• സ്നേഹസ്വരൂപനായ ദൈവമേ..
  • ഞങ്ങൾ വിളിക്കും മുൻപേ ഞങ്ങൾക്ക് ഉത്തരമരുളുന്നവനും,പ്രാർത്ഥിച്ചു തീരും മുൻപേ തന്നെ ഞങ്ങളെ കേൾക്കുന്നവനുമായ അവിടുത്തേക്ക് ഒരായിരം നന്ദിയും സ്തുതിയും അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.എത്ര കിട്ടിയാലും കുറഞ്ഞു പോയി എന്നു തോന്നിപ്പിക്കുന്നതും, ഒരിക്കലും മതി വരാത്തതും എന്നാൽ ഏറ്റവും മനോഹരമായ ദൈവഭാവവുമാണ് സ്നേഹം.പക്ഷേ പലപ്പോഴും ഞങ്ങൾ സ്നേഹം കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരും സ്നേഹം വാങ്ങുന്നതിൽ തിടുക്കം കാട്ടുന്നവരും മാത്രമായി മാറി പോകാറുണ്ട്.എത്രത്തോളം കൊടുക്കുന്നു എന്ന സ്നേഹത്തിന്റെ നിഷ്കളങ്ക സ്നേഹഭാവത്തിൽ നിന്നും എനിക്ക് എത്രത്തോളം കിട്ടുന്നു എന്ന കണക്കെടുപ്പിലേക്കു മാത്രം ദൃഷ്ടി പതിക്കുന്ന ഒരു വികാരം മാത്രമായി എന്റെ സ്നേഹം എന്നും വഴി മാറി ഒഴുകുകയാണ്.എന്റെ സ്നേഹത്തിന്റെ നേടിയെടുക്കലുകളുടെ മുൻപിൽ അസ്തമിച്ചു പോകുന്ന ജീവിതങ്ങളെയും അവരുടെ നിറം നഷ്ടപ്പെട്ടു പോയ സ്വപ്നങ്ങളെയുമൊന്നും ഞാൻ കാണാറില്ല.എപ്പോഴും എന്റേതു മാത്രം എന്ന സ്വാർത്ഥതയിൽ എന്റെ സ്നേഹത്തെ കൂട്ടി വയ്ക്കുമ്പോൾ അവിടെ നഷ്ടമാകുന്നത് ക്രിസ്തുവിന്റെ നിസ്വാർത്ഥ സ്നേഹ മാതൃകയാണ്.എനിക്ക് കിട്ടാത്തതൊന്നും മാറ്റാർക്കും കിട്ടാൻ പാടില്ല എന്ന പിടിവാശി എന്നിൽ നിറയ്ക്കുന്നത് വിദ്വേഷത്തിന്റെ മുള്ളുകൾ മാത്രമാണ്.അതൊരിക്കലും ആരിലും സ്നേഹമായി പൂവിടില്ല.
  • നല്ല ഈശോയേ..എന്റെ സ്നേഹം എന്നും സ്വാർത്ഥത നിറഞ്ഞതാണ്.കുറവുകളിലും നഷ്ടപ്പെടലുകളിലുമൊക്കെ കോപം വച്ചു പുലർത്തുന്നതാണ്.അതുമല്ലെങ്കിൽ എന്റെ സ്വാർത്ഥ ജീവിതനേട്ടങ്ങളെ ലക്ഷ്യമാക്കിയുള്ളതാണ്.ഈശോയേ..അവിടുത്തോടുള്ള എന്റെ സ്നേഹത്തിൽ പോലും ഞാൻ അന്വേഷിക്കുന്നത് എനിക്ക് കിട്ടാൻ പോകുന്ന അനുഗ്രഹങ്ങൾ മാത്രമാണ്.ഈശോയേ..ഈ ലോകജീവിതത്തിലെ ഭാഗ്യങ്ങളിൽ കണ്ണുറപ്പിച്ച് ഞാൻ അങ്ങേയ്ക്കു വേണ്ടി ചെയ്യുന്നതെല്ലാം സ്നേഹത്തിന്റെ വ്യർത്ഥമായ പ്രവൃത്തികൾ മാത്രമാണെന്ന ബോധ്യം എനിക്കു നൽകണമേ.എനിക്കു നേടിയെടുക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലും എന്റെ സഹോദരനെ നിറഞ്ഞ മനസ്സോടെ സ്നേഹിക്കാൻ കഴിഞ്ഞാൽ..അവിടെ അങ്ങയുടെ സ്നേഹം എന്നിൽ പൂർണമാകും.അപ്പോൾ ഉചിതമായ പരസ്നേഹ പ്രവൃത്തികളിലൂടെ,നിസ്വാർത്ഥമായ ദൈവസ്നേഹത്തിന്റെ ഹൃദയസ്ഥാനത്തേക്ക് ഞങ്ങളും ചേർത്തു നിർത്തപ്പെടുകയും ചെയ്യും..
  • വിശുദ്ധ യൂദാ ശ്ലീഹാ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ…ആമേൻ

നിങ്ങൾ വിട്ടുപോയത്