ത്രെന്തോസ് സൂനഹദോസിന്റെയും ഒന്നാം വത്തിക്കാൻ കൗൺസിലിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പ്രമാണ രേഖകളെ പരസ്പരം ബന്ധപ്പെടുത്തി വേണം മനസിലാക്കുവാൻ. ആശയത്തിലും അവതരണത്തിലും ഒന്നൊന്നിനു വ്യത്യസ്തമാണെങ്കിലും ദൈവരാജ്യത്തിലേക്ക് വളരുന്ന, കാലാനുസൃതം പ്രതികരിക്കുന്ന സഭയുടെ നേതൃത്വം ഒരുമിച്ചു നൽകുന്ന പ്രമാണ രേഖകളെന്ന നിലയിൽ അവക്ക് പൊതുസ്വഭാവവും പൊതു ലക്ഷ്യവും ഉണ്ട്.

ത്രെന്തോസ് സൂനഹദോസിന്റെ പഠനങ്ങളെല്ലാം കാനോനികകളായാണ് സഭ അവതരിപ്പിക്കുന്നത്.

ഒന്നാം വത്തിക്കാൻ കൗൺസിലിന് വിശ്വാസ സംബന്ധവും പരിശുദ്ധ പിതാവിന്റെ അപ്രമാദിത്വവരസംബന്ധവുമായ രണ്ടു പ്രമാണരേഖകളെ ഉള്ളു. രണ്ടാം വത്തിക്കാൻ കൗൺസിലിനാണെങ്കിൽ പ്രമാണരേഖകൾ പതിനാറെണ്ണമാണ്. അവ സിദ്ധാന്തങ്ങൾ (Constituitiones), പ്രബോധനങ്ങൾ (Decreta), പ്രഖ്യാപനങ്ങൾ (Diclerationes) എന്നിങ്ങനെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു. ആരാധനാക്രമം (sacrosanctum concilium) ആകെയുള്ള നാലു സിദ്ധാന്തങ്ങളിൽ (constituitiones) ഒരെണ്ണമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണ രേഖകളിൽ എറ്റവും ആദ്യത്തേതും തുടർന്ന് ഏറ്റവും അധികം ചലങ്ങളുണ്ടാക്കിയതും ഇന്നും ചലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ആരാധനക്രമം എന്ന പ്രമാണ രേഖയാണ്. എന്നാലത് അപ്രതീക്ഷിതമായോ അത്ഭുതകരമായോ ഉടലെടുത്തൊരു പ്രമാണ രേഖ ആയിരുന്നില്ല. വിശ്വാസികളുടെ ദശാബ്ദങ്ങൾ നീണ്ടു നിന്ന പരിശ്രമങ്ങളുടെയും പരീക്ഷണങ്ങളുടെയും നവീകരണ പ്രക്രിയയുടെയും ഫലമായി രൂപീകൃതമായ സഭക്കെന്നും അഭിമാനിക്കാവുന്ന അടിസ്ഥാനപ്രമാണം ആയിരുന്നു.

