മാരിയോ ജോസഫിനോടും ഒടുവിലായി അദ്ദേഹത്തെ എതിർക്കുന്നവരോടും ഒരു കുറിപ്പ്
അന്യ മതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്കു വന്ന ഒരാൾ എന്ന നിലയിൽ സ്നേഹം തോന്നുന്നതിനാൽ അനേകർ ഉയർത്തുന്ന കഴമ്പുള്ളതായി തോന്നുന്ന എതിർപ്പുകളോടൊപ്പം നില്ക്കാൻ തോന്നിയിട്ടില്ല. ഞാൻ നടത്തിയ കൺവെൻഷനിൽ അതിഥി പ്രഭാഷകനായി വിളിച്ചിട്ടുണ്ട്. ഇപ്പോഴും ഒരു വ്യാജൻ ആണെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. എങ്കിലും ചില കാര്യങ്ങളിൽ സഭാധികാരികൾ മാത്രമല്ല മാരിയോ സഹോദരനും ശ്രദ്ധിക്കുമെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു. പണ്ട് പറഞ്ഞ പലകാര്യങ്ങളും പിൻവലിക്കുകയും വിമർശിച്ചവ തന്നെ സ്വയം ചെയ്യുവാൻ മടി കാണിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതുപോലെ വിമർശങ്ങൾ ഉൾക്കൊണ്ടു വ്യത്യാസങ്ങൾ വരുത്തണം എന്ന് അപേക്ഷിക്കാൻ തോന്നുന്നു.
ഒന്നാമത് : താങ്കൾ ഇസ്ലാമിൽ നിന്ന് ക്രിസ്ത്യാനിയായ കഥ വിശ്വാസികളോട് വിവരിക്കുന്നതുകൊണ്ടു വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. ആ കഥ കേട്ട് ഇസ്‌ലാമിൽ നിന്ന് ആരും വരുന്നുമില്ല. അതുകൊണ്ടു യേശുവിനെ അറിഞ്ഞ ശേഷം യേശു എന്ന ദൈവം എങ്ങനെ അനുഭവപ്പെട്ടു എന്നതാകട്ടെ അങ്ങയുടെ സാക്ഷ്യം. അല്ലാതെ പ്രയോജനം ചെയ്യാത്തതും വിശ്വാസികളെ, പ്രത്യേകിച്ച് മതം മാറാൻ പ്രലോഭിതരായി നിൽക്കുന്നവരെ അന്യമത ഗ്രന്ഥങ്ങളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതുമായ കഥ പറച്ചിൽ അവസാനിപ്പിക്കണം. അത് അവസാനിപ്പിക്കുന്നതായി സഹോദര ബുദ്ധ്യാ പ്രഖ്യാപിക്കണം.
രണ്ടാമത് : കത്തോലിക്കാ സഭയിലെ നന്മ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന ചാരി ഈറ്റബിൾ പ്രസ്താവനാ വിഡിയോ പിൻവലിച്ചെങ്കിലും പിന്നീട് സ്വയം ചാരിറ്റി തുടങ്ങിയെങ്കിലും ആ വീഡിയോ ഇപ്പോഴും കറങ്ങി നടക്കുന്നതിനാൽ അന്ന് അങ്ങനെ തെറ്റി ധാരണ പ്രചരിപ്പിക്കാൻ ഇടയായതിനു ഒരു ക്ഷമാപണവും പിന്നീട് മനസുമാരി ചാരിറ്റബിൾ ശുശ്രൂഷ തുടങ്ങാനുണ്ടായ വെളിപാടും വിശദീകരിക്കുന്നത് നല്ലതായിരിക്കും.
മൂന്നാമത് : കേരളത്തിലെ സാംസ്‌കാരിക പശ്ചാത്തലത്തിൽ മാത്രമല്ല വികസിത രാജ്യങ്ങളിൽ പോലും പച്ചയ്ക്കു പറയാത്ത ലൈംഗീക വിഷയങ്ങൾ വിഡിയോ ചെയ്തു പ്രക്ഷേപണം ചെയ്യുന്നുവെങ്കിൽ ഒരു സുവിശേഷകനായി തുടർന്നുകൊണ്ട് അത് ചെയ്യാതിരിക്കുക. പൊതുവെ ആഴത്തിലുള്ള കാര്യങ്ങൾ സ്ത്രീ പുരുഷന്മാരെ വേര്തിരിച്ചിരുത്തിയോ അല്ലെങ്കിൽ അത്യാവശ്യമുള്ളവ ദമ്പതികളെ ഒരുമിച്ചിരുത്തിയോ ആണ് നമ്മൾ പറയുക. പല കാര്യങ്ങളും വളരെ മനോഹരമായി അവതരിപ്പിക്കാറുണ്ടെങ്കിലും ചിലയിടത്തു കൈവിട്ടു പോകുന്നു. വികസിത രാജ്യങ്ങളിലെ കത്തോലിക്കാ പ്രഭാഷകർ പൊതുവെ പൈങ്കിളി വർത്തമാനം. തമാശക്ക് പോലും പറയില്ല എന്നതാണ് എന്റെ അനുഭവം.
