ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അടിത്തറയ്ക്ക് വെറും 6.4 മീറ്റർ താഴ്ചയേ ഉള്ളൂ എന്നാണ്. (ഇടുക്കി ഡാമിന് 19.81 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത് ). “മുല്ലപ്പെരിയാർ എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഫോറവും” മറുവശത്ത് ഇന്ത്യാ ഗവൺമെൻ്റും തമ്മിലുള്ള കേസിനെടുവിൽ ന്യായാധിപന്മാരായിരുന്ന വൈ.കെ. സബർവാൾ, സി.കെ താക്കർ, പി.കെ ബാലസുബ്രഹ്മണ്യൻ എന്നിവരാണ് വിധിന്യായത്തിൽ മുല്ലപ്പെരിയാറിൻ്റെ അടിത്തറയെ അപഗ്രഥിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിധിന്യായത്തിൻ്റെ നാലാമത്തെ പാരഗ്രാഫിൽ പറയുന്നു “മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഉയരം 53.64 മീറ്റർ (176 അടി), തറനിരപ്പിൽ നിന്നുള്ള ഉയരം 47.24 മീറ്റർ (152 അടി)” അപ്പോൾ ഇത്ര വലിയ അണക്കെട്ടിൻ്റെ അടിത്തറയുടെ ആഴം വെറും 6.4 മീറ്റർ മാത്രം! ആറര മീറ്റർ മാത്രം അടിത്തറയ്ക്ക് താഴ്ചയുള്ള ഈ മസോൺറി ഗ്രാവിറ്റി (Masonry gravity dam) അണക്കെട്ട് പിടിച്ചു നിർത്തുന്ന വെള്ളത്തിൻ്റെ അളവോ, 15 TMCയും!
സംഭരണശേഷി 15 TMC ( Thousand Million Cubic Feet) അഥവാ 15 ദശലക്ഷം ഘനയടി വെള്ളം എന്നു പറയുമ്പോൾ ഒരു TMC വെള്ളത്തിൻ്റെ വ്യാപ്തി എത്രയാണെന്ന് മനസ്സിലാക്കാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികമായിരിക്കും. ഒരു ക്യുബിക് അടിയിൽ 28 ലിറ്റർ വെള്ളമുണ്ടാകും എന്നു കണക്കാക്കിയാൽ ഒരു TMC വെള്ളത്തിൻ്റെ വലിപ്പം എന്നത് “ഒരു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും 30.48 മീറ്റർ (100 അടി) ആഴവുമുള്ള ഒരു ടാങ്കിൽ നിറയ്ക്കാൻ കഴിയുന്നത്ര വെള്ളം !” ഇത്രയുമാണ് ഒരു TMC വെളളത്തിൻ്റെ വ്യാപ്തിയെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് തടഞ്ഞു നിർത്തിയിരിക്കുന്ന 15 TMC വെള്ളത്തിൻ്റെ അളവ് ഊഹിക്കാൻ കഴിയുമായിരിക്കും. ദുബായിയിലെ ബുർജ് ഖലീഫയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന് 828 മീറ്ററാണെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്നത് സമുദ്രനിരപ്പിൽ നിന്ന് 881 മീറ്റർ ഉയരത്തിലാണ് എന്നുകൂടി മനസ്സിലാക്കുമ്പോഴാണ്, ഇത്രമേൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് വെറും 6.4 മീറ്റർ താഴ്ചയുള്ള ദുർബലമായ അടിത്തറയിന്മേൽ, 125 വർഷമായി ഇത്രമാത്രം വെള്ളത്തെ തടഞ്ഞു നിർത്തുന്നു എന്ന വസ്തുത നമ്മുടെ ഉറക്കം കെടുത്താൻ പര്യാപ്തമാകുന്നത്.
