ലൂണാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ M. D ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പുതുമന നിര്യാതനായി.
ശ്രീ ഐസക് ജോസഫ് രോഗബാധിതനായി ബാംഗ്ലൂരിലാണെന്നു അറിഞ്ഞിരുന്നു.
ക്രിസ്മസ്കാലത്തു അയച്ച ഒരു വാട്സപ്പു സന്ദേശത്തിനുള്ള മറുപടിയിലാണ് രോഗ വിവരം പറഞ്ഞതുംപ്രാർത്ഥന ഉണ്ടാകണമെന്നു സൂചിപ്പിച്ചതും. അന്നു മുതൽ ഇന്നുവരെ പ്രാർത്ഥനകളിൽ ഓർമ്മിക്കാതിരുന്നുമില്ല. പിന്നീടും ഇടക്കു ചിലവാട്സപ്പ് മെസ്സേജുകൾ അയച്ചതു അദ്ദേഹ കണ്ടിരുന്നുവെങ്കിലും മറുപടികൾ എഴുതിയി രുന്നില്ല എന്നതിൽ നിന്നും രോഗസ്ഥിതിയെക്കുറിച്ചു ആശങ്ക തോന്നുകയും ചെയ്തു.

. ഐസക്പാലാ സെന്റ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ സീനിയറായി അവിടെത്തന്നെ പി.ജി. വിദ്യാർത്ഥിയായിരുന്നു. ശാസ്ത്ര വിഷയങ്ങളായിരുന്നു ഐസക്കിന്റെ ഐശ്ചികo . വളരെമാന്യനും സൗമ്യനുമായിരുന്ന ഒരു വിദ്യാർത്ഥി യായിരുന്നു ഐസക് , അല്ലെങ്കിൽത്തന്നെഎന്നും മാന്യതയുടെ മറുപേരായിരുന്നല്ലോഐസക്കിന്റെതു .
കൊട്ടുകാപ്പള്ളി പുതുമനയിലെ പയ്യൻ കാഴ്ച്ചയിൽ സുഭഗനെന്നതു പോലെ കോളജിലെ കളിക്കളങ്ങളിലും സജീവസാന്നിധ്യമായിരുന്നുവെന്നു ഞാനോർമ്മി ക്കുന്നു.
എന്റെ ഇളയ സഹോദരൻമാരുമായി സതീർത്ഥ്യരായിരുന്നു ഐസക്കും അദ്ദേഹത്തിന്റെ കസിൻ പുതുമന ഔസേപ്പച്ചനും. പാരമ്പര്യമായിത്തന്നെ സമ്പന്നരുമായിരുന്നു അവരെല്ലാം. പക്ഷേ അവരെ വ്യത്യസ്തരാക്കിയിരുന്നതു അവരിലാരും ഒരിക്കലും അതിന്റെഭാവങ്ങളൊന്നും അവരുടെ എടുപ്പിലോ നടപ്പി ലോ വാക്കിലോ പെരുമാറ്റത്തിലോ കാണിച്ചിരുന്നില്ല എന്നതിലാണ്. പില്ക്കാലത്തു ഐസക്കേരളത്തിലേ ഏറ്റവും അറിയപ്പെട്ട വ്യവസായികളിലൊരാളായി മാറിയപ്പോഴും അദ്ദേഹത്തി ന്റെ ഭാവത്തിലോ ഭാഷയിലൊ ശരീര ഭാഷയിൽപ്പോലുമോ അതൊന്നും പ്രതിഫലിച്ചതുമില്ല.ലൂണാർ ഐസക് “മിന്നും താര ” മായതുഅദ്ദേഹത്തിന്റെ സ്വഭാവ സംശുദ്ധിയും സൗമ്യശാന്തതയും പ്രൗഢവും സത്യസന്ധവുമായ ഇടപെടലുകളും കൊണ്ടായിരുന്നും, നന്നായി വായിച്ചിരുന്നു ഐസക് .
തിരക്കുകൾക്കിട യിലും പുസ്തകമെഴുത്തും തനിക്കു വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചു. എറണാകുളത്തുനടന്ന പുസ്തക പ്രകാശനച്ചടങ്ങിനു എന്നെയുംക്ഷണിച്ചിരുന്നു. ചെന്നപ്പോൾ എന്നോടു കാണിച്ച സൗഹൃദവും ഇന്നും ഞാൻ മറന്നിട്ടില്ല. സൗഹൃദങ്ങളിൽ ഇതു പോലെ വിശ്വസ്തരായിരുന്നവർ നന്നേ വിരളമായിരുന്നിരിക്കണം. ഐസക്കിന്റെ എക്കാലത്തെയും ആത്മസുഹൃത്തുക്കളിൽ ഒന്നാമൻ ശ്രീ പി.ജെ. ജോസഫായി രുന്നിരിക്കണം. അവരുടെ ഗാഢസൗഹൃദത്തി ന്റെ ദാർഢ്യo എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. അതിൽ രാഷ്ട്രീയമുണ്ടായിരുന്നതുമില്ലഎന്നാണ് ഞാൻ വിചാരിക്കുന്നത്.
കർമ്മ ക്ഷേത്രവശാൽ ഒരു തൊടുപുഴക്കാരനായാണ് പലരും പിൽക്കാലത്തു ഐസക്കിനെകണ്ടതെങ്കിലും തന്റെ ഉള്ളിന്റെയുളളിൽ ഐസക് എന്നും ഒരു പാലാക്കാരനായിരുന്നു.അതിൽ അഭിമാനിക്കുകയും ചെയ്തു.
പാലായെ എന്നും ഹൃദയത്തോടു ചേർത്തുവച്ചയാളായുന്നു സാക്ഷാൽ ഐസക് ജോസഫ്കൊട്ടുകാപ്പള്ളി (പുതുമന ) എന്ന ലൂണാർഐസക്ക് .എന്നും ഒരു ഉറച്ച ദൈവ വിശ്വാസിയായിരുന്നു ഐസക് . എന്നാൽ തന്റെ ഭക്തിയെ ഒരിക്കലുംഅദ്ദേഹം പരസ്യപ്പെടുത്താൻ ആഗഹിച്ചുമില്ല.അതിനു നിന്നു കൊടുത്തിട്ടുമില്ല. എന്നാൽഅദ്ദേഹത്തിന്റെ വാട്സപ്പ് മെസ്സേജുകളിൽപലപ്പോഴും ഐസക്കിന്റെ ആത്മീയതയുടെസ്ഫുരണങ്ങൾ പ്രകടമായിരുന്നു താനും.കാലയവനികയ്ക്കു അപ്പുറത്തേക്കു ശാന്തമായി കടന്നുപോയ പ്രിയ മിത്രത്തിനു വിട!
പാലാക്കാരുടെ സ്നേഹ പ്രണാമം.

സിറിയക് തോമസ്.