വെള്ളക്കാരായ ചെറുപ്പക്കാരോടൊപ്പം ഞാൻ പങ്കെടുത്ത ഒരു ആത്മീയ പരിശീലന പ്രോഗ്രാമിൽ വൈകുന്നേരം ഞങ്ങൾ എല്ലാം തമാശകൾ പറഞ്ഞു ഇരിക്കുകയാണ്. ഒരു സെക്കുലർ ഗുരു പറഞ്ഞ നേർത്ത പൈങ്കിളി സ്വഭാവമുള്ള തമാശ ഞാൻ വെറുതെ ഒന്ന് പൊട്ടിച്ചു. പെട്ടെന്ന് അവിടെ ഒരു നിശബ്ദത അവിടെ വ്യാപിച്ചു. ആരും ചിരിച്ചില്ല. നീ ഇത്തരക്കാരനോ എന്ന രീതിയിൽ എല്ലാവരും എന്നെ ഒരു നോട്ടം. സെക്കുലറുകരനെ മനസാ പഴിച്ച ഞാൻ അടുത്ത ദിവസം പനക്കലച്ചന്റെ തമാശ പറഞ്ഞു. This is a good one ..പെട്ടെന്നാണ് അവരെല്ലാവരും ഒരുമിച്ചു പറഞ്ഞത്. മേലിൽ സായിപ്പിനുപോലും വേണ്ടാത്ത സെക്കുലർ ഗുരുക്കളുടെ പാഠങ്ങൾ ഉരുവിടില്ല എന്ന് ഞാൻ തീരുമാനിച്ചുപോയി.
കന്യാസ്ത്രീ അമ്മമാരും വൈദീകരും ഉള്ള പരമ്പരാഗത കുടുംബങ്ങളിൽ വളരാൻ സാധിച്ച വ്യക്തികളിൽ രൂപപ്പെടുന്ന പരിപാകത വ്യത്യസ്തമാണ്. അത്തരക്കാരാൽ സമ്പന്നമാണ് കേരളം സഭ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടങ്ങളിൽ അത്തരക്കാരുടെ ഇടപെടൽ ഉണ്ടാകുന്നതുവഴി അതൊക്കെ നേരെ നടന്നുപോകും. അങ്ങേക്ക് അതിനുള്ള അവസരം ലഭിച്ചില്ല എന്നത് സാരമില്ല, കത്തോലിക്കാ ശൈലി ഹൃദയത്തിലുള്ള നിയന്ത്രിക്കാൻ സ്വാതന്ത്ര്യമുള്ള വൈദീകരുടെയോ ആത്മീയ മനുഷ്യരുടെയോ സഖ്യം ഉള്ളതായി തോന്നുന്നില്ല. അങ്ങ് കൂടെ നടന്നിട്ടുള്ള പല വൈദീകരിൽ നിന്നും വ്യത്യസ്തമായ ശൈലി പിന്തുടരുന്നതിനാൽ അവരുടെ സ്വാധീനത്തെ വകവെക്കാത്ത വിഷയങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.
പണ്ടത്തെ കാരണവന്മാർ മണ്ടന്മാരായതുകൊണ്ടല്ല പലതും നിർദ്ദേശിച്ചിട്ടുള്ളത്. അവരുടെ അനന്തമായ അനുഭവമാണ്. അതൊക്കെ പൊട്ടിച്ചെറിയാൻ ചെറുപ്പക്കാരെ ഉപദേശിക്കുന്ന വിഡിയോ ദൃഷ്ടിയിൽ പെട്ടു. ഒഴിവാക്കണം. ഇല്ലെങ്കിൽ ശക്തമായി വരുന്ന എതിർപ്പിനെ അതിജീവിക്കാൻ ആകാതെ വന്നേക്കാം.