KSEB റിട്ടയേർഡ് ചീഫ് എൻജിയറും ഇൻ്റർ സ്റ്റേറ്റ് വാട്ടർ അഡ്വൈസറി കമ്മിറ്റി അംഗവുമായ എം. ശശിധരൻ പറയുന്നത് “മുല്ലപ്പെരിയാർ ഡാമിന് 5 കിലോമീറ്റർ പരിധിയിൽ മാഗ്നിറ്റ്യൂഡ് 5 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പം ഉണ്ടായാൽ ഇത് തകരും. ഒരു വിധത്തിലുമുള്ള റിപ്പയർ പണികളും കൊണ്ട് ഡാമിനെ ബലപ്പെടുത്താൻ കഴിയില്ല” (ഇന്ത്യാ ടുഡേ, 2011 നവം 30). സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച്ച് സ്റ്റേഷൻ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പഠനങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന് ഗുരുതരമായ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അടിത്തറയിൽ നിന്നും 95 മീറ്റിനും 106 മീറ്ററിനും ഉയരത്തിൽ ഡാമിൻ്റെ മുഴുനീളത്തിലും കണ്ടെത്തിയ തകരാറുകൾക്ക്, നിരീക്ഷകനായിരുന്ന എം. ശശിധരനെ ഉദ്ധരിച്ച് “ദി ഹിന്ദു” 2011 ഡിസംബർ ഏഴിന് റിപോർട്ട് ചെയ്തിട്ടുള്ളത്.
“The damage that the dam has undergone in between the above noted elevations is so severe that no amount of ratification can salvage the dam from a disaster. Even a medium nature of earthquake of 4-5 magnitudes near the dam can shake the already loosened masonry cover to a collapsible condition” റിച്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെപ്പോലും നേരിടാൻ കഴിയാത്ത വിധം ഡാം തകർച്ചയുടെ വക്കിലാണെന്ന് ഇന്നേക്ക് 10 കൊല്ലം മുമ്പ് സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച്ച് സ്റ്റേഷൻകണ്ടെത്തിയിരുന്നു.
125 കൊല്ലം മുമ്പുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങയും ഉപയോഗിച്ച് ഒരു ഡാം ഡിസൈൻ ചെയ്യാൻ ഇന്നുള്ള എൻജിനീയർമാർ ആരും ചിന്തിക്കുക പോലുമില്ല എന്നാണ് “ദി ഹിന്ദു”വിൽ എം ശശിധരൻ ചൂണ്ടിക്കാണിക്കുന്നത്. സിമൻ്റ്, ഉരുക്ക്, മണൽ, കല്ല് എന്നിവ ഉപയോഗിച്ചുള്ള ഇന്നത്തെ കോൺക്രീറ്റ് സാങ്കേതിക വിദ്യയെ അപേക്ഷിച്ച് വളരെക്കുറഞ്ഞ തോതിൽ മാതമേ സുർക്കി മിശ്രിത സാങ്കേതിക വിദ്യയ്ക്ക് ഭൂകമ്പത്തെ നേരിടാൻ കഴിയുകയുള്ളൂ. അയതിനാൽ സുർക്കി മിശ്രിതത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളായ കമ്മായവും മണലും വളരെ ലഭ്യമാണെങ്കിൽ പോലും ഒരു രാജ്യവും അത് ഉപയോഗിച്ച് അണക്കെട്ട് നിർമിക്കാൻ ഈ കാലത്ത് തയാറാകില്ല. സുർക്കി മിശ്രിതത്തേക്കാൾ ആറിരട്ടി ഉറപ്പുള്ളതാണ് M30 ഗ്രേഡ് കോൺക്രീറ്റ് മിക്സ് ഉപയോഗിച്ചുള്ള നിർമാണങ്ങൾ.
19-ാം നൂറ്റാണ്ടിൽ ഏറ്റവും വികസിതവും പ്രചാരത്തിലിരുന്നതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലണ്ടിൽ നിർമ്മിച്ച രണ്ട് ഡാമുകൾ തകർന്നിരുന്നു. 1852-ൽ ”ബിൽബറി റിസർവോയർ” തകർന്ന് 81 മനുഷ്യജീവിനുകളും 1864ൽ സൗത്ത് യോർക്ഷയറിൽ ”ഡെയ്ൽ ഡയ്ക്” റിസർവോയർ തകർന്ന് 244 മനുഷ്യ ജീവനുകളും നഷ്ടപ്പെട്ടിരുന്നു. ഈ രണ്ട് ഡാമുകളുടെയും നിർമിതിക്ക് ഉപയോഗിച്ചതിൽനിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യകൾ ഒന്നുമല്ല മുല്ലപ്പെരിയാർ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സിമൻ്റും ഉരുക്കം ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന 125 കൊല്ലം മുമ്പുള്ള സാങ്കേതിക വിദ്യയെ ഇന്ന് പൂർണമായും ലോകം കൈയൊഴിഞ്ഞിരിക്കുന്നു.