ഇന്നും അത് അങ്ങനെതന്നെ നിലകൊള്ളുന്നു. നൂറ്റാണ്ടുകൾ നീണ്ട നവീകരണ ശ്രമങ്ങൾ

രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപൊരു സൂനഹദോസിലും ആരാധനാക്രമത്തെപ്പറ്റി പ്രമാണ രേഖകളൊന്നും ഉണ്ടായിട്ടില്ല. ആരാധനക്രമം കൗൺസിൽ പിതാക്കന്മാരുടെ ഔദ്യോഗിക ചർച്ചയുടെ വിഷയമായി ഭവിച്ചിരുന്നില്ലെന്നും ആരാധനക്രമം തർക്കമില്ലാത്ത വിഷയമായി ഔദ്യോഗിക നേതൃത്വത്തിന് മുൻപിൽ നിലനിന്നിരുന്നു എന്നുമാണ് അതിനർത്ഥം. എന്നാൽ വാർഷിക ധ്യാനം, നോമ്പുകാലാചരണം, എന്നിവക്കതീതമായി ഞായറാഴ്ച കടം തീർക്കാൻ പള്ളിയിൽ വന്നിരുന്ന വിശ്വാസികളെ എല്ലാ ആഴ്ചയും കൃത്യമായി തന്റെ ശ്രോതാക്കളായി പുരോഹിതൻ ലോകമെമ്പാടും ലഭിച്ചിരുന്നു എന്നത് ഇടവക വികാരിമാർ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യം ആയിരുന്നില്ല. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. പാശ്ചാത്യ നാടുകളിൽ ദേവാലയ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുമ്പോൾ ഗുണനിലവാരത്തിൽ വളരെ വർദ്ധനവുണ്ടായി എന്നുകൂടി പറയേണ്ടിയിരിക്കുന്നു. പക്ഷെ, എല്ലാ ഞായറാഴ്ചകളിലും ദേവാലയത്തിൽ എത്തിയിരുന്ന വിശ്വാസികളോട് അവർക്ക് മനസിലാകാത്ത ഭാഷയായ ലത്തീനിലോ സുറിയാനിയിലോ ഗ്രീക്കിലോ കുർബാന കണ്ടുകൊള്ളാനും തത്സമയം കൊന്തനമസ്ക്കാരമോ മറ്റോ ചൊല്ലിക്കൊല്ലാനും പറയുന്നത് അത്ര പന്തിയല്ലെന്ന് നൂറ്റാണ്ടുകൾക്കു മുൻപുതന്നെ പലർക്കും തോന്നിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിലും പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആകമാനവും ആരാധനാക്രമം നവീകരണ പ്രവണതകളും പരിശ്രമങ്ങളും ഉണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൽ ഇഗ്‌നാസ് ഹൈൻറിച്ചു ഫോൺ വെസെൻബെർഗ് (1774 -1860) ജർമ്മൻ ഭാഷയിൽ ആരംഭിച്ച വെസ്പര ഏറെ പ്രശംസ പിടിച്ചുപറ്റി. 1851 മുതൽ ഫ്രാൻസിലും 1893 മുതൽ ജർമ്മനിയിലും ഉടലെടുത്ത ആരാധനാക്രമം പ്രസ്ഥാനത്തിന്റെ (liturgical movement) ലക്ഷ്യങ്ങൾ 1947 -ലെ Mediator Dei എന്ന പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ ചക്രീയലേഖനത്തിൽ പ്രതിഫലിച്ചു. രനാദം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമം എന്ന പ്രമാണരേഖയിൽ അവ എന്നാൽ ഫലവത്തായി. ആദം മോതെർ (Adam Mother (1796 -1838), വാലന്റീൻ താൽഹോഫർ (Valentin Thalhofen (1825 -1891), അഡോൾഫ് ഫോൺ ഹാർണാക് Adolf von Harnach (1851 -1930), ആന്ദ്രേയാസ് യുങ്മാൻ (Andreas Jungmann (1889 -1975), റൊമാനൊ ഗുവാർഡിനി (Romano Guardini (1885 -1968) തുടങ്ങിയ ദൈവശാസ്ത്രജ്ഞരായിരുന്നു ആരാധനാക്രമ നവീകരണപ്രസ്ഥനത്തിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞർ.

ആരാധനക്രമം നവീകരണശ്രമങ്ങളുടെ നിർണ്ണായക വഴിത്തിരിവായത് വെസ്പരയുടെ ജർമ്മൻ പരിഭാഷക്കു ശേഷം ലത്തീനിലും മാതൃഭാഷയിലും അച്ചടിച്ച കുർബാനയുടെ ദ്വിഭാഷാക്രമം ഫ്രാൻസിലെ ഗുരങ്ങർ, 1913 മുതൽജർമനിയിലെ ബോയർൻ (Beuern ),1903 മുതൽ മരിയ ലാഖ്‌ (Maria Lach) തുടങ്ങിയ സ്ഥലങ്ങളിലും ആശ്രമങ്ങളിലും പ്രചരിച്ചു തുടങ്ങിയതാണ്. തുടർന്ന് ബെൽജിയം, ഹോളണ്ട്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും ആരാധനക്രമനവീകരണ ശ്രമങ്ങൾ ശക്തി പ്രാപിച്ചു. പരിശുദ്ധ സിംഹാസനത്തിൽ നിന്നും തെറ്റിദ്ധാരണകളും സംശയങ്ങളും വിമർശനങ്ങളും ആരംഭകാലത്തുണ്ടായി എന്ന് കൂടി ഈയവസരത്തിൽ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

ത്രെന്തോസ് സൂനഹദോസ് മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെയുള്ള കാലഘട്ടത്തെ ലോകത്തെല്ലായിടത്തും ഒരുപോലെ കുർബ്ബാന അർപ്പിക്കപ്പെട്ട ഏകീകരണബലിയുടെ കാലഘട്ടമെന്നു വിളിക്കാം.