കത്തോലിക്കാ സഭയിൽ സെക്കുലർ സ്വഭാവമുള്ള പ്രഭാഷകരുണ്ട്. തികഞ്ഞ ആത്മീയ പ്രഭാഷകരുമുണ്ട്. മാനസാന്തരം വിതക്കാത്തവരാണ് സെക്കുലർ ആളുകൾ. അത്തരക്കാരിൽ പൈങ്കിളിക്കരുടെ സാന്നിധ്യമുണ്ട്. ദൈവത്തിലേക്കടുപ്പിക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രം, മറ്റു ആഴമായ ആത്മീയ പ്രചാരണ കേന്ദ്രങ്ങൾ എന്നിവയോടു കൂറുള്ളവരെ ചുറ്റിപ്പറ്റി അത്തരം പ്രഭാഷകൻ എന്ന് വിശ്വസിപ്പിച്ചതുകൊണ്ടാണ് ഞാൻ ഉൾപ്പെടെയുള്ള വ്യക്തികൾ അങ്ങയുടെ പ്രസംഗം ശ്രോതാക്കളിൽ എത്തിക്കാൻ പരിശ്രമിച്ചത്. എന്നാൽ യേശുവിനോടു കൂറും ആദിമനൂറ്റാണ്ടിലേയും വിശുദ്ധരുടെയും തീക്ഷ്ണതയും ഇഷ്ടപ്പെടുന്ന ആളുകളുടെ വഴി വിട്ടു വെറും സെക്കുലർ പരിവേഷം സ്വീകരിച്ചുവെങ്കിൽ പറ്റിക്കാതെ അത് പറയണം. അപ്പോൾ ആത്മീയ സമൂഹങ്ങൾ അങ്ങയെ വിളിക്കില്ല. ധ്യാനകേന്ദ്രങ്ങളെ ചീത്തപറഞ്ഞു കയ്യടി വാങ്ങുന്ന സെക്കുലറുകരനെ എവിടെ വിളിക്കാതിരിക്കണം എന്ന് ആത്മീയർക്കു അറിയാം. ആത്മീയർ എതിർക്കുമ്പോൾ സെക്കുലറുകരായ പണ്ഡിതന്മാരെ ന്യായീകരണ തൊഴിലാളികളായി വിളിച്ചുകൊണ്ടു വന്നു ആശയക്കുഴപ്പം ഉണ്ടാക്കരുത്.
അങ്ങയെ ചീത്തപറഞ്ഞാൽ പിന്നെ ആരും അവിടുന്ന് ഇങ്ങോട്ടു വരില്ല എന്ന വാദമാണ് പണ്ട് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ ഒരു സുഹൃത്ത് എന്നോട് ഒരു ചോദ്യം ചോദിച്ചു. ആരും ചീത്ത പറയാതെ ഇളയ രാജാവിനെപ്പോലെ കൊണ്ടുനടന്ന കാലത്തു അവിടുന്ന് ആര് വന്നു. അതിനുവേണ്ടി എന്ത് ചെയ്തു ? ആ ചോദ്യത്തിന്റെ പ്രസക്തി എന്നെ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നു. മാറ്റങ്ങൾ വരുത്തിയാൽ, തർക്കുത്തരം പറഞ്ഞു വിഡിയോകൾ ഇട്ടു അക്രൈസ്തവമായി പ്രതികരിക്കാതെ സഹോദരബുദ്ധ്യാ തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ വരാനിരിക്കുന്ന വലിയ പ്രക്ഷോഭത്തെ ഇല്ലാതാക്കി സഹോദരങ്ങളുമായി ഒന്നാകാൻ സാധിക്കും.
ഒന്നും പറയരുത് എന്ന് കരുതിയതാണ്. എന്നാൽ വരാനിരിക്കുന്ന വൻ എതിർപ്പിന്റെ അലയൊലി തിരിച്ചറിഞ്ഞപ്പോൾ എഴുതാതിരിക്കുന്നതാണ് അബദ്ധം എന്ന് തോന്നി. എന്തെങ്കിലും മാറ്റം ഉണ്ടായാലോ ?
പരസ്യമായി അദ്ദേഹത്തെ നേരിടിന്നുവർ തെറ്റിദ്ധാരണകൾ തിരുത്തുവാൻ അവസരം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു. യഹോവ അല്ല അള്ളാഹു എന്ന ഒരു വിഡിയോ നിങ്ങളും കണ്ടുകാണുമല്ലോ ? എന്നാൽ മറ്റനേകം വിഡിയോകൾ ആ വീഡിയോയുടെ പ്രഭ കെടുത്തി എന്നത് മറച്ചുവക്കുന്നില്ല. എങ്കിലും നിങ്ങള്ക്ക് സന്ദേഹമുള്ള വിഷയങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ ശരിയായ കാഴ്ചപ്പാടും തിരുത്തേണ്ടവ തിരുത്തുന്ന വിവരങ്ങളും നിങ്ങളെ ചുരുങ്ങിയ കാലത്തിനുള്ളിൽ അദ്ദേഹം അറിയിക്കും എന്ന് തോന്നുന്നില്ലേ? ഒന്നും സംഭവിക്കുന്നില്ലെങ്കിൽ തക്കിയ വിഷയം ഗൗരവത്തിൽ എടുത്തുകൊള്ളൂ ..
സ്നേഹത്തോടെ
ജോസഫ് ദാസൻ