നൂതന സാങ്കേതികജ്ഞാനമുളള തലമുറ മുല്ലപ്പെരിയാർ അണക്കെട്ടിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയിരിക്കുന്ന ഗുരുതരമായ പോരായ്മകൾ നോക്കുക:
- * ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പഭ്രംശ മേഖലയിലാണ്
- * ഭൂകമ്പത്തെ നേരിടാനുള്ള ഒരു മുൻകരുതലും ഇതിൻ്റെ നിർമിതിക്ക് സ്വീകരിച്ചിട്ടില്ല
- * ഡാമിൻ്റെ അടിത്തറ കെട്ടാൻ ഡ്രില്ലിംഗ്, ഗ്രൗട്ടിംഗ് എന്നീ ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടില്ല
- * ഡാമിൻ്റെ അടിയിൽ നിന്നും ഊറി വരുന്ന ജലം ഒഴുക്കിക്കളയാൻ വേണ്ട ഡ്രെയ്നേജ് സംവിധാനമില്ല
- .* ട്രാൻസ്വേഴ്സ് കൺട്രാക്ഷൻ ജോയിൻ്റുകളുടെ (transverse contraction joint) അഭാവം അണക്കെട്ടിൻ്റെ ഉറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്
- .* നിർമാണത്തിന് ഉപയോഗിക്കുന്ന സുർക്കി മിശ്രിതം ചുണ്ണാമ്പ് ലീച്ചിംഗ് പ്രകിയ (ചുണ്ണാമ്പ് ചോർച്ച) മൂലം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ സംഭവിച്ചിരിക്കുന്ന ഗുരുതരമായ ബലക്ഷയം പരിഹരിക്കുന്നതിന് സിമൻ്റ മക്സ്ചർ ഫലപ്രദമല്ല.
- * അണക്കെട്ടിനെ പരിപാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്
- .* അണക്കെട്ടിൻ്റെ 70% ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ല (മാതൃഭൂമി, ജനു 24, 2021)
നിർമിച്ച സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ഡാം ആയിരുന്നു മുല്ലപ്പെരിയാർ ഡാം. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ചതും ഇന്ന് ലോകത്ത് അവശേഷിക്കുന്നതുമായ ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും പഠനങ്ങളും ഗവേഷണങ്ങളും അവഗണിക്കാൻ ഈ ഡാമിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളവർക്ക് സാധിക്കില്ല.
ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രഫസർ ആർ.എൻ. അയ്യങ്കാർ “3D ഫൈ നൈറ്റ് എലമെൻ്റ് മെത്തേഡ് ” (3D finite element method) എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ പഠനങ്ങൾ പ്രകാരം മുല്ലപ്പെരിയാർ ഡാമിൻ്റെ ജലനിരപ്പ് ഒരു കാരണവശാലും 130 അടിക്കു മുകളിലേക്ക് ഉയർത്തുവാൻ പാടില്ല എന്ന നിഗമനത്തിൽ എത്തുകയുണ്ടായി. ഈ പ്രദേശത്ത് ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ ആവർത്തന കാലയളവ് അടിസ്ഥാനമാക്കി ആയിരുന്നു പ്രഫ. അയ്യങ്കാറുടെ വിശകലനങ്ങൾ. മുല്ലപ്പെരിയാറിനു സമാനമായ ഭൗമ മേഖലയുള്ള ഉത്തരകാശിയിലെയും കൊയ്ന ഡാം പ്രദേശങ്ങളിലെയും (മഹാരാഷ്ട്ര) ഭൗമ മേഖലകളിലെ ഭൂകമ്പങ്ങൾ, ഭൂകമ്പ സാധ്യതകൾ എന്നിവ പഠിച്ചാണ് കേരള സർക്കാരിൻ്റെ ആവശ്യപ്രകാരം അദ്ദേഹം റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്ര ജല കമ്മീഷൻ നിസ്സാരമായി തളളിക്കളയുകയായിരുന്നു.
