സന്യാസ അടിമത്വത്തിൻ്റെ പുഴയിൽ ശ്വാസം കിട്ടാതെ പിടയുന്ന കന്യാസ്ത്രീകളെ രക്ഷിക്കുവാൻ സോഷ്യൽ മീഡിയയിൽ കിടന്ന് വെപ്രാളപ്പെടുന്ന കപട സഹോദരൻമാരോട് ഒരു കന്യാസ്ത്രീക്ക് പറയാനുള്ളത്

:ലൈംഗികതയും – ബ്രഹ്മചര്യവും

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ താളുകളിൽ ദൈവം സ്ത്രീയോടും പുരുഷനോടും വർദ്ധിച്ചു പെരുകി ഭൂമി കീഴടക്കുവിൻ എന്ന് ആജ്ഞാപിക്കുന്നുണ്ട്. ഒരു പക്ഷെ ദൈവം മനുഷ്യവംശത്തിന് നൽകിയ ആദ്യ കല്പനയാണ് ഇത്. എന്നിട്ടെന്തേ നിങ്ങൾ സന്യസ്തർ ദൈവകൽപന അനുസരിക്കാതെ ജീവിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും വിശുദ്ധ ഗ്രന്ഥത്തിൻ്റെ പേജുകൾ മറിച്ചുനോക്കുമ്പോൾ കാണാം. ലൂക്കാ 14, 26 ൽ സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും ത്യജിച്ച് വേണം തന്നെ അനുഗമിക്കാൻ എന്ന് ക്രിസ്തു ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വര്‍ഗ്‌ഗ രാജ്യത്തെ പ്രതി സ്വയം ഷണ്‌ഡരാക്കുന്നത് (Mt 19, 12) പ്രത്യേക കൃപലഭിച്ചവർ മാത്രമാണെന്നും മറ്റുള്ളവർക്ക് ബ്രഹ്മചര്യ വ്രതത്തിൻ്റെ മഹത്വം മനസ്സിലാക്കാൻ വളരെ പ്രയാസമാണെന്നും ക്രിസ്തു ഊന്നി പറയുന്നത് അന്ന് ഉണ്ടായിരുന്നവർക്ക് വേണ്ടി മാത്രമല്ല, മറിച്ച് 2000 വർഷങ്ങൾക്കിപ്പുറം സന്യാസത്തെ വികലമായി ചിത്രീകരിക്കുന്നവരെ കൂടി ഉദ്ദേശിച്ച് തന്നെയാണ്.