റീത്തുകളുടെ വ്യത്യാസം മാത്രമേ ഈ കാലഘട്ടത്തിൽ നിലനിന്നിരുന്നുള്ളൂ. അതായത് ഒരേ റീത്തിൽപെട്ടവർ എല്ലായിടത്തും ഒരേപോലെ ബലിയർപ്പിച്ചു. എന്നാൽ ആരാധനാക്രമനവീകരണങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ഏറെ സജീവമായി. 1913 മുതലും 1921 മുതലും 1939 മുതലും ജർമ്മനിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ആരാധനക്രമം സംബന്ധിച്ച വ്യത്യസ്തങ്ങളായ മാസികകൾ ഇത്തരം ശ്രമങ്ങളുടെ ഫലങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിലും കൗൺസിൽ വഴിയും തുടർന്നും നിലവിൽ നന്ന ആരാധനാക്രമ പരിഷ്കരണങ്ങളുടെ മുന്നോടിയും ആയായിരുന്നു അവ. 1918 -ൽ റൊമാനൊ ഗുവാർഡിനി (Romano Guvardini ) പ്രസിദ്ധീകരിച്ച “ആരാധനാക്രമത്തിന്റെ ചൈതന്യം” എന്ന ഗ്രന്ഥം ആരാധനാക്രമണവീകരണരംഗത്തെ ക്‌ളാസിക്കായി ഇന്നും നിലകൊള്ളുന്നു.

1943-ൽ പാരിസിൽ പാസ്റ്ററൽ ലിറ്റർജിക്കൽ ഇന്സ്ടിട്യൂട്ടും 1947 -ൽ ജർമനിയിലെ ട്രിയറിൽ ലിറ്റർജിക്കൽ ഇൻസ്റ്റിട്യൂട്ടും സ്ഥാപിച്ചതുവഴി ആരാധനാക്രമ നവീകരണശ്രമങ്ങൾ ഊർജിതമായി. 1943 -ലെ Mistici Corporis എന്ന ചാക്രീയ ലേഖനവും 1947 -ലെ Mediator Dei എന്ന ചാക്രീയ ലേഖനവും ആരാധനാക്രമണവീകരണം പ്രോത്സാഹിപ്പിച്ചു. 1951 -മുതൽ ലത്തീൻ സഭയിൽ ഈസ്റ്റർ കുർബാന ശനിയാഴ്ച രാവിലേക്ക് പകരം ഞായറാഴ്ച ആക്കിയതും 1956 മുതൽ മുതൽ ഞായറാഴ്ചകളിൽ വൈകുന്നേരം കുർബാന അർപ്പിക്കാൻ അനുവാദം കൊടുത്തതും മാമ്മോദീസായും സ്ഥൈര്യലേപനവും മാതൃഭാഷയിൽ കൊടുക്കാൻ തുടങ്ങിയതും ആരാധനാക്രമണവീകരണപ്രസ്ഥാനക്കാരുടെ ആശയങ്ങൾ ഔദ്യോഗികമായി ആശീർവദിച്ചനുഗ്രഹിക്കുന്ന തീരുമാനങ്ങളായിരുന്നു. 1955 -ലെ ദേവാലയഗാനങ്ങളെക്കുറിച്ചുള്ള ചക്രീയ ലേഖനം നവീകരണത്തിനുള്ള മാർഗ്ഗനിര്ദേശങ്ങളായി ഭവിച്ചു. 1951 -ൽ ജർമ്മനിയിലെ മരിയ ലാഖിലും 1952 -ൽ ഫ്രാൻസിലെ ഒരു പ്രദേശമായ എൽസാസിലെ ഓടിലെൻബർഗ്ഗിലും 1953 -ൽ ഇറ്റലിയിലെ ലുഗാനോയിലും 1954 -ൽ ബൽജിയത്തെ ലുവായിനിലും 1956 -ൽ ഇറ്റലിയിലെ അസ്സീസ്സിയിലും 1958 -ൽ സ്‌പെയിനിലെ ബാഴ്സിലോണയ്ക്കടുത്തുള്ള മനോഹരമായ മൊണ്ടേസെറാത്ത് മലമുകളിൽ സ്ഥിതിചെയ്യുന്ന മൊണ്ടേസെറാത്ത് ആശ്രമത്തിലും 1960 -ൽ മ്യൂണിക്കിലും അന്തർദേശീയ ആരാധനക്രമം സമ്മേളനങ്ങൾ നടത്തുക വഴി ആരാധനാക്രമണവീകരണപ്രസ്ഥാനം അന്തർദേശീയ ആഭിമുഖ്യങ്ങൾ നേടുകയും നവീകരണ ശ്രമങ്ങളും പരീക്ഷണങ്ങളും പലയിടങ്ങളിലും ഫലവത്താകുകയും ചെയ്തു.

ആരാധനാക്രമ നവീകരണപ്രസ്ഥാനത്തിന് ഒന്നാം ലോകമഹായുദ്ധത്തിന് മുൻപും അതിനു ശേഷവും തനതായ ഭാവങ്ങളുണ്ടായിരുന്നു.