ഐഐറ്റി റൂർക്കി നടത്തിയ പഠന റിപ്പോർട്ടിന് നേതൃത്വം നൽകിയ പ്രഫ.ഡി.കെ പോൾ പറയുന്നത് “കൂടിയ തീവ്രതയുളള ഭൂകമ്പമുണ്ടായാൽ ഉടൻ ഡാമിൻ്റെ ഭിത്തികൾ വിണ്ടു കീറും” എന്നാണ്. മുല്ലപ്പെരിയാർ ഡാമിന് 300 കിലോമീറ്റർ ചുറ്റളവിൽ 22 – ഓളം ഭൂകമ്പ സാധ്യതാ മേഖലകൾ ഉണ്ടെന്നും അതിനാൽ തീവ്രത കൂടിയ ഭൂകമ്പമുണ്ടായാൽ ഡാം പൂർണമായും തകർന്നു പോകുമെന്നുമാണ് 2D finite element method ഉപയോഗിച്ച് നടത്തിയ പഠന റിപ്പോർട്ടിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യതകളിൽ ഏറെ ഗുരുതരമായ “സോൺ 3” –യിൽ ആണ്. റിച്ടർ സ്കെയിലിൽ 6 വരെ ഭൂകമ്പങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെയാണ് സോൺ 3യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാമിൻ്റെ ഇന്നത്തെ ദുർബലാവസ്ഥയിൽ, തീവ്രത 4 രേഖപ്പെടുത്തുന്ന ഭൂകമ്പം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഒരു റിട്ടയേർഡ് ചീഫ് എൻജിനീയർ എന്നോട് ഈ ലേഖനം എഴുതുന്ന സമയത്ത് പറഞ്ഞത്.
2011 നവംബർ 26 ന് വെളുപ്പിന് 3.15 മുതൽ രണ്ട് മണിക്കൂറിനുള്ളിൽ 3.4 വരെയുളള നാല് ഭൂകമ്പങ്ങളാണ് ഉണ്ടായത്. 2001-ൽ കേരള സർക്കാർ നിർദ്ദേശിച്ചതനുസരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ നടത്തിയ പഠനത്തിൽ 1998-ൽ നെടുങ്കണ്ടം പ്രഭവകേന്ദ്രമായി 4.5 രേഖപ്പെടുത്തിയ ഭൂകമ്പവും അതിനു ശേഷം ഈരാറ്റുപേട്ട കേന്ദ്രമായി 4.8 രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി. 2000 ഡിസംബറിൽ 5 രേഖപ്പെടുത്തിയ ഭൂകമ്പവും 2001 ഡിസംബറിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനങ്ങളുമാണ് പാലാ, ഈരാറ്റുപേട്ട മേഖലകളിൽ ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡാമും ഈ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രവുമായി 50 കിലോമീറ്റർ ദൂര വ്യത്യാസമേയുള്ളൂ.
2020 ജനുവരി 1-നും മേയ് 31 നും ഇടയിൽ മാത്രം 21 ദിവസങ്ങളിലായി 63 ഭൂകമ്പങ്ങൾ ഇടുക്കി ജില്ലയിൽ മാത്രം ഉണ്ടായതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ ഡൊമിനിക് കരിപ്പാംപറമ്പിൽ സമർപ്പിച്ച അപേക്ഷയ്ക്ക് KSEB എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ഏതൊരു മലയാളിയിലും വളരെ ആശങ്ക ഉയർത്തുന്ന ഒന്നാണ്. ഒരു ദിവസം തന്നെ നിരവധി ഭൂകമ്പങ്ങൾ ഉണ്ടാകുന്നു എന്ന അപൂർവ്വ പ്രതിഭാസവും ഇവിടെ നിലനിൽക്കുന്നുവത്രെ!. 2020 ജനുവരി 1 ന് 3 തവണ, 27 ന് 2 തവണ, 28 ന് 3 തവണ, മാർച്ച് 1 ന് 4 തവണ, 4 ന് 6 തവണ, 7 ന് 2 തവണ, 13 ന് 11 തവണ, 14 ന് 5 തവണ, 15 ന് 3 തവണ, 28 ന് 4 തവണ, 31 ന് 3 തവണ, ഏപ്രിൽ 1ന് 5 തവണ, 2 ന് 2 തവണ, 19 ന് 3 തവണ. മൊത്തം 21 ദിവസത്തെ റിപ്പോർട്ടിൽ ഒരു തവണ മാത്രം ഭൂകമ്പമുണ്ടായത് 7 ദിവസങ്ങളിൽ മാത്രമാണ്.
