ടത്തിനും കാഴ്ചപ്പാടിനും അനുസരിച്ചു അനുഷ്ഠിക്കേണ്ടതല്ല. വിശുദ്ധ കുർബാന അർപ്പിക്കുന്നത്, അത് അർപ്പിക്കുന്ന വൈദീകന്റെയോ ആരാധനസമൂഹത്തിന്റെയോ ഇഷ്ടത്തിനും സൗകര്യത്തിനും അർപ്പിക്കേണ്ട ഒന്നല്ല എന്നർത്ഥം. ആരാധനക്രമം സഭയിലൂടെ നമ്മുക്ക് “നല്കപ്പെടുന്നതാണ്”. അതിനാൽ, സഭ ആവിശ്യപെടുന്നതുപോലെ മാത്രം വിശുദ്ധ കുർബാന അനുഷ്ഠിക്കാൻ ഓരോ വൈദീകനും കടപ്പെട്ടിരിക്കുന്നു. വിശ്വാസകാര്യങ്ങളിൽ സഭയോടുള്ള വിധേയപ്പെടൽ ഏറ്റു പറഞ്ഞാണ് ഓരോ വൈദീകനും അഭിഷക്തനാകുന്നത് .

എന്റെ മാതാപിതാക്കൾ എന്റെ ജീവിതത്തിലേക്ക് “ദൈവത്താൽ നല്കപ്പെട്ടവരാണ്” . അതുപോലെ തന്നെ എന്റെ ജ്ഞാനസ്നാന സമയത്തു സഭയിലൂടെ എനിക്ക് “നല്കപ്പെട്ടതാണ്” ആരാധനക്രമം. നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ചോദിക്കാതെ നമ്മുടെ ജീവിതത്തിൽ ദൈവത്താൽ നല്കപ്പെടുന്ന പല യാഥാർഥ്യങ്ങളും ഉണ്ട്. ഒരു പക്ഷെ, നമ്മുടെ ദൃഷ്ടിയിൽ അതിനു കുറവുകൾ ഉണ്ടാവാം. അങ്ങനെ “ദൈവത്താൽ നല്കപ്പെടുന്നതിനെ” നിന്ദിക്കുന്നത് ദൈവനിന്ദ തന്നെയാണ് . വിശ്വാസജീവിതത്തിൽ അപ്രകാരം നല്കപ്പെടുന്ന ആരാധനക്രമം ഒരിക്കലും തർക്കവിഷയം ആകരുത്. ആരാധനാക്രമത്തെ കുറിച്ച് നിന്ദയോടെ സംസാരിക്കുകയും അരുത്. ആർക്കും എന്തും എങ്ങനെയും എവിടെവച്ചും തർക്കിക്കാനും നിന്ദിക്കാനും ഭിന്നതകൾ സൃഷ്ടിക്കാനും സഭയുടെ വിശുദ്ധമായ ആരാധനാക്രമത്തെ ദുരുപയോഗിക്കുന്ന ഇന്നത്തെ പ്രവണത നിർഭാഗ്യകരമാണ്.

സഭയുടെ ആരാധനക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് സഭ മനസ്സിലാക്കുമ്പോൾ, അതിൽ പഠനം നടത്താൻ കഴിവുള്ള ഒരു വിഭാഗം ആളുകളെ സഭ അതിനായി നിയോഗിക്കും. അവർക്കു മാത്രമാണ് ആരാധനാക്രമത്തെ സംബന്ധിച്ച് ചർച്ച നടത്താൻ പോലുമുള്ള യോഗ്യത ഉണ്ടാവുന്നത്. അവർ പരസ്പരം ചർച്ചചെയ്യുമ്പോൾ ഒരുപക്ഷേ തർക്കങ്ങൾ ഉണ്ടാകാം. അത് അക്കാദമീയ തലത്തിലുള്ള തർക്കം മാത്രമാണ്. പഠനത്തിന്റെ ഭാഗമായി അവർ എല്ലാ തലങ്ങളിലും ഉള്ള വ്യക്തികളുമായും പ്രാർത്ഥനയോടെ ആശയവിനിമയം നടത്തി, അവസാനം, സഭയുടെ മെത്രാൻ സിനഡ് നെ ഏൽപ്പിക്കുകയും സിനഡ് പ്രാർത്ഥനയോടെ പഠിച്ചു അംഗീകരിച്ചു മാർപ്പാപ്പയുടെ അംഗീകാരത്തിന് നൽകുകയും ചെയ്യുന്നു. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ച ആരാധനക്രമം നിർബന്ധമായും നടപ്പാക്കാൻ സഭയിലെ എല്ലാ മെത്രാന്മാരും വൈദീകരും ആരാധനസമൂഹവും കടപ്പെട്ടിരിക്കുന്നു.