ഒരു പുരുഷനോടൊപ്പം ശരീരവും ഹൃദയവും പങ്കിട്ടു ജീവിച്ചാൽ ഈ ലോക ജീവിതത്തിൻ്റെ സംതൃപ്തി മുഴുവൻ കിട്ടുമോ..? അങ്ങനെയെങ്കിൽ എന്തുകൊണ്ട് വിവാഹിതരായ ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അസംതൃപ്തരായി ജീവിക്കുന്നു..? പങ്കാളികളെ പങ്കുവയ്ക്കുന്ന ഒരു വലിയ ഓൺലൈൻ സംഘത്തെ കുറിച്ചുള്ള വാർത്തയായിരുന്നു, കഴിഞ്ഞ ആഴ്ചയിൽ കേരളത്തിലെ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും കണ്ട പ്രധാന വാർത്ത..!!! മോഹന വാഗ്ദാനങ്ങൾ നൽകി ദാമ്പത്യ ജീവിതം ആരംഭിക്കുകയും ആസ്വദിക്കുകയും ചെയ്ത ശേഷം സ്വന്തം ഭാര്യയെ അപരിചിതർക്ക് കാഴ്ചവയ്ക്കാൻ മനസ്സു കാട്ടിയ ആ പുരുഷ ധൈര്യത്തെ എന്ത് പേര് ചൊല്ലി വിളിക്കും…? ഉന്നത വിദ്യാഭ്യാസവും വിവരവും ഉള്ള വ്യക്തികൾ കാണിക്കുന്ന ഇത്തരം വൈകൃതങ്ങളെ അന്തി ചർച്ചകൾ ആക്കുവാൻ എത്ര ചാനലുകാർ തയ്യാറായി..? ആ അന്തിചർച്ചകളിൽ ഇനി ഒരു പെൺകുട്ടിയും വിവാഹം കഴിക്കരുതെന്നും വിവാഹജീവിതം വൈകൃതം ആണെന്നും ആരെങ്കിലും മുറവിളി കൂട്ടിയതായി നിങ്ങൾ കണ്ടോ…? വിവാഹ ജീവിതം ആണ് പൂർണ്ണത എന്നും വിവാഹം കഴിക്കാതെ ജീവിക്കുന്നത് അപരാധം ആണെന്നും പറയുന്നത് എന്തുകൊണ്ട്..? വിവാഹത്തേയും ബ്രഹ്മചര്യ ജീവിതത്തേയും വെറും ലൈംഗികതയിലേക്ക് മാത്രം ചുരുക്കുന്നത് എന്തിനാണ്…? ശരീരത്തേക്കാൾ ഉപരിയായുള്ള ആന്തരികതയെ കാണാതെ പോകുന്നത് നിങ്ങളുടെ ഉള്ളിലെ വെളിച്ചം അണഞ്ഞു പോകുന്നതിനാൽ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബ്രഹ്മചര്യം എന്നാൽ ബ്രഹ്മത്തിൽ ചരിക്കുക എന്നാണ്. അതായത് തൻ്റെ ഹൃദയം ദൈവത്തിൽ ഊന്നി ജീവിക്കുക എന്ന്. ചുരുക്കി പറഞ്ഞാൽ മറ്റൊരു ക്രിസ്തുവായി തീരുക എന്ന്. ബ്രഹ്മചര്യ വ്രതം എടുത്ത് ജീവിക്കുന്ന ഒരു വ്യക്തിയെ ചൂണ്ടി അവൻ അല്ലെങ്കിൽ അവൾ എന്തിനാണ് ഇത്ര നല്ല ജീവിതം പാഴാക്കിക്കളയുന്നത് എന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്… ന്യൂജെൻ ഭാഷയിൽ എന്തിനാടീ ചക്കരേ നീ മഠത്തിൽ പോയത് എന്ന്… പൂർണ ബോധ്യത്തോടെ ബ്രഹ്മചര്യ വ്രതം എടുക്കുന്ന ഓരോ സന്യസ്തയും ഈ ഭൂമിയിൽ ക്രിസ്തുവിനെപ്പോലെ എല്ലാവരുടെയും എല്ലാമായി മാറുന്നു. തൻ്റെ ശരീരവും ഹൃദയവും ആർക്കും പകുത്ത് നൽകാതെ താൻ കടന്നു ചൊല്ലുന്ന ദേശങ്ങളിലെ ഓരോ വ്യക്തികളുടെയും അമ്മയായി, സഹോദരിയായി, മകളായി, അധ്യാപികയായി, സുഹൃത്തായി അവൾ മാറുന്നു. ലോകമേ തറവാട് എന്ന കവി മൊഴി പോലെ.

സന്യാസവും ബ്രഹ്മചര്യ ജീവിതവും കത്തോലിക്കാ സഭയുടെ മാത്രം ഭാഗമല്ല. വിവിധ വിശ്വാസങ്ങളിൽ, ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ ഒക്കെ സന്യാസത്തിൻ്റെ സ്വാധീനവും സാന്നിധ്യവും കണ്ടെത്താൻ സാധിക്കും. ഹിന്ദു മതത്തിലും ബുദ്ധ മതത്തിലും ആയിരക്കണക്കിന് സന്യാസിനികളും ബ്രഹ്മചാരികളും ഉണ്ട് എന്ന സത്യം കണ്ടില്ല എന്ന് നടിക്കുന്നത് പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നതിന് സമാനമാണ്. തങ്ങളുടേതായ കർമ്മ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബ്രഹ്മചാരികളായി തുടരുന്ന അനേകം വ്യക്തികളുമുണ്ട്. ഉദാഹരണമായി, ഇന്ത്യൻ പ്രസിഡൻ്റ് ആയിരുന്ന എ പി ജെ അബ്ദുൾ കലാം മുതൽ എത്രയോ പേർ…