1956 സെപ്റ്റംബർ പതിനെട്ടു മുതൽ ഇരുപത്തിരണ്ടു വരെ പന്ത്രണ്ടാം പിയുസ് മാർപ്പാപ്പയുടെ എൺപതാം ജന്മദിനത്തോടനുബന്ധിച്ച നടന്ന ആരാധനക്രമ കോൺഗ്രസ്സിൽ 90 മെത്രാന്മാരും പന്ത്രണ്ട് ആബട്ടുമാരും ഉൾപ്പെടെ 1500 പേർ പങ്കെടുത്തത് ഒരു മഹാ സംഭവം ആയി. അതായത് രണ്ടാം വത്തിക്കാൻ കൗൺസിലിലെ ആരാധനക്രമം എന്ന പ്രമാണ രേഖ പെട്ടെന്നുണ്ടായ ഒരു അത്ഭുതപ്രതിഭാസമായിരുന്നില്ല. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു നവീകരണ പ്രക്രിയയുടെ ഔദ്യോഗികമായ ഒരു പ്രഖ്യാപനം മാത്രമായിരുന്നു

കമ്മീഷന്റെ നിയമനം മുതൽ പ്രമാണരേഖ വരെ

1960 ജൂൺ അഞ്ചാം തിയതിയാണ് Commisio de sacra liturgia രൂപീകരിച്ചത്. ജൂൺ ആറാം തിയതിയാണ് കമ്മീഷന്റെ നേതൃത്വം കർദിനാൾ ഗെറ്റാനോ സിക്കോജനി (Gaetano Cicogani) ക്കു നൽകിയത്. 1960 നവംബർ പന്ത്രണ്ടിന് ആരാധനാക്രമത്തിനുവേണ്ടിയുള്ള കംമീഷന്റെ അംഗസംഖ്യ ഇരുപത്തിമൂന്നായി ചിട്ടപ്പെടുത്തുകയും മുപ്പത്തിയാറ് ഉപദേശകരെ നിശ്ചയിക്കുകയും ചെയ്തു. പതിമൂന്ന് ഉപ കമ്മീഷനുകളും നിശ്ചയിച്ചു. 1961 ഏപ്രിൽമാസത്തിൽ ആരാധനാക്രമ കമ്മീഷൻ തങ്ങളുടെ ചില നിർദേശങ്ങൾ രൂപപ്പെടുത്തി. ഭാഷാപരമായ പ്രശ്നം തുടക്കത്തിലേ പ്രതിസന്ധിയുണ്ടാക്കി. ലത്തീൻ വിരോധികളാണ് കമ്മീഷന്റെ അംഗങ്ങളെന്ന് ചിലർ പ്രചരിപ്പിച്ചു. അതിലുപരി ആരാധനക്രമം പെസഹാ രഹസ്യത്തിലാണോ മനുഷ്യാവതാരരഹസ്യത്തിലാണോ അടിസ്ഥാനപ്പെടുത്തേണ്ടത് എന്ന തർക്കവും രൂപപ്പെട്ടു. 1962 ജനുവരി പതിനൊന്നു മുതൽ പതിമൂന്നു വരെ സമ്മേളിച്ച കമ്മീഷൻ മാതൃഭാഷയുടെ ഉപയോഗം, സമൂഹബലി, കുർബാന സ്വീകരണത്തിന്റെ ഇരു സാദൃശ്യങ്ങൾ, മെത്രാൻ സംഘത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾക്കുള്ള നിർദേശങ്ങൾ കൗൺസിലിന്റെ ചർച്ചക്കായി സമർപ്പിച്ചു. ഇത്തരം നിർദേശങ്ങളെ ഇഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളിലെയും റോമൻ കുരിയയിലെയും ഒരു പറ്റം മെത്രാന്മാർ എതിർത്തുവെങ്കിലും 2215 സഭാപിതാക്കന്മാരിൽ 2162 പേരുടെ പിന്തുണയോടെ തുടർപഠനങ്ങൾക്കും ചർച്ചക്കുമായി സ്വീകരിക്കപ്പെട്ടു. 1962 ഒക്ടോബർ ഇരുപത്തി എട്ടിന് ഇറ്റലിയിലെ മിലാന്റെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ മൊണ്ടിനി തന്റെ കത്തിലൂടെ ആരാധനക്രമം നവീകരണം ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം പോൾ ആറാമൻ മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടു.

1962 ഒക്ടോബർ ഇരുപത്തി രണ്ടിന് ആരംഭിച്ചു നവംബർ പതിമൂന്നിന് അവസാനിച്ച ചർച്ചകൾക്ക് ശേഷം 1962 നവംബർ പതിനാലിനാണ് ആദ്യത്തെ വോട്ടെടുപ്പ് നടന്നത്. 2192 സഭാപിതാക്കന്മാർ അനുകൂലിച്ചും നാല്പത്തി രണ്ടുപേർ പ്രതിനുകൂലിച്ചും വോട്ട് ചെയ്തു. ഏഴ് വോട്ടുകൾ അസാധുവായി. യഥാർത്ഥത്തിൽ പത്താം പിയുസ് മാർപ്പാപ്പ തുടങ്ങിവച്ച ആരാധനക്രമ നവീകരണമാണ് പന്ത്രണ്ടാം പിയുസ് മാർപ്പാപ്പ തുടരുന്നതും ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെ സാക്ഷാത്ക്കരിച്ചതും.