വിവരാവകാശ രേഖയിലെ മറ്റ് ചില ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്ന്, അണക്കെട്ടിന് അടുത്ത് ഭൂകമ്പമാപിനി സ്ഥാപിച്ചിരിക്കുന്നിടത്തു തന്നെ 13 തവണ ഭൂകമ്പം ഉണ്ടായി എന്നതും ഇതില്‍ ഏറെ ഗൗരവമായി കാണേണ്ടത്, റിട്ച്ചര്‍ സ്കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂമികുലുക്കങ്ങള്‍ പലതും വെറും എണ്ണൂറു മീറ്ററിനുള്ളില്‍ ഉണ്ടായി എന്നതാണ്!
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അതിന്‍റെ രൂപകല്‍പ്പനയുടെ അടിസ്ഥാനത്തില്‍ “ഗ്രാവിറ്റി ഡാം ” എന്നാണ് വിളിക്കുന്നത്. ഗ്രാവിറ്റി ഡാമിനെക്കുറിച്ച് യു.എന്‍ ദുരന്തനിവാരണ വിഭാഗം മേധാവി മുരളി തുമ്മാരകുടി എഴുതിയ ബ്ലോഗില്‍ വിശദീകരിക്കുന്നത് നോക്കുക: “ഇപ്പോഴത്തെ ജോര്‍ദാനിലെ അമ്മാന്‍ നഗരത്തിന് സമീപമുള്ള ജാവാ അണക്കെട്ടിനാണ് (ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ്) ആദ്യത്തെ റെക്കോര്‍ഡുള്ളത്. ഏ.ഡി രണ്ടാം നൂറ്റാണ്ടില്‍ കരികാല ചോളന്‍ നിര്‍മ്മിച്ച കല്ലണ തമിഴ്നാട്ടില്‍ ഇപ്പോഴുമുണ്ട്. മണ്ണുകൊണ്ടും കല്ലുകൊണ്ടും മരംകൊണ്ടും ഒക്കെയാണ് ആദ്യകാലത്ത് അണ കെട്ടിയിരുന്നത്. ഇപ്പോള്‍ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ സ്റ്റീല്‍ കൊണ്ടോ അണ കെട്ടാം. അണ കെട്ടുന്നതിന്‍റെ പ്രധാന പ്രശ്നം അണയുടെ പുറകില്‍ ജലനിരപ്പ് ഉയരുമെന്നതാണ്. ജലനിരപ്പ് ഉയരുംതോറും അത് അണയില്‍ മര്‍ദ്ദം ചെലുത്തും. അണ ശരിയായിട്ടല്ല ഡിസൈന്‍ ചെയ്തതെങ്കില്‍ വെള്ളത്തിന്‍റെ തള്ളല്‍ അണയെ മറിച്ചിടും. ഇതിനെ പ്രതിരോധിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്, അണയുടെ വീതിയും ഭാരവും കൂട്ടുക. അണ വലുതാകുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ ഭാരമുള്ള എന്തെങ്കിലും വസ്തുകൊണ്ട് അണ കെട്ടുമ്പോള്‍ അതിന്‍റെ ഭാരംതന്നെ അതിനു ശക്തി നല്‍കുന്നു. അപ്പോള്‍ തള്ളി മറിച്ചിടാന്‍ വെള്ളത്തിന് സാധിക്കില്ല. വാസ്തവത്തില്‍ ഇത് എലിമെന്‍ററിയാണ് (അടിസ്ഥാനപരമായ അറിവ്). അണയുടെ അടിയില്‍കൂടി വെള്ളം ലീക്ക് ചെയ്ത് ഉണ്ടാക്കുന്ന ഫോഴ്സ്, ഭൂമി കുലുങ്ങിയാലുള്ള ഫോഴ്സ്, മുകളില്‍ ഒരു അണപൊട്ടി സുനാമി പോലെ വെള്ളം വന്നാലുള്ള ഫോഴ്സ് എന്നിങ്ങനെ വേറെയും സാധ്യതകളുണ്ട്…” (ഇത്തരം ഘട്ടങ്ങളില്‍ ഡാമുകള്‍ തകരും)