16-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ കത്തോലിക്കാ സഭ പിളർന്നപ്പോൾ സന്യാസത്തിലും ബ്രഹ്മചര്യ ജീവിതത്തിലും കുടുങ്ങി കിടക്കുന്ന പാവപ്പെട്ട കന്യാസ്ത്രീളെ മോചിപ്പിക്കണം എന്ന തീഷ്ണതയാൽ മാർട്ടിൻ ലൂഥറും അനുയായികളും ജർമ്മനിയിലും പരിസരങ്ങളിലുമുള്ള മഠങ്ങളും ആശ്രമങ്ങളും പിടിച്ചടക്കി കന്യാസ്ത്രീമാരെ സ്വതന്ത്രരാക്കി സ്വാതന്ത്ര്യത്തിൻ്റെ ചിറകുകൾ സമ്മാനിച്ച് ലോകത്തിലേക്ക് പറഞ്ഞയച്ചതിന് ചരിത്ര രേഖകൾ ഉണ്ട്. കൂടാതെ നേതാവ് തന്നെ ഒരു കന്യാസ്ത്രീയെ വിവാഹം കഴിച്ച് ഒരു മഠം തൻ്റെ പുതിയ വാസകേന്ദ്രവും ആക്കി. പക്ഷെ ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ലൂഥറിൻ്റെ അനുയായികൾ തങ്ങൾക്ക് പറ്റിയ വലിയ വീഴ്ച്ച തിരിച്ചറിഞ്ഞ് ലൂഥറൻ സഭയിൽ തന്നെ സന്യാസവും ബ്രഹ്മചര്യവും പുന:സ്ഥാപിച്ച വിചിത്രമായ സംഭവവും ചരിത്രത്തിൻ്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമിപ്പിക്കുന്നു.

കന്യാസ്ത്രീകൾ അടിമകൾ ആണ്, അബലകൾ ആണ്, എന്നൊക്കെ പുലമ്പുന്ന ചാനൽ ജഡ്ജിമാരോടും ഞങ്ങളുടെ സംരക്ഷകർ എന്ന ഭാവത്തിൽ വിവിധ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും തലപ്പത്തിരിക്കുന്ന ആട്ടിൽ തോലണിഞ്ഞ ചെന്നായ്ക്കളോടും നിങ്ങൾ ഞങ്ങൾക്കായി പുലമ്പുന്ന ഈ രോദനങ്ങൾ ഞങ്ങളെ ഓർമ്മിപ്പിക്കുന്നത് പുഴയുടെ മുകളിലെ മരക്കൊമ്പിൽ ഇരുന്ന കുരങ്ങൻ വെള്ളത്തിൽ ചലിക്കുന്ന മത്സ്യങ്ങളെ ഓർത്ത് കരയുകയും പാവം മത്സ്യം മുങ്ങി മരിക്കുകയാണെന്ന് കരുതി അവയെ പുറത്തെടുത്ത് രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്ത കഥയാണ്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിൻ്റെ മൊഴി പോലെ ഞങ്ങൾ കന്യാസ്ത്രീകളെ കല്ല് എറിയുന്നതിന് മുമ്പ് നിങ്ങളുടെ അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും ബന്ധനത്തിൽ ആയിരിക്കുന്നവരെ ആദ്യം സ്വതന്ത്രരാക്കാൻ പരിശ്രമിക്ക്… സ്വന്തം കണ്ണുകളിൽ തടിക്കഷണം വച്ചു കൊണ്ട് എങ്ങനെ അപരൻ്റെ കണ്ണിലെ കരട് എടുക്കും..?