ആരാധനാക്രമഗ്രന്ഥങ്ങളുടെ നവീകരണം വിഷയമായപ്പോൾ അതിനായി അവതരിപ്പിക്കപ്പെട്ട വിഷയങ്ങളെ കർദിനാൾ ഒക്ടാവിനി എതിർത്തു. ദൃശ്യവും അദൃശ്യവുമായ സഭകളുടെ നിർവചനം വ്യക്തമല്ലെന്നും വിദഗ്ധരായ ദൈവശാസ്ത്രജ്ഞർ വിശദമായി പഠിച്ചശേഷം മാത്രം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നും വിശ്വാസ തിരുസംഘത്തിന്റെ തലവനായ ഇദ്ദേഹം ശഠിച്ചു. എന്നാൽ അതിന് വ്യത്യസ്തമായി കറുത്ത ആഫ്രിക്കയിൽനിന്നുള്ള ആദ്യത്തെ കർദിനാളും ടാൻസാനിയായുടെ തലസ്ഥാനമായ ദർ എസ് സലാമിന്റെ ആർച്ചുബിഷപ്പുമായിരുന്ന കർദിനാൾ റുഗാബുവ (Rugambwa ) ആഫ്രിക്കൻ മെത്രാന്മാരുടെ പ്രതിനിധിയായും മഡഗാസ്കയിലെ മെത്രാന്മാരും കമ്മീഷന്റെ നിർദേശങ്ങളെ അത്യാഹ്ലാദത്തോടെ സ്വാഗതം ചെയ്തു. ജനതകളുടെ പ്രതീക്ഷകൾ സഫലീകരിക്കത്തക്ക നവീകരണാഭിമുഖ്യങ്ങൾ അവയിൽ നിലനിൽക്കുന്നു എന്നായിരുന്നു അവരുടെ വാദം. അതായത് അവതരിപ്പിക്കപ്പെട്ട ദർശനങ്ങൾ അജപാലനാഭിമുഖ്യങ്ങൾ നിറഞ്ഞുനിൽക്കുന്നവയാണെന്ന് ഒരു ഭാഗവും സഭയുടെ ആന്തരിക ചൈതന്യം പ്രതിഫലിക്കാത്തത് എന്ന് മറുഭാഗവും വാദിച്ചു. ആരാധനക്രമം എന്ന പ്രമാണരേഖ ആരാധനാക്രമസംഗീതത്തിന്റെ വിശുദ്ധ സിസിലിയായുടെ തിരുനാൾ ദിനമായ 1963 നവംബർ ഇരുപത്തി രണ്ടിന് വോട്ടിനിട്ടപ്പോൾ പത്തൊൻപത് എതിർവോട്ടുകൾക്കും ഒരു അസാധുവിനും എതിരെ 2158 ഓട്ടുകൾക്കാണ് പാസായത്. 1963 ഡിസംബർ നാലാം തിയതി ത്രെന്തോസ്സ് സൂനഹദോസിന്റെ നാനൂറാം വാർഷികദിനത്തിൽ ആരാധനാക്രമത്തെ സംബന്ധിക്കുന്ന Sacrosantum concilium എന്ന ഡിക്രി നടപ്പാക്കിയപ്പോൾ 2147 സഭാപിതാക്കന്മാർ അനുകൂലിക്കുകയും നാലുപേർ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അതായത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രണ്ടാമത്തെ സമ്മേളനത്തിന്റെ അവസാനമാണ് ആരാധനക്രമം എന്ന പ്രമാണ രേഖ പാസ്സാക്കപ്പെട്ടത്. ഈ സമ്മേളനനത്തിന്റെ സമാപനത്തിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ പ്രധാന കാർമ്മികത്വത്തിൽ നവീകരിക്കപ്പെട്ട ആരാധനാക്രമപ്രകാരം കുർബാന അർപ്പിക്കപ്പെട്ടു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉദ്ഘാടനത്തിന് അർപ്പിക്കപ്പെട്ട കുർബാന എല്ലാ അർത്ഥത്തിലും കൗൺസിലിന് മുൻപത്തെ കുർബാന ആയിരുന്നു. അന്ന് ലത്തീൻ ഭാഷയിൽ കുർബാന അർപ്പിച്ച ഗ്രിഗോറിയൻ ഗായകസംഘം പാടിയ ആഘോഷമായ കുർബാന ആയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള കുർബാനനേരത്ത് കൗൺസിൽ പിതാക്കന്മാർ കാനോനനമസ്‌ക്കാരം ചൊല്ലുകയായിരുന്നു. അതായത് പുരോഹിതൻ അൾത്താരയിൽ ബലി അർപ്പിക്കുകയും അൾത്താരശുശ്രൂഷികൾ മറുപടിപ്രാർത്ഥനകൾ ഉരുവിടുകയും വിശ്വാസികൾ ദേവാലയത്തിലിരുന്ന് കൊന്ത ചൊല്ലുകയും ചെയ്തിരുന്ന രീതി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 2700 -ൽ പരം മെത്രാന്മാർ പങ്കെടുത്ത ആഘോഷമായ ഉത്ഘാടനവേളയിലും സംഭവിച്ചു. എന്നാൽ കൗണ്സിലിനുശേഷം ഉണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു.