“അണയുടെ ഉയരം കൂടുംതോറും ഹൈഡ്രോസ്റ്റാറ്റിക് പ്രഷറിനെ നേരിടാനാവശ്യമായ ഗ്രാവിറ്റി ഫോഴ്സിന്‍റെ അളവ് കൂടും. അതനുസരിച്ച് അണക്കെട്ടിന്‍റെ വലിപ്പം കൂട്ടണം. സാധാരണഗതിയില്‍ മുകളില്‍ വീതി കുറഞ്ഞ് അടിയില്‍ വീതി കൂടിവരുന്ന സ്ട്രക്ചറാണ് (ഗ്രാവിറ്റി) അണക്കെട്ടിനുള്ളത്. നൂറുമീറ്റര്‍ ഉയരമുള്ള അണക്കെട്ടിന് മുകള്‍ ഭാഗത്ത് പത്തുമീറ്ററാണ് വീതിയെങ്കില്‍ താഴെ എത്തുമ്പോഴേക്കും ഏകദേശം നൂറുമീറ്ററോളം വീതി വരും”
ഇവിടെയെല്ലാം വ്യക്തമാക്കുന്നത് ഗ്രാവിറ്റി അണക്കെട്ടിന്‍റെ ഏറ്റവും വലിയ ശത്രു ഭൂകമ്പമാണ് എന്ന വസ്തുതയാണ്. മുകളിൽ ഉദ്ധരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂകമ്പത്തോടനുബന്ധിച്ച് ഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം ഡാമിന്‍റെ ഭിത്തികളില്‍ ഉണ്ടാക്കുന്ന അമിതമര്‍ദ്ദത്തെ നേരിടാന്‍, കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കഴിയില്ല എന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാറിന്‍റെ അതേ രൂപകല്‍പ്പനയില്‍ നിര്‍മിച്ച നിരവധി മസോണ്‍റി ഗ്രാവിറ്റി അണക്കെട്ടുകള്‍ പല രാജ്യങ്ങളിലും ഇതിനോടകം തകര്‍ന്നിട്ടുണ്ട്. 1900ല്‍ യു.എസിലെ ഓസ്റ്റിന്‍ ഡാം, 1917ല്‍ ഇന്ത്യയിലെ ടിഗ്ര ഡാം, 1961ല്‍ ഇന്ത്യയിലെ കടക്വാസല, 1986ല്‍ ശ്രീലങ്കലിയലെ കണ്ടാലൈ ഡാം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഓസ്ട്രേലിയലിലെ “യൂണിവേഴ്സിറ്റി ഓഫ് ന്യൂസൗത്ത് വെയില്‍സ് ” പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്താകെ ഇതുവരെ 21 മസോണ്‍റി ഗ്രാവിറ്റി ഡാമുകള്‍ തകര്‍ന്നിട്ടുണ്ട് എന്നാണ്. 1870 മുതല്‍ 1890 വരെയുള്ള കാലത്ത് കമ്മീഷന്‍ ചെയ്ത അണക്കെട്ടുകളാണ് ഇപ്രകാരം തകര്‍ന്നവയില്‍ ഏറെയും. 1895ലാണല്ലോ മുല്ലപ്പെരിയാര്‍ കമ്മീഷന്‍ ചെയ്തത്.