1866 മുതൽ കേരളത്തിൻ്റെ ഓരോ കോണിലും വിദ്യ പകർന്നും, മുറിവുകൾ വച്ചുകെട്ടിയും, നൊമ്പരങ്ങളിൽ ആശ്വാസം പകർന്നും, അനാഥരായ കുഞ്ഞുങ്ങൾക്ക് അമ്മയായും, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർക്ക് മകളായും, മാനസിക വൈകല്യം മൂലം സമൂഹത്തിൻ്റെ വരമ്പിലേക്ക് വലിച്ചെറിഞ്ഞവരെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അവർക്ക് സഹോദരിമാരായും നിങ്ങളുടെ ഇടയിൽ തന്നെ ഞങ്ങളുണ്ട്.

ഞങ്ങളെ നോക്കി ഞങ്ങൾ ബന്ധനത്തിൽ ആണെന്ന് നിങ്ങൾ പറയുന്നത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല… ഓരോ പൗരനും ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലിക അവകാശത്തിൽ കൈകടത്താൻ ആർക്കും അവകാശം ഇല്ല. “അഭിപ്രായ സ്വാതന്ത്ര്യം അവസാനിക്കുന്നത് പൗരാവകാശത്തിൻ്റെ മൂക്കിൻ്റെ തുമ്പത്താണ്” എന്ന ഏതോ ഒരു സിനിമയിൽ നടൻ മമ്മൂട്ടി പറയുന്ന ഡയലോഗ് ഇടയ്ക്കിടെ ഒന്ന് ഓർക്കുന്നത് വളരെ നല്ലതായിരിക്കും…

ഒരിക്കൽ ഒരു മഹർഷി പറഞ്ഞു: “ഞാൻ സുവർണ്ണ നിയമം പിന്തുടരുകയും ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരെയും മാനസാന്തരപ്പെടുത്തുകയും ചെയ്യും. പക്ഷെ ഞാൻ എവിടെ നിന്ന് തുടങ്ങും? ലോകം വളരെ വലുതാണ്, എനിക്ക് ഏറ്റവും നന്നായി അറിയാവുന്ന എൻ്റെ രാജ്യത്ത് നിന്ന് തന്നെ ആരംഭിക്കാം.” എന്നാൽ അല്പം ആലോചിച്ച ശേഷം അദ്ദേഹം ആത്മഗതം ചെയ്തു, ‘പക്ഷേ എന്റെ രാജ്യം ഇത്രയ്ക്കും വലുതാണല്ലേ! എന്നാൽ ഏറ്റവും അടുത്തുള്ള നഗരത്തിൽ നിന്ന് അങ്ങ് തുടങ്ങാം.’ വീണ്ടും അദ്ദേഹം ആത്മഗതം ചെയ്തു, ‘ഈ നഗരവും ഒത്തിരി വലുതാണ്… എന്നാൽ പിന്നെ എന്റെ ഗ്രമത്തിൽ നിന്ന് അങ്ങ് തുടങ്ങാം.’ പക്ഷേ വീണ്ടും നന്നായി ഒന്ന് ചിന്തിച്ചപ്പോൾ തൻ്റെ ഗ്രാമവും വലുതാണെന്ന് കണ്ട അദ്ദേഹം ‘തൻ്റെ കുടുംബത്തിൽ നിന്ന് തന്നെ അങ്ങ് ആരംഭിക്കാം’ എന്ന് ചിന്തിച്ചു. പക്ഷേ വീണ്ടും കൂലങ്കഷമായി തിരിച്ചും മറിച്ചും ചിന്തിച്ചപ്പോൾ അദ്ദേഹത്തിന് മനസിലായത് ‘സുവർണ്ണ നിയമം തന്നിൽ നിന്ന് തന്നെ ആരംഭിക്കണം’ എന്നാണ്.

ഓരോരുത്തരും സ്വയം നന്നായാൽ ലോകം മുഴുവൻ നന്നാകും

.✍🏽 സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്