മാതൃഭാഷയുടെ ഉപയോഗവും അനുരൂപണവും

ഇന്നത്തെ കുട്ടികൾ സുറിയാനിഭാഷയിലുള്ള കുർബാനയോ ലത്തീൻ ഭാഷയിലുള്ള കുർബാനയോ തുടർച്ചയായി കാണാനിടയായാൽ അത്തരമൊരു കുർബാനയിൽ ഭക്തിയോടെ പങ്കുകൊള്ളുമെന്ന് പറയാനാവില്ല. അവർക്ക് മനസിലാകുന്ന ഭാഷയും ആചാരങ്ങളും അവർ ന്യായമായും പ്രതീക്ഷിക്കും. പ്രാചീനഭാഷകളിലുള്ള ബലിയർപ്പണം ഇന്നും തുടർന്നിരുന്നുവെങ്കിൽ ബലിയർപ്പണത്തോടുള്ള മനോഭാവം തന്നെ വ്യത്യസ്തമാകുമായിരുന്നു. തങ്ങൾക്കു മനസിലാകാത്ത ദൈവികകാര്യങ്ങൾ നടക്കുന്നുവെന്ന് മനസിലാക്കി ഭയഭക്തിബഹുമാനങ്ങളോടെ ബലിയിൽ പങ്കെടുക്കുന്ന കുറേപ്പേരെ കണ്ടെത്തിയെന്നുവരാം. ഭൂരിപക്ഷം എന്നാൽ മറിച്ചാകാനാണ് സാധ്യത. അതായത് ദേവാലയം ബലിയർപ്പണവേളയിൽ ശൂന്യമാകാനുള്ള സാധ്യതയാണ് കാണുക.

പുരോഹിതസങ്കല്പവും രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം കുറെയെല്ലാം മാറി. കൗൺസിൽ കഴിഞ്ഞു അറുപതു വർഷങ്ങൾ കഴിയുമ്പോൾ പുരോഹിതസങ്കല്പം ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ സമൂലം പരിണമിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. പുരോഹിതൻ ശുശ്രൂഷകനും വചനപ്രോഘോഷകനും വിശുദ്ധ രഹസ്യങ്ങളുടെ പാരികാർമ്മികനും സമൂഹത്തിൽ ഇടയനുമാണ് എന്ന സങ്കൽപം ഏറെ പ്രബലമായി. ത്രെന്തോസ് സൂനഹദോസിനു ശേഷം പുരോഹിതൻ ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളുടെ എണ്ണം റോമൻ ആരാധനാക്രമത്തിൽ കൂടിക്കൂടി വന്നു. സങ്കീർത്തിയിൽ, സങ്കീർത്തിയിൽ നിന്നും അൾത്താരയിലേക്ക് നടക്കുമ്പോൾ, അൾത്താരചുംബന നേരത്ത് എന്നുവേണ്ട അന്നത്തെ നിരവധി പ്രാർത്ഥനകളും കർമ്മങ്ങളും കാണുമ്പോൾ അനുഷ്ഠാനങ്ങളും അവയോടനുബന്ധിച്ചുള്ള പ്രാർത്ഥനയുമായി ആരാധനാക്രമം തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നിപ്പോകും. വിശ്വാസികൾക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും മനസ്സിലായില്ലെന്ന് കരുതി പ്രശ്നമൊന്നും ഇല്ലായെന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്താനും പലരും ശ്രമിച്ചു.