125 വര്‍ഷങ്ങള്‍കൊണ്ട് ടണ്‍ കണക്കിന് സുര്‍ക്കി മിശ്രിതം ഡാമിൽ നിന്നും ഒഴികിപ്പോയിട്ടുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വര്‍ഷംതോറും ശരാശരി 30 ടണ്‍ സുര്‍ക്കി മിശ്രിതം ചുണ്ണാമ്പ് ലീച്ചിംഗ് പ്രക്രിയ മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നാണ് “മാതൃഭൂമി” ദിനപത്രത്തിലെ ഒരു ലേഖനത്തില്‍ വായിച്ചത്. ഇതുപ്രകാരം 1896 മുതല്‍ 1965 വരെയുള്ള 69 വര്‍ഷംകൊണ്ടു മാത്രം 2070 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍നിന്ന് ഒലിച്ചുപോയിട്ടുണ്ടാകും. ഈ നഷ്ടം നികത്താന്‍ തമിഴ്നാട് 1932-35 കാലത്തും 1961-65 കാലത്തുമായി ഗ്രൗട്ടിംഗ് നടത്തി നിക്ഷേപിച്ചത് വെറും 543 ടണ്‍ കോണ്‍ക്രീറ്റു മാത്രമാണ്. ചുണ്ണാമ്പും കോണ്‍ക്രീറ്റും തമ്മില്‍ ചേരില്ല എന്നതിനാലും നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്നു മാത്രമേ നിക്ഷേപിച്ചിട്ടുള്ളൂ എന്നതിനാലും പൊള്ളയായ എത്രയോ ഇടങ്ങള്‍ അണക്കെട്ടിനുള്ളില്‍ ഉണ്ടാകും എന്നതും കേരളത്തെ തുറിച്ചുനോക്കുന്ന ഭയാനകമായ യാഥാര്‍ത്ഥ്യമാണ്. 15 ടി.എം.സി വെള്ളത്തെ തടഞ്ഞു നിര്‍ത്തുന്ന ഒരു അണക്കെട്ടിന്‍റെ അവസ്ഥയാണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്ന് ഒരിക്കല്‍ുകൂടി ഓര്‍മിപ്പിക്കട്ടെ!
അണക്കെട്ടിന് ഉണ്ടായിരിക്കുന്ന ഈ ബലക്ഷയവും അണക്കെട്ടിനുമേല്‍ നിശ്ചലമായി നില്‍ക്കുന്ന ജലം ഏല്‍പ്പിക്കുന്ന മര്‍ദ്ദവും (ഹൈഡ്രോസ്റ്റാറ്റിക് പ്രഷര്‍) കണക്കിലെടുക്കുമ്പോള്‍, ഭ്രംശമേഖലയില്‍ 5 വരെയുള്ള ഭൂകമ്പത്തെപ്പോലും താങ്ങുവാനുള്ള ശക്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് ഉണ്ടാകില്ല എന്നത് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ദീര്‍ഘകാലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ കേരളത്തിലെ നിരവധി ഡാമുകളുടെ മേല്‍നോട്ടം വഹിച്ച്, വിരമിച്ച ഒരു എന്‍ജിനീയര്‍ എന്നോടു പറഞ്ഞത്, “പ്രകൃതിദുരന്തങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍കൂടി മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അടുത്ത അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഇതേ അവസ്ഥയില്‍ നിലനില്‍ക്കാന്‍ കഴിയില്ല” എന്നാണ്. ഇതാണ് ഡാമിൻ്റെ യഥാർത്ഥ അവസ്ഥ എങ്കിൽ, കൂടെക്കൂടെയുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നിസ്സാരമായി തള്ളിക്കളയാന്‍ നമുക്ക് ആകില്ല.
കോടതികളില്‍ നിയമത്തിന്‍റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കുന്ന വസ്തുതകള്‍ക്ക് അതിവാര്‍ദ്ധക്യത്തിലെത്തിയ ഒരു അണക്കെട്ടിനെ ബലപ്പെടുത്താന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് നീതിപീഠവും ഭരണാധികാരികളും മാധ്യമങ്ങളും ജനങ്ങളും ഉള്‍ക്കൊള്ളേണ്ട യാഥാര്‍ത്ഥ്യം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു നിയമപോരാട്ടത്തിന് കൊച്ചിയിലുള്ള അഭിഭാഷകരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും മുല്ലപ്പെരിയാര്‍ സമരസമിതിയിലെ മുന്‍ അംഗങ്ങളുടെയും സംയുക്ത സംരംഭമായ ”സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ” മുന്നിട്ടിറങ്ങിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ വ്യവഹാരങ്ങള്‍ വിശദമായി പഠിച്ച “സുരക്ഷ”, സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുവാനുള്ള നടപടികള്‍ എല്ലാം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
(മുല്ലപ്പെരിയാര്‍: കോടതി വ്യവഹാരങ്ങളുടെ നാള്‍വഴികള്‍, തുടര്‍ന്നുള്ള ലേഖനത്തില്‍ ചിന്തിക്കാം)
മാത്യൂ ചെമ്പുകണ്ടത്തിൽ