ഇതിനെ ചോദ്യം ചെയ്യുന്നതും തെരുവിൽ ചർച്ച നടത്തുന്നതും സഭാവിരുദ്ധവും ക്രിസ്തുവിനു എതിരുമാണ്. അതിനാൽ, സഭയുടെ ആരാധനക്രമം തെരുവിൽ ചർച്ചചെയ്യുന്നതിൽ നിന്നും ഇതേ സംബന്ധിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ നിന്നും നമ്മൾ പിൻവാങ്ങേണ്ടതുണ്ട് .

ആരാധനാക്രമത്തെ സംബന്ധിച്ചു സിറോ മലബാർ സഭയിൽ ഏകീകരണ കുറവുകൾ സംഭവിച്ചിട്ടുണ്ട്. പ്രാദേശികമായ പ്രശ്നങ്ങളും അതിൽ മുറിവേൽക്കപെട്ടവരും ധാരാളം ഉണ്ട്. സഭ തന്റെ തനിമ വീണ്ടെടുക്കാൻ വർഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിമാത്രം ഇതിനെ കണ്ടാൽ മതിയാകും. പിതാവായ ദൈവത്തോട് സമ്പൂർണമായി വിധേയപ്പെട്ട മിശിഹായുടെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധ കുർബാന എങ്ങനെ അർപ്പിക്കണം എന്ന് മിശിഹായുടെ മൗതീക ശരീരമായ സഭ പറയുമ്പോൾ അതിനോട് വിധേയപ്പെടുകയല്ലേ വേണ്ടത്? വിധേയപ്പെടില്ല എന്ന് വാശിപിടിക്കുന്ന വ്യക്തി, അത് ആരായിരുന്നാലും, ക്രിസ്തുവിനും ക്രിസ്തുവിന്റെ സഭയ്ക്കും യോജിച്ച വ്യക്തിയല്ല.

എന്തുകൊണ്ട് ഏകീകരണം മുമ്പ് നടന്നില്ല? ആരാണ് കാരണക്കാർ? എന്നീ ചർച്ചകൾ ഇവിടെ അപ്രസക്തമാകണം. അത് മുറിവുകളുടെ വ്യാപ്തി വർദ്ധിപ്പിച്ചു കൂടുതൽ ഭിന്നതയിലേക്കു പോകും എന്നല്ലാതെ ഒരു ഗുണവും ചെയ്യില്ല. ദൈവദത്തമായ എല്ലാ വ്യത്യസ്തതകളും നിലനിർത്തിക്കൊണ്ടു തന്നെ ഒരേ മനസ്സോടും ഒരേ ഹൃദയത്തോടും കൂടി ഒരു ആരാധനക്രമം പിന്തുടരുന്ന സഭയായി സിറോ മലബാർ സഭ മാറണം എന്നാണു പരിശുദ്ധ പിതാവ്, മാർപ്പാപ്പയിലൂടെ നമ്മുടെ മിശിഹാ നമ്മോടു ഇന്ന് ആവിശ്യപെടുന്നത്. ഇതെല്ലാമാണ് ആരാധനാക്രമ ഏകീകരണത്തിന്റെ ഇന്നത്തെ പ്രസക്തി.

മാർപ്പാപ്പയുടെ ഈ നിർദ്ദേശം അതിവേഗം നടപ്പിലാക്കാൻ രൂപതാധ്യക്ഷന്മാരെ സഹായിക്കാനുള്ള കടമ എല്ലാ വൈദീകർക്കും അല്മായർക്കും ഉണ്ട്. രൂപതാധ്യക്ഷന്റെ നിർദ്ദേശങ്ങൾക്കു അണുവിട വ്യത്യാസം വരുത്തില്ല എന്ന് വൈദീകരും, വരുത്താൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് അല്മായരും ഒരുപോലെ തീരുമാനം എടുത്താൽ കുർബാന ഏകീകരണം എന്ന വലിയ സ്വപ്നം നടപ്പാകും. ഇവിടെ, വിശ്വാസകാര്യങ്ങളിൽ ഉള്ള ഉറച്ച നിലപാട് ആണ് പ്രധാനം.

ഫാ .ജോർജ് പനന്തോട്ടം

നിങ്ങൾ വിട്ടുപോയത്