കലയും സംസ്ക്കാരവും മാറിയാലും അനുഷ്ഠാനവിധിയും ആരാധനാഭാഷയും മതങ്ങളിൽ സാധാരണ മാറാറില്ല. ഹിന്ദുമതവിശ്വാസികൾ സംസ്കൃതത്തിലും മുസ്ലീമുകൾ അറബിഭാഷയിലും പ്രാർത്ഥിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽവരെ കത്തോലിക്കാ സഭയിൽ ലത്തീൻ, സുറിയാനി, ഗ്രീക്ക് തുടങ്ങിയ പ്രാചീന ഭാഷകളായിരുന്നു ആരാധനാഭാഷ. ലത്തീൻ കത്തോലിക്കർ ലോകമെമ്പാടും ഒരേ ഭാഷയിൽ കുർബാന അർപ്പിച്ചിരുന്നപ്പോൾ ഏത് വിദേശത്തായിരുന്നാലും വിശ്വാസികൾക്ക് ഒരേ കുർബാനയനുഭവം ഉണ്ടാകുമായിരുന്നു. പക്ഷെ, മാതൃഭാഷ ആരാധനാഭാഷ ആയതോടെ ബലിയർപ്പിക്കുന്ന സമൂഹം ബലിയിൽ സജീവപങ്കാളികളും യഥാർത്ഥ ബലിയർപ്പക്കാരും ആയി അനുഭവപ്പെട്ടു. ബലി അവരുടേതായി. അവരുടെ ജീവനും ജീവിതവും വ്യഥകളും ആകുലതകളും പ്രതീക്ഷകളും സങ്കടങ്ങളും സന്തോഷവും നന്ദിയുമെല്ലാം കർത്താവിന്റെ അർപ്പണത്തോടൊത്ത് അൾത്താരക്കൽ എത്തിക്കാൻ സൗകര്യമുണ്ടായി. പുരോഹിതൻ ബലിരഹസ്യങ്ങൾ ഒറ്റക്കു അർപ്പിക്കുകയും അനുഭവിക്കുകയും അല്ല, മറിച്ചു ദിവ്യബലി എന്ന സങ്കല്പം അഥവാ അറിവ് ആരാധനാക്രമണവീകരണത്തിലൂടെ സംജാതമായി. എന്നാൽ മാതൃഭാഷയുടെ ഉപയോഗത്തിലൂടെ വിശ്വാസികൾക്ക് കുർബാനയുടെ സ്വന്തം ബലിയർപ്പണം സാധ്യമായിരുന്നിട്ടും പുരോഹിതൻ ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളായും പുരോഹിതന്റെ അനുഷ്ഠാനങ്ങളായും ബലിയർപ്പണം തരം താണാൽ കുർബാനയർപ്പണത്തിന്റെ മാതൃഭാഷയിലേക്കുള്ള വ്യതിയാനം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് പറയാതെ വയ്യ. അത്തരം സാഹചര്യത്തിൽ ഹിന്ദുക്കളെപ്പോലെ പുരാതന ഭാഷ ആരാധനാഭാഷയായി നിലനിർത്തുന്നതായിരുന്നു നല്ലത്. മറിച്ച്‌ ബലിയർപ്പണം അർപ്പകരുടെയെല്ലാം യഥാർത്ഥമായ ജീവിതബലിയർപ്പണത്തിന്റെ അനുഭവമായി ബോദ്ധ്യപ്പെടണം.

രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ നിലനിന്നിരുന്ന കുർബാന കൈക്കൊള്ളുന്നവരും കുർബാന ചൊല്ലുന്ന വൈദികനും പാതിരാത്രിമുതൽ അന്ന് കുർബാന കഴിയുന്നതുവരെ ഉപവസിക്കണമെന്ന നിയമം ഇല്ലാതായതും കൂടുതൽ അവസരോചിതമായ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളിക്കാൻ സ്വാതന്ത്ര്യം കിട്ടിയതും ആരാധനാക്രമത്തെ കൂടുതൽ അര്ഥവത്താക്കാൻ സഹായിച്ചു. ഇന്ന് ജർമ്മനിപോലുള്ള വികസിതരാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും യുവാക്കൾക്കും വൃദ്ധർക്കും രോഗികൾക്കും മറ്റുമുള്ള ചില പ്രത്യേക അവസരങ്ങളിൽ അർപ്പിക്കപ്പെടുന്നത് വ്യത്യസ്തവും അനുഭവ സമ്പന്നവും വളരെ വിലമതിക്കപ്പെടുന്നതുമാണെന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. ആരാധനാക്രമത്തിലെ കൃത്യത ഇല്ലായ്മയും ഭാഷാശുദ്ധിയുടെ കുറവും ദൈവശാസ്ത്രപരമായ ശുഷ്ക്കതയും കാലോചിതമായ അനുരൂപണമില്ലായ്മയുമൊക്കെ മനസുവച്ചാൽ ഇന്നും എല്ലായിടത്തും പരിഹരിക്കാവുന്നതേയുള്ളൂ. ചില റീത്തുകളിലെങ്കിലും ഇപ്പറഞ്ഞ കുറവുകൾ ആരാധനാക്രമത്തെ അരോചകമാക്കിയിട്ടുണ്ട്.

പോൾ ആറാമൻ മാർപ്പാപ്പയും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും അര്രധനാക്രമണവീകരണപ്രസ്ഥാനങ്ങളോടും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമ പരിഷ്കരണത്തോടും ഏറെ ഭാവാത്മകമായി പ്രതികരിച്ചു. ആരാധനക്രമ പരിഷ്കരണം കലർപ്പില്ലാത്തതാകണമെന്ന സന്ദേശം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തന്റെ “ആരാധനാക്രമത്തിന്റെ അരൂപി” എന്ന ഗ്രന്ഥത്തിലൂടെ നൽകുന്നുണ്ട്. 2005 ഓഗസ്റ് ഇരുപത് ഇരുപത്തി ഒന്ന് തീയതികളിൽ ജർമ്മനിയിലെ കൊളോണിൽ മരിയൻ മൈതാനത്തു ലോക യുവജന സമ്മേളനത്തിൽ തികച്ചും ആധുനികവും യുവജനത്തിന് ഹൃദ്യവുമായ രീതിയിൽ ബലിയർപ്പിച്ച പരിഷ്ക്കരവും നവീകരണവും തുടരുന്നതിന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്വമാതൃകയിലൂടെ സ്ലാഹിക്കുന്നുണ്ട്. 1960 -ൽ മ്യൂണിക്കിൽ വച്ച് നടന്ന ദിവകാരുണ്യകോൺഗ്രസ്സിൽ വച്ച് മദ്ധ്യസ്ഥ പ്രാർത്ഥന, വായന എന്നിവ മാതൃഭാഷയിൽ നടത്തിയും കാഴ്ച സമർപ്പണവും സമാധാനനാശംസയും ആഘോഷമാക്കിയും ദിവ്യകാരുണ്യസ്വീകരണത്തിന് ദിവ്യബലിയിൽ പങ്കുകൊണ്ടവരെയെല്ലാം ഔദ്യോഗികമായി ക്ഷണിച്ചും വരാനിരിക്കുന്ന ആരാധനാക്രമണവീകരണത്തിന്റെ ഒരു മുന്നാസ്വാദനം നൽകുകയുണ്ടായി.

ആരാധനാക്രമത്തെക്കുറിയിച്ചുള്ള പ്രമാണരേഖയുടെ സാദ്ധ്യതകളും അത് വിഭാവന ചെയ്യുന്ന ആഘോഷാത്മകതയും ഇനിയും ഇന്ത്യയിൽ വേണ്ടവിധം പ്രാവർത്തികമാക്കപ്പെട്ടിട്ടില്ല.

ജർമ്മനിപോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ആരാധനക്രമം കേരളത്തിലേതിനേക്കാളേറെ ആഘോഷപരവും സജീവവും അനുദിനജീവിതത്തിന്റെ വിശ്വാസാനുഭത്തിന്റെ പ്രഖ്യാപനവുമാണ്. എഴുതിവക്കപ്പെട്ട പ്രാർത്ഥനകൾ ചൊല്ലിത്തീർക്കുക എന്നതിലുപരി ആരാധനക്രമം അനുഭവവും അനുദിനജീവിത സമർപ്പണത്തിന്റെ പ്രതീകവും പ്രതിഫലനവുമായി മാറണം.

കർത്താവിന്റെ ജീവിതബലിയുടെ അനുഭവവും സ്വന്തം ബലിയർപ്പണത്തിന്റെ കേന്ദ്രവിഷ്ക്കാരവുമായി മാറണം കുർബാനയർപ്പണം.

രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് അറുപതു വർഷങ്ങൾ തികയുമ്പോഴും പുരാതനമായ ആരാധനാക്രമം മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്തു എന്നതൊഴിച്ചാൽ ആരാധനാക്രമത്തിന്റെ ചൈതന്യം കേരളസഭയിൽ കാര്യമായി പ്രകടമായിട്ടില്ല.

ആരാധനാക്രകാര്യത്തിൽ തർക്കവും നിർബന്ധിതബുദ്ധിയും നിലനിൽക്കുന്നത് ആദ്ധ്യാൽമികതയുടെ പാപ്പരത്തമാണ് വെളിവാക്കുന്നത്. കർത്താവിന്റെ സ്നേഹം അനുഭവിക്കുന്നവർക്കും ജീവിക്കുന്നവർക്കും ഒരുകാര്യത്തിലും തീവ്രവാദി ആകാൻ കഴിയില്ല. അഥവാ അവൻ തീവ്രവാദി ആയാൽ സ്നേഹത്തിന്റെ തീവ്രവാദി ആകാനെ അവനു കഴിയു. സ്വയം മറ്റുള്ളവർക്കായി കത്തിയെരിയുന്ന തീവ്രമായ സ്നേഹത്തിന്റെ സാക്ഷി.

ഫാ .ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400